നിലവില്‍ വര്‍ഷം 1,90,000 കുടിയേറ്റ വിസകളാണ് ഓസ്‌ട്രേലിയ അനുവദിക്കുന്നത്.
ഇതില്‍ 30,000ന്റെ കുറവു വരുത്താനാണ് സ്‌കോട്ട് മോറിസന്‍ സര്ക്കാരിന്റെ തീരുമാനം.
സിഡ്‌നിയും മെല്‍ബണും ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രധാന നഗരങ്ങളിലെ ജനസംഖ്യ വന്‍തോതില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. വന്‍ നഗരങ്ങളിലെ ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ നടപടികളുണ്ടാകുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
അടുത്ത നാലു വര്‍ഷത്തേക്കാണ് കുടിയേറ്റ നിരക്ക് 1,60,000 ആയി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Traffic congestion is seen at the Hoddle Street exit of the Eastern Freeway in Melbourne. Source: AAP
2011 മുതല്‍ 1,90,000 ആയിരുന്നു അനുവദനീയമായ വാര്‍ഷിക കുടിയേറ്റ നിരക്ക്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 1,62,000 പേര്‍ മാത്രമായിരുന്നു കുടിയേറിയെത്തിയത്.
ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് വാര്‍ഷിക കുടിയേറ്റ നിരക്ക് 1,60,000 ആയി പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഉള്‍നാടന്‍ വിസകള്‍ കൂടും
മൊത്തം കുടിയേറ്റ നിരക്ക് വെട്ടിക്കുറച്ചെങ്കിലും, വന്‍ നഗരങ്ങള്‍ക്ക് പുറത്തേക്കും ഉള്‍നാടന്‍ ഓസ്‌ട്രേലിയയിലേക്കും എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കൂടുതല്‍ വിസകള്‍ നീക്കിവച്ചിട്ടുണ്ട്.
ചെറുനഗരങ്ങളിലേക്കും ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കും രണ്ടു പുതിയ വിസകള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രമുഖ നഗരങ്ങളില്‍ ജീവിക്കാനോ ജോലി ചെയ്യാനോ പാടില്ല എന്ന വ്യവസ്ഥയോടെയാകും ഈ വിസകള്‍ നല്‍കുക.
മൂന്നു വര്‍ഷം ഉള്‍നാടന്‍ പ്രദേശങ്ങളില്‍ താമസിച്ചാല്‍ മാത്രമേ ഈ വിസയിലെത്തുന്നവര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി ലഭിക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ വ്യക്തമാക്കി.

Prime Minister Scott Morrison and Immigration Minister David Coleman in Melbourne on Thursday. Source: SBS Punjabi / Shamsher Kainth
ആകെയുള്ള 1,60,000 കുടിയേറ്റ വിസകളില്‍ 23,000 എണ്ണവും ഈ ഉള്‍നാടന്‍ വിസകളായിരിക്കും.
അഡ്‌ലൈഡും ഡാര്‍വിനും ഉള്‍പ്പെടെയുള്ള തലസ്ഥാന നഗരങ്ങളിലേക്കും ഈ വിസ ഉപയോഗിച്ച് പോകാം.
ഫലത്തില്‍ സിഡ്‌നിയും മെല്‍ബണും ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങളിലേക്കുള്ള കുടിയേറ്റമായിരിക്കും ഇനി കുറയുക.
പ്രമുഖ നഗരങ്ങളില്‍ ജീവിക്കാന്‍ ശ്രമിച്ചാല്‍ പി ആര്‍ ലഭിക്കില്ല
ഉള്‍നാടന്‍ വിസയിലെത്തുന്നവര്‍ മൂന്നു വര്‍ഷം കഴിഞ്ഞ് പെര്‍മനന്റ് റെസിഡന്‍സിക്കായി അപേക്ഷിക്കുമ്പോള്‍, നിശ്ചിത പ്രദേശങ്ങളില്‍ തന്നെയാണ് ജീവിച്ചതും ജോലി ചെയ്തതും എന്ന കാര്യം ഉറപ്പു വരുത്തുമെന്ന് ഫെഡറല്‍ മന്ത്രി അലന്‍ ടഡ്ജ് പറഞ്ഞു.
യൂട്ടിലിറ്റി ബില്ലുകള്‍ പരിശോധിച്ച് താമസിച്ചിരുന്ന വിലാസവും, ടാക്‌സേഷന്‍ ഓഫീസിന്റെ രേഖകള്‍ പരിശോധിച്ച് ജോലിയും ഉറപ്പുവരുത്തും. വന്‍ നഗരങ്ങളില്‍ ജീവിച്ചതോ ജോലി ചെയ്തതോ കണ്ടെത്തിയാല്‍ പി ആര്‍ ലഭിക്കില്ലെന്നും അലന്‍ ടഡ്ജ് പറഞ്ഞു.
ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക
നിലവില്‍ റീജിയണല്‍ വിസയിലെത്തുന്നവര്‍ക്ക് പി ആര്‍ ലഭിക്കണമെങ്കില്‍ രണ്ടു വര്‍ഷമായിരുന്നു കാത്തിരിക്കേണ്ടത്. അതില്‍ ഒരു വര്‍ഷം കൂടി കൂട്ടിയിരിക്കുകയാണ്.
ഇത്രയും കര്‍ശനമായ ഉപാധികളും നിലവില്‍ ഇല്ലായിരുന്നു.
$15,000 സ്‌കോളര്‍ഷിപ്പ്
ഉള്‍നാടുകളിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, വിദേശത്തു നിന്നെത്തുന്ന വിദ്യാര്‍ത്ഥികളെയും വന്‍ നഗരങ്ങള്‍ക്ക് പുറത്തുള്ള യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇതിനായി 1000 സ്‌കോളര്‍ഷിപ്പുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സിഡ്‌നി, മെല്‍ബണ്‍, തെക്കുകിഴക്കന്‍ ക്വീന്‍സ്ലാന്റ് എന്നീ പ്രദേശങ്ങള്‍ക്ക് പുറത്തുള്ള യൂണിവേഴ്‌സിറ്റികളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനായി 15,000 ഡോളറിന്റെ സ്‌കോളര്‍ഷിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ പ്രദേശങ്ങളില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്ക്ക് ഓസ്‌ട്രേലിയയില്‍ താമസിച്ച് ജോലി ചെയ്യാന്‍ ഒരു വര്‍ഷം അധികമായി അനുവദിക്കാനും തീരുമാനമുണ്ട്. ബിരുദം പൂര്‍ത്തിയാക്കുന്നവര്ക്ക് നിലവില്‍ ലഭിക്കുന്ന പോസ്റ്റ്-സ്റ്റഡി വിസയിലാണ് ഒരു വര്‍ഷം കൂടുതല്‍ അനുവദിക്കുന്നത്.