ലോകത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് പടരുന്ന കൊറോണവൈറസ് ബാധിച്ച് ചൈനയിൽ ഇതിനോടകം 25 പേർ മരണമടഞ്ഞു. ലോകത്താകെ 850 പേരിൽ രോഗം ബാധിച്ചതായാണ് റിപ്പോർട്ടുകൾ.
ശ്വാസകോശത്തെ ബാധിക്കുന്ന ഈ വൈറസ് ബാധിച്ചുവെന്ന സംശയത്തെത്തുടർന്ന് കഴിഞ്ഞ ദിവസം ബ്രിസ്‌ബൈനിൽ ഒരാൾ നിരീക്ഷണത്തിലായിരുന്നു.
പിന്നീട് ഇയാൾക്ക് രോഗലക്ഷണങ്ങൾ ഇല്ലെന്ന് ക്വീൻസ്ലാൻറ് ആരോഗ്യ വകുപ്പ് അറിയിക്കുകയും മാറ്റിപ്പാർപ്പിച്ചിരുന്ന ഇയാളെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് കുറഞ്ഞത് ആറ് പേർക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോ എന്ന് സംശയം തോന്നിയിരിക്കുന്നത്. ഇതേത്തുടർന്ന് ന്യൂ സൗത്ത് വെയിൽസിൽ നാല് പേരെയും ക്വീൻസ്‌ലാന്റിൽ രണ്ട് പേരെയും പരിശോധനകൾക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
എന്നാൽ സ്വകാര്യത കണക്കിലെടുത്ത് ഇവർ താമസിക്കുന്ന പ്രദേശങ്ങളുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചാൽ പൊതുജനങ്ങളെ അറിയിക്കുമെന്ന് NSW ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു.
ഓസ്‌ട്രേലിയയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.
കൊറോണവൈറസ് ഓസ്‌ട്രേലിയയിൽ എത്തുന്നത് തടയാൻ വിമാനത്താവളങ്ങളിൽ കർശന പരിശോധനകൾ നടക്കുന്നുണ്ട്.
അതേസമയം ചൈനയിൽ രോഗം കണ്ടുപിടിച്ച ഹുബെയ് പ്രവിശ്യയിലെ വുഹാൻ നഗരം ഉൾപ്പെടെ എട്ട് നഗരങ്ങൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. Huanggang, Ezhou, Chibi, Qianjiang, Zhijiang, Jingmen, Xiantao എന്നീ നഗരങ്ങളാണ് അടച്ചത്.
7.5 മില്യൺ ആളുകൾ പാർക്കുന്ന വുഹാനിൽ പൊതുഗതാഗത സംവിധാനങ്ങളും നിർത്തലാക്കിയിരിക്കുകയാണ്.
ചൈനീസ് പുതുവർഷമായ ലൂണാർ ന്യൂ ഇയർ സമയമായതിനാൽ നൂറുകണക്കിന് പേർ ചൈനയിലെ നഗരങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധ്യതയുണ്ട്. ഇത് മൂലം കൂടുതൽ പേരിലേക്ക് രോഗം പടരുമോ എന്ന ആശങ്കയിലാണ് അധികൃതർ.
വുഹാനിൽ നിന്ന് ആഴ്ചയിൽ മൂന്ന് വിമാനങ്ങളാണ് സിഡ്‌നിയിൽ എത്താറുള്ളത്. എന്നാൽ നഗരം അടച്ചിട്ടതോടെ അവസാന വിമാനം വ്യാഴാഴ്ച എത്തുകയും ഇതിലെ യാത്രക്കാരെയെല്ലാം പരിശോധനക്ക് വിധേയരാക്കുകയും ചെയ്തിരുന്നു.
ചൈനയിലെ വുഹാൻ നഗരത്തിൽ ഡിസംബർ മുതലാണ് പകർച്ചവ്യാധിയായ കൊറോണവൈറസ് പടർന്നു പിടിച്ചത്.
വിവിധ ഏഷ്യൻ രാജ്യങ്ങൾക്ക് പുറമെ അമേരിക്കയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വാഷിംഗ്ടണിലുള്ള ആൾക്കാണ് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.
നിയമവിരുദ്ധമായി വന്യജീവികളെ വിറ്റഴിച്ചിരുന്ന ചൈനയിലെ ഒരു മാർക്കറ്റിൽ നിന്നാണ് കൊറോണവൈറസ് എന്ന മാരകമായ പകർച്ചവ്യാധി പടർന്നതെന്നാണ് സംശയിക്കുന്നത്.