പള്ളി ക്വയറിൽ അംഗമായിരുന്ന രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ കർദിനാൾ ജോർജ് പെല്ലിനെ കോടതി ജയിൽ ശിക്ഷക്ക് വിധിച്ചിരുന്നു.പിന്നീട് ഈ വര്ഷം ഏപ്രിലിൽ ഇദ്ദേഹത്തെ ഹൈ കോടതി കുറ്റവിമുക്തനാക്കുയും കേസ് തള്ളിക്കളയുകയും ചെയ്തിരുന്നു.
എന്നാൽ കേസിൽ പെല്ലിനെതിരെയുള്ള തെളിവുകളിൽ ഇടപെടാൻ ഇദ്ദേഹത്തെ എതിർക്കുന്ന മറ്റൊരു കർദിനാൾ ഓസ്‌ട്രേലിയയിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകിയെന്ന റിപ്പോർട്ടുകൾ സംബന്ധിച്ച വിവരങ്ങൾ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന AUSTRAC പോലീസിനെ അറിയിച്ചു.
കർദിനാൾ ജോർജ് പെല്ലിന്റെ എതിർചേരിയിലുള്ള കർദിനാൾ ജിയോവനി ആഞ്ചലോ ബെക്കിയു 1.14 മില്യൺ ഡോളർ ട്രാൻസ്ഫർ ചെയ്തിരിക്കുന്നതായുള്ള ആരോപണങ്ങളുടെ വിവരങ്ങളാണ് AUSTRAC പൊലീസിന് കൈമാറിയത്.
ഇത് സംബന്ധിച്ച വാർത്ത ഇറ്റാലിയൻ മാധ്യമമാണ് പുറത്തുവിട്ടത്. എന്നാൽ ഈ വാദം തെളിയിക്കാൻ വേണ്ട തെളിവുകളൊന്നും മാധ്യമം വെളിപ്പെടുത്തിയിട്ടില്ല.
ഈ വാർത്തയുമായി ബന്ധപ്പെട്ട ആശങ്കകൾ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസുമായും വിക്ടോറിയൻ പോലീസുമായും പങ്കുവച്ചതായി AUSTRAC തലവൻ നിക്കോൾ റോസ് സെനറ്റ് കമ്മിറ്റിയിൽ പറഞ്ഞു.
അതേസമയം തന്റെ കക്ഷിക്ക് പണം ലഭിച്ചുവെന്ന ആരോപണം പെല്ലിനെതിരെ തെളിവുകൾ നൽകിയ ഒരാളുടെ അഭിഭാഷകനായ വിവ് വാലർ നിഷേധിച്ചിട്ടുണ്ട്.
2019 മാർച്ചിലാണ് പള്ളി ക്വയറിൽ അംഗമായിരുന്ന രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ ജോർജ് പെല്ലിനെ കോടതി ജയിൽ ശിക്ഷക്ക് വിധിച്ചത്.
എന്നാൽ ഈ വര്ഷം ഏപ്രിലിൽ ഹൈ കോടതി ഐകകണ്ഠേന ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും കേസ് തള്ളിക്കളയുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് വിചാരണ സമയത്ത് പെല്ലിനെതിരെയുള്ള തെളിവുകളിൽ ഇടപെടാൻ മറ്റൊരു കർദിനാൾ തന്നെ പണം നൽകിയെന്ന ആരോപണം ഉയർന്നിരിക്കുന്നത്.
എന്നാൽ ഇത് സംബന്ധിച്ച ആരോപണങ്ങൾ കർദിനാൾ ബെക്കിയുവിന്റെ അഭിഭാഷകൻ തള്ളിക്കളഞ്ഞു.
സംഭവത്തെക്കുറിച്ച് അറിയാൻ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസിനെയും വിക്ടോറിയൻ പോലീസിനെയും എസ ബി എസ് ന്യൂസ് ബന്ധപ്പെട്ടിട്ടുണ്ട്.
പോപ്പ് ഫ്രാൻസിസിന്റെ നിർദ്ദേശപ്രകാരം കർദിനാൾ ബെക്കിയു സെപ്റ്റംബറിൽ രാജി വച്ചിരുന്നു. പോപ്പിന്റെ ഈ നടപടിയെ അഭിനന്ദിച്ച് പെൽ പ്രസ്താവന ഇറക്കിയിരുന്നു.