എല്ലാവർക്കും കഴിക്കാവുന്ന ഇറച്ചി എന്ന പരസ്യവാചകവുമായി മീറ്റ് ആൻറ് ലൈവ് സ്റ്റോക്ക് ഓസ്ട്രേലിയ പുറത്തിറക്കിയ പരസ്യ വീഡിയോയാണ് വിവാദമായിരിക്കുന്നത്.
വിവിധ മതവിഭാഗങ്ങളുടെയും വിശ്വാസവിഭാഗങ്ങളുടെയും ദൈവങ്ങളും പ്രവാചകരുമെല്ലാം ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്ന തരത്തിലാണ് വീഡിയോ. ഇക്കൂട്ടത്തിലാണ് ഗണപതിയുടെ രൂപവുമുള്ളത്.
എല്ലാ വിശ്വാസത്തിലുള്ളവർക്കും കഴിക്കാവുന്ന തരത്തിലാണ് പരസ്യമെന്നും ആരെയും മോശമായി ചിത്രീകരിച്ചിട്ടില്ല എന്നുമാണ് മീറ്റ് ആൻറ് ലൈവ് സ്റ്റോക്ക് ഓസ്ട്രേലിയ അവകാശപ്പെടുന്നത്. എന്നാൽ ഇത് തങ്ങളുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു എന്ന ആരോപണവുമായി പലരും രംഗത്തെത്തിക്കഴിഞ്ഞു.
പരസ്യത്തോടുള്ള പ്രതിഷേധമായി ആട്ടിറച്ചി കഴിക്കുന്നത് തന്നെ അവസാനിപ്പിക്കണം എന്നാണ് പലരും ആഹ്വാനം ചെയ്തിരിക്കുന്നത്.
പരസ്യം പിൻവലിക്കണമെന്ന് ഹിന്ദു കൗൺസിൽ ഓസ്ട്രേലിയയും ആവശ്യപ്പെട്ടു.