ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന പല മലയാളികളും മക്കള്‍ക്ക് ഓസ്‌ട്രേലിയന്‍ ശൈലിയിലുള്ള പേരുകളാണ് നല്‍കുന്നത് എന്ന് അടുത്ത കാലത്ത് എസ് ബി എസ് മലയാളം നടത്തിയ ഒരു അന്വേഷണത്തില്‍ മനസിലായിരുന്നു.
സ്‌കൂളുകളിലെ കളിയാക്കല്‍ കുറയ്ക്കാന്‍ മുതല്‍, ഭാവിയിലെ ജോലി സാധ്യത കൂട്ടുന്നതു വരെ മനസില്‍ കണ്ട് ഇങ്ങനെ ഓസ്‌ട്രേലിയന്‍ പേരുകള്‍ നല്‍കുന്നവരുണ്ട്.
എന്നാല്‍ ഇവിടേക്ക് കുടിയേറുന്ന ഒരാള്‍ക്ക് പേരില്‍ മാറ്റം വരുത്തണമെന്ന് തോന്നിയാലോ? അല്ലെങ്കില്‍ ഇവിടെ ജനിച്ച് ഒരാള്‍ക്ക് പേരു മാറ്റണമെങ്കില്‍?
അതേക്കുറിച്ചാണ് എസ് ബി എസ് മലയാളം ഇവിടെ നോക്കുന്നത്.
18 വയസ്സ് പൂര്‍ത്തിയായ ഏതൊരു ഓസ്‌ട്രേലിയൻ പൗരനും പെര്‍മനന്റ് റെസിഡന്റിനും ഇവിടെ പേരു മാറ്റാന്‍ കഴിയും. ജനന-മരണ-വിവാഹ രജിസ്ട്രി വഴിയാണ് ഇതു ചെയ്യേണ്ടത്.
ജനിച്ചത് ഓസ്‌ട്രേലിയയിലാണെങ്കില്‍
ഏത് സംസ്ഥാനത്താണോ നിങ്ങൾ ജനിച്ചത് അവിടുത്തെ ജനന-മരണ-വിവാഹ രജിസ്ട്രിയിലോ, അല്ലെങ്കില്‍ ഇപ്പോൾ താമസിക്കുന്ന സംസ്ഥാനത്തെ രജിസ്ട്രിയിലോ അപേക്ഷ നൽകാവുന്നതാണ്.
ജനന സര്‍ട്ടിഫിക്കറ്റിനൊപ്പം, ആ സംസ്ഥാനത്ത് ഏതു കാലയളവില്‍ ജീവിച്ചു എന്നു തെളിയിക്കുന്നതിനുള്ള രേഖയും ഹാജരാക്കണം. പേരു മാറ്റുന്നതിന്റെ വ്യക്തമായ കാരണവും അറിയിക്കേണ്ടി വരും.
കുടിയേറിയവര്‍ക്കും പേര് മാറ്റാം
വിദേശത്താണ് ജനിച്ചതെങ്കിലും ഇവിടെ പേര് മാറ്റാൻ നിയമപരമായി അനുവാദമുണ്ട്.
ഭൂരിഭാഗം സംസ്ഥാനങ്ങളിലും 12 മാസമെങ്കിലും ജീവിച്ചുകഴിഞ്ഞാലേ പേരു മാറ്റാന്‍ കഴിയൂ. ചില സംസ്ഥാനങ്ങളില്‍ അതിലും കൂടുതലാണ് കാലാവധി.
അത് തെളിയിക്കുന്നതിനായി യൂട്ടിലിറ്റി ബില്ലുകള്‍, പണമിടപാട് നടത്തിയതിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍ തുടങ്ങിയ രേഖകള്‍ സമര്‍പ്പിക്കണം.
2_documents_-_aap.jpg?itok=EbmHdM3o&mtime=1474414491
കുട്ടികളുടെ പേര് മാറ്റാൻ:
പതിനെട്ട് വയസ്സിൽ താഴെ പ്രായമുള്ള കുട്ടിയുടെ പേരിൽ രക്ഷിതാക്കൾക്ക് മാറ്റം വരുത്താൻ അനുവാദമുണ്ട്. എന്നാൽ 12 വയസ്സിന് മേലാണ് കുട്ടിയുടെ പ്രായമെങ്കിൽ ഇതിന് കുട്ടിയുടെ സമ്മതം കൂടി ആവശ്യമാണ്. ഇതിനായി കുട്ടി സമ്മതം നൽകുന്ന കൺസെന്റ് ഫോം കൂടി പൂരിപ്പിച്ച് അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ടതുണ്ട്.
