രാജ്യാന്തര വ്യാപാര ധാരണകള്‍ക്ക് വിരുദ്ധമായി ഇന്ത്യ കരിമ്പുകര്‍ഷകര്‍ക്ക് അമിത സബ്‌സിഡി നല്‍കുന്നുവെന്ന് നേരത്തേ തന്നെ ഓസ്‌ട്രേലിയ ആരോപണമുന്നയിച്ചിരുന്നു.
ഇന്ത്യ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ലോക വ്യാപാര സംഘടനയ്ക്ക് പരാതി നല്കുമെന്നും ഓസ്‌ട്രേലിയന്‍ വാണിജ്യമന്ത്രി സൈമന്‍ ബര്‍മിംഗ്ഹാം നേരത്തേ പറഞ്ഞിരുന്നു.
നിലപാടില്‍ മാറ്റം വരുത്താന്‍ ഇന്ത്യ തയ്യാറായിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഓസ്‌ട്രേിയ ഇപ്പോള്‍ WTOയ്ക്ക് പരാതി നല്‍കിയത്.
ഈ മാസമവസാനം നടക്കുന്ന WTOയുടെ കാര്‍ഷിക സമിതി യോഗത്തില്‍ ഈ പരാതി ചര്‍ച്ച ചെയ്യും.
WTO യെ സമീപിച്ചെങ്കിലും അതുവഴിയുള്ള പ്രശ്‌നപരിഹാരത്തിന് ഏറെക്കാലമെടുക്കുമെന്ന് വാണിജ്യമന്ത്രി സൈമന്‍ ബര്‍മിംഗ്ഹാം പറഞ്ഞു.
ഓസ്‌ട്രേലിയയിലെ കരിമ്പുകര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. നൂറു കോടി ഡോളറിലേറെ അമിത സബ്‌സിഡിയാണ് കരിമ്പു കര്‍ഷകര്‍ക്ക് ഇന്ത്യ നല്‍കുന്നതെന്നും, ഇതുമൂലം രാജ്യാന്തര വിപണിയില്‍ പഞ്ചസാരയുടെ വില ഒരു ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നും ഓസ്‌ട്രേലിയ ചൂണ്ടിക്കാട്ടുന്നു.

Source: AAP
അതേസമയം, ഈ നടപടിയിലൂടെ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വാണിജ്യബന്ധത്തില്‍ വിള്ളലുണ്ടാകും എന്ന ആശങ്കയില്ലെന്നും ബര്‍മിംഗ്ഹാം പറഞ്ഞു.