രാജ്യത്തെ പുതുവത്സരാഘോഷങ്ങളിൽ ഏറ്റവും പ്രശസ്തമായത് സിഡ്നി ഹാർബർ ബ്രിഡ്ജിലെ കരിമരുന്നു പ്രകടനമാണ്. ഇവിടുത്തെ വർണ്ണശബളമായ പുതുവത്സരാഘോഷങ്ങളിൽ പങ്കെടുത്ത് പുതുവർഷത്തെ വരവേൽക്കാൻ എല്ലാ വർഷവും ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവിടേക്കെത്തുന്നത്.
സിഡ്നി:
ഈ വർഷം ഏകദേശം 8.5 ടണ്ണിന്റെ കരിമരുന്നാണ് ഹാർബർ ബ്രിഡ്ജിലെ ആഘോഷങ്ങളിൽ കത്തിയമരുന്നത്. ഇതിനായി ഏതാണ്ട് 5.78 മില്യൺ ഡോളറാണ് ഈ വര്ഷം സിഡ്നി മാറ്റിവച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഹാർബർ ബ്രിഡ്ജിൽ തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് ആരംഭിക്കുന്ന ആഘോഷങ്ങൾക്ക് പത്ത് ലക്ഷത്തിൽപരം ആളുകൾ സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവർക്ക് ആവശ്യമായ യാത്ര സൗകര്യങ്ങളും സർക്കാർ ഒരുക്കുന്നുണ്ട്. ആയിരക്കണക്കിന് അധികം ബസ്സുകളും ട്രെയിനുകളുമാകും തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്‌ച അതിരാവിലെ വരെ സർവീസ് നടത്തുക. ആഘോഷങ്ങൾ നടക്കുന്നതിനാൽ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുതൽ അര്ധരാത്രി വരെ സർക്കുലർ കീയിൽ ട്രെയിനുകൾ നിർത്തില്ലെന്ന് പബ്ലിക് ട്രാൻസ്‌പോർട് NSW അറിയിച്ചു.
മാത്രമല്ല, രാത്രി എട്ട് മണി മുതൽ ഫെറി സർവീസുകളും ഇവിടെ പ്രവൃത്തിക്കില്ലെന്നും പബ്ലിക് ട്രാൻസ്‌പോർട്ട് NSW വ്യക്തമാക്കി.

Source: AAP
മെൽബൺ:
മെൽബണിൽ നടക്കുന്ന പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കാൻ ഏതാണ്ട് 350,000 ത്തോളം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. ഏഴര കിലോമീറ്റർ വൃത്തപരിധിയിൽ വ്യാപരിക്കുന്ന വിധത്തിലാണ് ഈ വർഷത്തെ കരിമരുന്ന് പ്രകടനം ഒരുക്കിയിരിക്കുന്നത്.
പുതുവർഷത്തലേന്ന് രാത്രി ഒമ്പത് മണി മുതൽ പുതുവർഷദിവസം രാവിലെ ഒരു മണി വരെ നടക്കുന്ന ആഘോഷങ്ങൾ ഡോക്‌ലാൻഡ്‌സ്, ഫ്ലാഗ്‌സ്റ്റാഫ് ഗാർഡൻസ്, ട്രഷറി ഗാർഡൻസ്, കിങ്‌സ് ഡൊമൈൻ എന്നിവിടങ്ങളിൽ നിന്ന് കാണാവുന്നതാണ്. കൂടാതെ, മെൽബന്റെ പടിഞ്ഞാറൻ പ്രദേശമായ ഫുട്സ്ക്രെയിലും രാത്രി ഒമ്പതര മുതൽ കരിമരുന്നു പ്രകടനം നടക്കുന്നുണ്ട്.
ഏതാണ്ട് 234,000 ഡോളർ ചിലവഴിച്ച് 14 ടണ്ണിന്റെ കരിമരുന്ന് പ്രകടനം നടത്തിയാണ് പുതുവർഷത്തെ വരവേൽക്കാൻ മെൽബൺ ഒരുങ്ങുന്നത്.
തിങ്കളാഴ്‌ച വൈകുന്നേരം ആറു മണി മുതൽ ചൊവ്വാഴ്‌ച രാവിലെ ആറ് മണി വരെ മെൽബണിൽ ആകമാനം പൊതു ഗതാതം സൗജന്യമായിരിക്കുമെന്ന് പബ്ലിക് ട്രാൻസ്‌പോർട് വിക്ടോറിയ (PTV) അറിയിച്ചു.