12 വയസ്സിൽ താഴെയാണ് കുട്ടിയുടെ പ്രായമെങ്കിൽ രക്ഷിതാക്കൾ രണ്ട് പേരും അപേക്ഷ പൂരിപ്പിക്കണം. അപേക്ഷക്കൊപ്പം കുട്ടിയുടെ നിലവിലെ പേര്, ജനന തീയതി, പേര് മാറ്റുന്നതിന്റെ കാരണം തുടങ്ങിയവ ഉൾപ്പെടുത്തിയ രേഖകൾ നൽകണം. ഇതുപോലെ വിദേശത്ത് ജനിച്ച കുട്ടിയുടെയും പേര് ഇവിടെ മാറ്റാൻ കഴിയും.
പേര് മാറ്റാൻ ഓരോ സംസ്ഥാനത്തെയും നിയമങ്ങളിൽ നേരിയ വ്യത്യാസമുണ്ട്.
വിക്ടോറിയയിൽ മൂന്ന് തവണ പേര് മാറ്റാം:
വിക്ടോറിയയ്ക്ക് പുറത്ത് അതായത് ഓസ്‌ട്രേലിയയുടെ മറ്റ് സംസ്ഥാനങ്ങളിലോ ടെറിട്ടറിയിലോ ആണ് ജനിച്ചതെങ്കിൽ വിക്ടോറിയയിൽ 12 മാസമെങ്കിലും താമസിച്ചിരിക്കണം എന്നതാണ് വ്യവസ്ഥ. അതിന്റെ രേഖകളും ഹാജരാക്കേണ്ടി വരും.
വര്ഷത്തിൽ ഒരിക്കലും, ജീവിതത്തിൽ ആകെ മൂന്ന് തവണയും മാത്രമേ പേര് മാറ്റാൻ വിക്ടോറിയ അനുവാദം നൽകുന്നുള്ളൂ.
ഒരാളുടെ പേര് അഥവാ ഫസ്റ്റ് നെയിമിനൊപ്പം, കുടുംബപ്പേരോ (സര്‍നെയിം), മിഡല്‍ നെയിമോ മാറ്റണമെങ്കില്‍ ക്രെഡിറ്റ് ഹിസ്റ്ററി കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടാതെ, ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളും ഹാജരാക്കണം.
ജനന സർട്ടിഫിക്കറ്റ് ഇല്ലാത്ത പക്ഷം ഇതിന്റെ കാരണങ്ങൾ ബോധിപ്പിച്ചു കൊണ്ടുള്ള സ്റ്റാറ്റ്യൂട്ടറി ഡിക്ലറേഷൻ കൂടി നൽകേണ്ടതാണ്.
പുതിയ പേര് അടങ്ങിയ സർട്ടിഫിക്കറ്റ് ലഭിക്കാൻ 110.50 ഡോളറാണ് ഫീസ്. 20 ദിവസം കൊണ്ട് ഈ സർട്ടിഫിക്കറ്റ് ലഭ്യമാകും.
ന്യൂ സൗത്ത് വെയിൽസ് :
18 വയസ്സിന് മേൽ പ്രായമായ ന്യൂ സൗത്ത് വെയിൽസിൽ ജനിച്ചവർക്ക് നിയമപരമായി ഇവിടെ പേര് മാറ്റാൻ കഴിയും. എന്നാൽ മറ്റ് വിദേശ രാജ്യങ്ങളിൽ ജനിച്ചവർക്ക് പേര് മാറ്റണമെങ്കിൽ ന്യൂ സൗത്ത് വെയിൽസിൽ മൂന്ന് വര്ഷം താമസിച്ചിരിക്കണം. ഇത് തെളിയിക്കുന്ന രേഖകളും അപേക്ഷക്കൊപ്പം ഹാജരാക്കേണ്ടതുണ്ട്.
ജനന, മരണ, വിവാഹ രജിസ്‌ട്രേഷൻ നിയമ പ്രകാരം ചില വ്യക്തികൾ പേര് മാറ്റുന്നതിന് ന്യൂ സൗത്ത് വെയിൽസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ജയിലിൽ കഴിയുന്നവർ, പരോളിൽ ഇറങ്ങിയവർ, റിമാൻഡിൽ കഴിയുന്നവർ തുടങ്ങിയവർക്ക് പേര് മാറ്റാൻ സൂപ്പർവൈസിങ് അധികൃതരുടെ പ്രത്യേക അനുവാദം ആവശ്യമാണ്. അധികൃതരുടെ അനുവാദത്തോടെയല്ലാതെ പേര് മാറ്റുന്നത് ശിക്ഷാർഹമാണ്.
അതേസമയം കോമൺവെൽത്ത് നിയമപ്രകാരം കുറ്റക്കാരായി കണ്ടെത്തിയവർ, കോമൺവെൽത്ത് കുടിയേറ്റ നിയമപ്രകാരം തടവിലായവർ തുടങ്ങിയവർക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ല. പേര് മാറ്റുന്നതിൽ നിയന്ത്രണങ്ങൾ ഉണ്ടോ എന്നറിയാൻ പരോൾ ഓഫീസറെയോ, ലോ അക്സസ്സ് NSW നെയോ, പെൻഷനേഴ്‌സ് ലീഗൽ സർവീസിനെയോ ബന്ധപ്പെടാം.
ന്യൂ സൗത്ത് വെയിൽസിൽ 195 ഡോളറാണ് പേര് മാറ്റുന്നതിനുള്ള ഫീസ്.
ക്വീൻസ്ലാൻറ്:
സംസ്ഥാനത്ത് വർഷത്തിൽ ഒരിക്കൽ മാത്രമേ പേര് മാറ്റാൻ അനുവാദമുള്ളൂ. ക്വീൻസ്ലാന്റിന് പുറത്ത് അതായത് മറ്റേതെങ്കിലും സംസ്ഥാനത്തോ ടെറിട്ടറിയിലോ ആണ് നിങ്ങൾ ജനിച്ചതെങ്കിൽ ഇന്റര്‍സ്‌റ്റേറ്റ് ആന്റ് ഓവര്‍സീസ് രജിസ്ട്രി വഴി അപേക്ഷ സമർപ്പിച്ച് പേര് മാറ്റാവുന്നതാണ്.
കൂടാതെ 12 മാസത്തിനിടെ ഒരിക്കൽ പേര് മാറ്റിയവർക്കും, കറക്റ്റീവ് സർവീസസിന്റെ കസ്റ്റഡിയിൽ കഴിയുന്നവർക്കും പേര് മാറ്റാൻ ചീഫ് എക്സിക്യൂട്ടിവിന്റെ അനുവാദം ആവശ്യമാണ്. ക്വീൻസ്ലാന്റും ചില പേരുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
187.50 ഡോളറാണ് ഇവിടെ പേര് മാറ്റുന്നതിനായി ഈടാക്കുന്ന ഫീസ്.

സൗത്ത് ഓസ്ട്രേലിയ:
സൗത്ത് ഓസ്‌ട്രേലിയയിൽ ജനിച്ചവർക്കും സംസ്ഥാനത്ത് 12 മാസം താമസിച്ചവർക്കുമാണ് ഇവിടെ പേര് മാറ്റാൻ കഴിയുക. ക്വീൻസ്ലാന്റിലെ പോലെ വർഷത്തിൽ ഒരിക്കൽ മാത്രമേ ഇവിടെയും പേര് മാറ്റാൻ അനുവാദമുള്ളൂ. എന്നാൽ, വിക്ടോറിയയിലെ നിയമങ്ങൾക്ക് സമാനമായി ജീവിതത്തിൽ മൂന്ന് തവണ ഇവിടെയും പേര് മാറ്റാൻ കഴിയും.
അതേസമയം ഗൗരവമായ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്തവർ, തടവുകാർ, പരോളിൽ ഇറങ്ങിയവർ തുടങ്ങിയവർക്ക് പേര് മാറ്റാൻ പ്രത്യേക അനുവാദം ആവശ്യമാണ്.
54.50 ഡോളറാണ് പേര് മാറ്റുന്നതിനുള്ള ഫീസ്.
വെസ്റ്റേൺ ഓസ്ട്രേലിയ:
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു നിബന്ധനയാണ് പേര് മാറ്റുന്നതിനായി വെസ്റ്റേൺ ഓസ്ട്രേലിയ സർക്കാർ മുൻപോട്ടു വച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ മറ്റ് സംസ്ഥാനങ്ങളിൽ ജനിച്ചവർക്ക് ഇവിടെ പേര് മാറ്റാൻ അനുവാദമില്ല.
ഏത് സംസ്ഥാനത്താണോ ജനിച്ചത് അവിടെ അപേക്ഷ നൽകിയാൽ മാത്രമേ നിങ്ങൾക്ക് പേരിൽ മാറ്റം വരുത്താൻ കഴിയൂ. കുട്ടികളുടെ പേര് മാറ്റുന്നതിനും ഈ നിയമം ബാധകമാണ്.
176 ഡോളറാണ് ഇവിടെ പേര് മാറ്റുന്നതിന് നൽകേണ്ട ഫീസ്.
നോർതേൺ ടെറിട്ടറി:
ടെറിട്ടറിയിൽ പേര് മാറ്റാനും ഈ നിയമങ്ങളെല്ലാം തന്നെയാണ് പാലിക്കേണ്ടത്. എന്നാൽ ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലെന്ന് ഉറപ്പ് വരുത്തുന്ന നാഷണൽ പൊലീസ് ചെക്ക് ഇവിടെ നിർബന്ധമാണ്.
പേര് മാറ്റുന്നതിനായി അപേക്ഷക്കൊപ്പം ഫീസ് ആയ 47 ഡോളറും നല്കേണ്ടതാണ്.
ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി:
അക്സസ്സ് കാൻബറ വഴിയാണ് ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ പേര് മാറ്റാൻ അപേക്ഷ നൽകേണ്ടത്. 14 വയസ്സിൽ താഴെ പ്രായമായ കുട്ടിയുടെ പേരാണ് മാറ്റുന്നതെങ്കിൽ അവരുടെ സമ്മതം കൂടി ഇതിൽ ആവശ്യമുണ്ട്.