കഴിഞ്ഞ പാർലമെന്റിലുണ്ടായിരുന്നതിന്റെ ഇരട്ടിയായാണ് ഓസ്ട്രേലിയൻ പാർലമെന്റിലെ ഏഷ്യൻ വംശജരുടെ എണ്ണം ഉയർന്നത്.
കഴിഞ്ഞ പാർലമെന്റിൽ മൂന്നു പേരായിരുന്നു ഏഷ്യൻ വംശജർ. ഇത്തവണ അത് ആറായി ഉയർന്നിട്ടുണ്ട്.
ലേബർ പാർട്ടിയിൽ നിന്ന് അഞ്ചു പേരും, ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുമാണ് വിജയിച്ചിരിക്കുന്നത്.
പെർത്തിലെ മൂർ സീറ്റിൽ നിലവിൽ ലിബറൽ എം പിയായ ഇയാൻ ഗൂഡെനോ ഇപ്പോഴും വിജയത്തിനായി പോരാടുകയാണ്. ഗൂഡെനോ ജയിക്കുകയാണെങ്കിൽ ഏഷ്യൻ വംശജരുടെ എണ്ണം ഏഴായി ഉയരും.
സിഡ്നിയിലെ ഫൗളർ സീറ്റിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥി ഡായ് ലെ, ലേബർ പാർട്ടിയെ പ്രതിനിധീകരിച്ച് പെർത്തിലെ ടാഗ്നിയിൽ നിന്ന് സാം ലിം, മെൽബണിലെ ഹിഗ്ഗിൻസിൽ നിന്ന് മിഷേൽ ആനന്ദ-രാജ, പെർത്തിലെ സ്വാനിൽ നിന്ന് സാനെറ്റ മസ്കരാനസ്, സിഡ്നിയിലെ റീഡിൽ നിന്ന് സാലി സിറ്റോ, മെൽബണിലെ ഹോൾട്ടിൽ നിന്ന് കസാന്ദ്ര ഫെർണാണ്ടോ എന്നിവരാണ് വിജയം ഉറപ്പിച്ചത്.
ഇതിൽ രണ്ടു പേർ ശ്രീലങ്കൻ വംശജരാണ്. മിഷേൽ ആനന്ദ-രാജയും, കസാന്ദ്ര ഫെർണാണ്ടോയും.
നിലവിലെ സഭയിൽ ഉണ്ടായിരുന്ന രണ്ട് ഏഷ്യൻ വംശജർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. രണ്ടും ലിബറൽ എം പിമാരായിരുന്നു.
സിഡ്നിയിലെ വെന്റ്വർത്തിൽ നിന്നുള്ള ദേവ് ശർമ്മ, മെൽബണിലെ ചിഷം സീറ്റിൽ നിന്നുള്ള ഗ്ലാഡിസ് ലിയു എന്നിവർ.
ഓസ്ട്രേലിയൻ പാർലമെന്റിന്റെ ജനപ്രതിനിധി സഭയിലേക്ക് എത്തിയിരുന്ന ആദ്യ ഇന്ത്യൻ വംശജനായിരുന്നു ദേവ് ശർമ്മ.
മുൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ രാജിവച്ചപ്പോൾ, ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് പാർലമെന്റിലെത്തിയ ദേവ് ശർമ്മ, 2019ലും വിജയം ആവർത്തിച്ചിരുന്നു.

Source: AAP
സ്വതന്ത്ര സ്ഥാനാർത്ഥിയായ അല്ലെഗ്ര സ്പെൻഡറാണ് വെന്റ്വർത്തിൽ ദേവ് ശർമ്മയെ തോൽപ്പിച്ചത്.
മതിയായ പ്രാതിനിധ്യമോ?
151 അംഗ ജനപ്രതിനിധി സഭയിൽ, 5.3 ശതമാനമാണ് ഏഷ്യൻ വംശജരുടെ എണ്ണം. കഴിഞ്ഞ സഭയിൽ 3.3 ശതമാനമായിരുന്നു.
ഓസ്ട്രേലിയൻ ജനസംഖ്യയിൽ 16 ശതമാനത്തോളം ഏഷ്യൻ വംശജരുള്ളപ്പോൾ, മതിയായ പ്രാതിനിധ്യം ഇനിയും പാർലമെന്റിലില്ലെന്ന് ഏഷ്യൻ ഓസ്ട്രേലിയൻ അലയൻസ് എന്ന സംഘടനയുടെ സ്ഥാപകനായ എറിൻ ച്യൂ ചൂണ്ടിക്കാട്ടി.
ന്യൂസിലന്റിലെ എം പിമാരിൽ അഞ്ചു ശതമാനവും, കാനഡയിൽ 10 ശതമാനവും ഏഷ്യൻ വംശജരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടുതൽ ലിബറൽ സ്ഥാനാർത്ഥികൾ, ജയം കൂടുതൽ ലേബർ
ലിബറൽ പാർട്ടിയാണ് തെരഞ്ഞെടുപ്പിൽ കൂടുതൽ ഏഷ്യൻ വംശജരെ സ്ഥാനാർത്ഥികളാക്കിയത്. 20 പേരെ.
എന്നാൽ ഇവരിൽ ആരും തന്നെ വിജയിച്ചിട്ടില്ല. ഇയാൻ ഗൂഡെനോ മാത്രമാണ് വിജയസാധ്യതയുള്ള ലിബറൽ സ്ഥാനാർത്ഥി.
ലേബർ ഒമ്പത് ഏഷ്യൻ വംശജരെയാണ് സ്ഥാനാർത്ഥികളാക്കിയത്. ഇതിൽ അഞ്ചു പേർ ജയിച്ചു.
പെർത്തിലെ ടാൻഗ്നി സീറ്റിൽ നിന്ന് ജയിച്ച സാം ലിമ്മിന്റേതായിരുന്നു ഏറ്റവും വലിയ അട്ടിമറി. ലിബറലിന് 9.5 ശതമാനം മാർജിൻ ഉണ്ടായിരുന്ന സീറ്റാണ് സാം ലിം പിടിച്ചെടുത്തത്.
വിജയസാധ്യതയുള്ള സീറ്റുകളിൽ ഏഷ്യൻ വംശജർക്ക് പ്രമുഖ പാർട്ടികൾ അവസരം നൽകാറില്ല എന്ന വിമർശനം മുമ്പും ഉയർന്നിട്ടുണ്ട്.