Source: AAP
പത്ത് മിനിറ്റ് ഇടവിട്ട് ട്രെയിനും ട്രാമും സർവീസുകൾ നടത്തുമെന്നും PTV വ്യക്തമാക്കി.
തിരക്ക് കൂടുതൽ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർ യാത്രകൾ മുൻകൂട്ടി തീരുമാനിക്കേണ്ടതാണെന്ന് PTV അറിയിച്ചു.
ക്വീൻസ്ലാൻറ്:
2018ന് വിട പറഞ്ഞുകൊണ്ട് 2019നെ വരവേൽക്കാൻ ബ്രിസ്‌ബൈൻ സൗത്ത് ബാങ്ക് പ്രീസിംഗ്ടിൽ 85,000 ത്തിൽ പരം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ സംസ്ഥാനത്തിന്റ മറ്റ് പ്രധാന നഗരങ്ങളായ ഗോൾഡ് കോസ്റ്റും സൺഷൈൻ കോസ്റ്റും ആഘോഷങ്ങൾക്ക് വേദിയാകും.
കാൻബറ:
രാത്രി ഒമ്പത് മണി മുതലാണ് നഗരത്തിലെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അവധി ദിവസങ്ങളിലെ സമയവിവരപട്ടിക പ്രകാരമാകും പൊതു ഗതാഗതം പ്രവർത്തിക്കുന്നതെന്ന് ട്രാൻസ്‌പോർട്ട് കാൻബറ അറിയിച്ചു. അർധരാതിയിലെ ദ്രുതഗതിയിലുള്ള പൊതുഗതാഗത സർവീസുകളും ചൊവ്വാഴ്ച രണ്ട് മണി വരെ പ്രവർത്തനം നടത്തും.

Source: (Flickr: Adam Carter)
പെർത്ത്:
തെരുവോരങ്ങളിൽ നടക്കുന്ന വിവിധ പ്രകടനങ്ങളും സംഗീത നിശയും കരിമരുന്ന് പ്രകടനവുമാണ് പെർത്ത് നഗരത്തിലെ പ്രധാന ആഘോഷങ്ങൾ. അർധരാത്രി മുതൽ പുതുവർഷദിവസം രാവിലെ ആറ് മണി വരെ പൊതുഗതാഗതം സൗജന്യമായിരിക്കുമെന്ന് ട്രാൻസ്‌പെർത്ത് അറിയിച്ചു. 2004 ന് ശേഷം ആദ്യമായാണ് ഈ ദിവസങ്ങളിൽ നഗരത്തിൽ പൊതുഗതാഗതം സൗജന്യമായി പ്രവർത്തിക്കുന്നത്. പൊതുജനങ്ങൾക്ക് സൗകര്യ സേവനമൊരുക്കാൻ അർധരാത്രിക്ക് ശേഷം 113 അധിക ട്രെയിൻ സർവീസുകളും 117 ബസ് സർവീസുകളും അധിക ഫെറി സർവീസുകളും നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
അഡ്‌ലൈഡ്:
അഡ്‌ലൈഡ് നഗരത്തിലെ എൽഡർ പാർക്കിൽ സംഘടിപ്പിക്കുന്ന പുതുവത്സരാഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഏതാണ്ട് 30,000 പേരെയാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ പൊതു ഗതാഗതം സൗജന്യമായിരിക്കുമെന്ന് അഡ്‌ലൈഡ് മെട്രോ അറിയിച്ചു.
ഹൊബാർട്ട്:
നഗരം കണ്ടതിൽ വച്ച് ഏറ്റവും വലിയ കരിമരുന്ന് പ്രകടനമാണ് ഹൊബാർട്ട് നഗരം ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. രാത്രി ഒമ്പത് മണിയോടെ ആരംഭിക്കുന്ന ആഘോഷങ്ങളിൽ ജനങ്ങൾക്ക് പങ്കെടുക്കാൻ നിരവധി അധിക സർവീസുകൾ നടത്താനാണ് പദ്ധതി.
ഡാർവിൻ:
രാത്രി ഒമ്പത് മണിക്ക് തുടങ്ങുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാൻ രാത്രി ഏഴു മണി മുതൽ സൗജന്യ ബസ് സർവീസുകൾ നടത്തുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ചൊവ്വാഴ്‌ച രാവിലെ ആറരക്കാണ് പുതുവർഷ ദിവസത്തെ അവസാന സൗജന്യ ബസ് സർവീസ്.
ഉച്ചക്ക് ശേഷം നഗരത്തിൽ ഇടിയോടുകൂടിയ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.