പെർത്തിലെ കാനിങ് വെയ്ലിലുള്ള കഫെ മാരിക്ക എന്ന ഇന്ത്യൻ റെസ്റ്റോറന്റിനാണ് ആരോഗ്യ വകുപ്പ് പിഴ ചുമത്തിയത്.
വളർത്തുമൃഗങ്ങൾക്കുള്ള മാംസം എന്നെഴുതിയ ബാഗിലുള്ള ഇറച്ചി റെസ്റ്റോറന്റ് ഉടമ കോപികിരൺ കൃഷ്ണസ്വാമി ഉപയോഗിക്കുന്നതായി ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. മനുഷ്യന് കഴിക്കാൻ യോജ്യമല്ല എന്നെഴുതിയ ബാഗിലായിരുന്നു ഈ മാംസം.
ഇതേതുടർന്ന് ഫുഡ് ആക്ട് ലംഘനത്തിന് കഫെ ഉടമ കോപികരൺ കൃഷ്ണസ്വാമിക്കും കഫെ മാരിക്ക എന്ന പേരിൽ പ്രവർത്തിക്കുന്ന കലൈമുത്തം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കുമെതിരെ 12,000 ഡോളർ പിഴ ഈടാക്കി.
ഇതിനു പുറമെ റെസ്റ്റോറന്റിലേക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നിടത്ത് വളർത്തുമൃഗങ്ങൾക്കുള്ള മാംസം കൈകാര്യം ചെയ്തതിനു 1382.30 ഡോളറും ഈടാക്കി.
എന്നാൽ ഈ പ്ലാസ്റ്റിക് ബാഗിൽ ആട്ടിറച്ചി ആയിരുന്നു സൂക്ഷിച്ചിരുന്നതെന്നും ഇംഗ്ലീഷ് ഭാഷ വശമില്ലാതിരുന്ന ഷെഫിനു ഇതിനു മേൽ എഴുതിയിരുന്നത് വായിക്കാൻ കഴിയാഞ്ഞതാണ് ഇതിനു കാരണമായതെന്നും കഫെ വക്താവ് ന്യായീകരിച്ചു.
തങ്ങൾക്ക് മാംസം എത്തിച്ചിരുന്ന സപ്ലൈയറുടെ കൈയിലുണ്ടായ തെറ്റാണെന്നും, ആ സപ്ലൈയറിൽ നിന്ന് ഇറച്ചി വാങ്ങുന്നത് നേരത്തേ തന്നെ അവസാനിപ്പിച്ചെന്നും കഫെ ഉടമ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടു.