1948ൽ ഓസ്‌ട്രേലിയൻ നാഷണാലിറ്റി ആൻഡ് സിറ്റിസൺഷിപ് ആക്ട് നിലവിൽ വന്ന ശേഷമാണ് ഓസ്‌ട്രേലിയൻ പാസ്സ്‌പോർട്ട് നൽകിത്തുടങ്ങിയത്.
ഓസ്‌ട്രേലിയൻ പൗരത്വം ലഭിക്കുന്ന വ്യക്തിക്ക് ഓസ്‌ട്രേലിയൻ പാസ്സ്പോർട്ടിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള പാസ്സ്‌പോർട്ട് ഓഫീസിൽ അപേക്ഷ സമർപ്പിക്കാം.
ഒരു പൗരന്റെ ഏറ്റവും മൂല്യമുള്ള തിരിച്ചറിയൽ രേഖയാണ് പാസ്സ്‌പോർട്ട്.
അതുകൊണ്ടു തന്നെ ഇത് സൂക്ഷിക്കേണ്ടതും ആവശ്യമാണ്. ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുവാനോ മറ്റൊരാളെ ഇത് ഉപയോഗിക്കാൻ അനുവദിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
പാസ്പോർട്ട് ലഭിക്കുമ്പോൾ തന്നെ നിങ്ങളുടെ ഫോട്ടോ ഉൾപ്പെടുത്തിയ പേജ്, കാലാവധി അവസാനിക്കുന്ന തീയതി, പാസ്പോർട്ട് നമ്പർ എന്നിവ ഉൾപ്പെട്ട പേജുകളുടെ പകർപ്പ് എടുത്ത് വയ്ക്കുന്നത് യാത്രകളിൽ ഉപകരിച്ചേക്കും.
പാസ്പോർട്ട് നഷ്ടപ്പെട്ടാൽ
ഒരു ഓസ്‌ട്രേലിയൻ പൗരന്റെ ഏറ്റവും മൂല്യമുള്ള തിരിച്ചറിയൽ രേഖയെന്ന നിലയ്ക്ക് പാസ്സ്‌പോർട്ട് നഷ്ടപ്പെട്ടാൽ ഉടൻ തന്നെ ഓസ്‌ട്രേലിയൻ പാസ്സ്‌പോർട്ട് ഇൻഫർമേഷൻ സർവീസിനെ ബന്ധപ്പെടേണ്ടതാണ്. ഇനി മറ്റ് വിദേശ രാജ്യങ്ങളിൽ വച്ചാണ് പാസ്പോർട്ട് നഷ്ടപ്പെടുന്നതെങ്കിൽ അടുത്തുള്ള ഓസ്‌ട്രേലിയൻ എംബസിയെയോ ഹൈ കമ്മീഷനെയോ കോണ്സുലേറ്റിനെയോ ബന്ധപ്പെടാം.
ഇത് മോഷ്ടിക്കപ്പെടുകയോ മറ്റൊരാൾക്ക് ലഭിക്കുകയോ ചെയ്യുന്നത് വഴി നിങ്ങളുടെ പാസ്സ്‌പോർട്ട് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകൾ കൂടുതലാണ്. അതിനാൽ ഇത് സംബന്ധിച്ച് പ്രാദേശിക പൊലീസിൽ പരാതിപ്പെടുകയും ചെയ്യാം.
ഓർക്കുക ഓസ്‌ട്രേലിയൻ പാസ്സ്‌പോർട്ട് മനഃപൂർവം നശിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്.
കൂടാതെ പാസ്സ്‌പോർട്ട് നഷ്ടപ്പെട്ട ഉടൻ തന്നെ 131 232 എന്ന നമ്പറിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറേണ്ടതാണ്. ഇതുവഴി പാസ്സ്‌പോർട്ട് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനായി വിദേശകാര്യ വകുപ്പ് പാസ്സ്‌പോർട്ട് ഉടൻ റദ്ദാക്കുകയും ചെയ്യും.
എന്നാൽ കാണാതായ റദ്ദാക്കിയ പാസ്സ്‌പോർട്ട് പിന്നീട് കണ്ടെത്തിയാലും ഇതു ഉപയോഗിച്ച് യാത്ര ചെയ്യാൻ അനുവാദമില്ല. ഇത്തരത്തിൽ റദ്ദാക്കിയ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്താൽ വിമാനത്താവളത്തിൽ വച്ച് യാത്ര ചെയ്യുന്നതിൽ നിന്നും ബോർഡർ ഫോഴ്സ് അധികൃതർ നിങ്ങളെ വിലക്കും.
പുതിയ പാസ്സ്‌പോർട്ട് എങ്ങനെ ലഭിക്കാം
പാസ്സ്‌പോർട്ട് നഷ്ടപ്പെട്ടാൽ പുതിയ പാസ്സ്പോർട്ടിനായി അപേക്ഷ നൽകണം. വിദേശത്ത് വച്ചാണ് പുതിയ പാസ്സ്പോർട്ടിനായി അപക്ഷിക്കുന്നതെങ്കിൽ വിദേശത്തുള്ള ഓസ്‌ട്രെലിയൻ എംബസിയെ സമീപിച്ച് നഷ്പ്പെട്ട പാസ്സ്പോർട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകേണ്ടതാണ്.
നിങ്ങൾക്ക് ഓസ്‌ട്രേലിയൻ പൗരത്വമുണ്ടെന്നു തെളിയിക്കുന്ന തിരിച്ചറിയൽ രേഖകൾ അപേക്ഷക്കൊപ്പം സമർപ്പിക്കണം.
സാധാരണ പാസ്സ്പോർട്ടിന് അപേക്ഷിക്കുമ്പോൾ നൽകേണ്ട ഫീസ് ഈ സാഹചര്യത്തിലും ബാധകമാണ്. കൂടാതെ ഓവർസീസ് സർചാർജ്ജും നൽകണം.
തുടർച്ചയായി പാസ്സ്‌പോർട്ട് നഷ്ടപ്പെട്ടാൽ?
സാധാരണ 10 വർഷത്തെ കാലാവധിയോടെയാണ് ഓസ്‌ട്രേലിയൻ പാസ്സ്‌പോർട്ട് ഇഷ്യൂ ചെയ്തു നൽകുന്നത്. എന്നാൽ രണ്ട് തവണകളായി നിങ്ങളുടെ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ അഞ്ച് വർഷത്തെ കാലാവധിയോടെ മാത്രമേ പുതിയ പാസ്സ്‌പോർട്ട് നൽകൂ.
അതേസമയം മൂന്നോ അതിൽ കൂടുതലോ തവണ പാസ്സ്‌പോർട്ട് നഷ്ടപ്പെട്ടാൽ വെറും രണ്ട് വർഷത്തെ കാലാവധിയോടെ മാത്രമേ പുതിയ പാസ്സ്‌പോർട്ട് നൽകുകയുള്ളൂ.