ഓസ്‌ട്രേലിയയിലേക്ക് പുതുതായി കുടിയേറിയെത്തുന്നവർ വൻ നഗരങ്ങളായ സിഡ്‌നിയും മെൽബനും വിട്ട് അഞ്ച് വർഷം ഉൾനാടൻ പ്രദേശങ്ങളിലേക്കും ചെറുപട്ടണങ്ങളിലേക്കും പോകാൻ വിസ നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് സർക്കാർ അറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായിട്ടാണ് ഫെഡറൽ കുടിയേറ്റകാര്യ മന്ത്രി ഡേവിഡ് കോൾമാൻ ഡെസിഗ്നേറ്റഡ് ഏരിയ മൈഗ്രേഷൻ എഗ്രിമെന്റ് (DAMA) എന്ന കരാർ തിങ്കളാഴ്ച പ്രഖ്യാപിച്ചത്.
വിക്ടോറിയയുടെ ഉൾപ്രദേശങ്ങളിലേക്ക് പോകാൻ താല്പര്യപ്പെടുന്നവർക്കായാണ് ഇത് പ്രയോജനം ചെയ്യുക.
വിക്ടോറിയയുടെ ഉൾനാടൻ പ്രദേശമായ വാർനംബൂൽ കൗൺസിൽ കോമൺവെൽത്തുമായി ഈ കരാറിൽ ഒപ്പു വയ്ക്കാൻ ധാരണയായി.
ഈ വർഷം അവസാനത്തിന് മുൻപായി വാർനംബൂൽ ഉടമ്പടിയിൽ ഒപ്പ് വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Source: SBS
പ്രദേശത്ത് ജോലിക്കാർ കുറവുള്ള ഫുഡ് പ്രോസസ്സിംഗ്, കാർഷികം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലായിരിക്കും ജോലി സാധ്യതകൾ കൂടുതൽ ഉള്ളത്.
രാജ്യത്ത് ചില മേഖലകളിൽ നിലനിൽക്കുന്ന തൊഴിലാളികളുടെ കുറവ് പരിഹരിക്കുക എന്നതാണ് DAMA യുടെ ലക്‌ഷ്യം.
മാനദണ്ഡങ്ങൾ
കൂടുതൽ തൊഴിലാളികളെ ഉൾനാടൻ പ്രദേശങ്ങളിലേക്ക് കൊണ്ടുവരാൻ തൊഴിലുടമകൾക്ക് ഈ വിസ ഉടമ്പടി അനുവാദം നൽകുന്നു. താത്കാലിക സ്കിൽഡ് ഷോർട്ടേജ് വിസ (സബ്ക്ലാസ്സ് 482) യിലൂടെയാണ് ഇവരെ രാജ്യത്തേക്ക് കൊണ്ടുവരാൻ കഴിയുന്നത്.
താത്കാലിക വിസയിൽ രാജ്യത്ത് എത്തിയ ശേഷം സമൂഹവുമായി നല്ലരീതിയിൽ സഹകരിക്കുന്ന തൊഴിലാളികൾക്ക് പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കാനും ഇതിൽ അനുവാദം നൽകുന്നുണ്ട്.
എന്നാൽ ഇതിനായി കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ഈ പ്രദേശത്ത് തങ്ങിയിരിക്കണം എന്ന മാനദണ്ഡവും സർക്കാർ മുൻപോട്ടു വച്ചിട്ടുണ്ട്.
ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിലും തൊഴിൽ വൈദഗ്ധ്യത്തിലും മറ്റും ഇളവുകൾ നൽകിക്കൊണ്ട് തൊഴിലാളികളെ സ്പോൺസർ ചെയ്യാനും തൊഴിലുടമകൾക്ക് സാധിക്കും. എന്നാൽ എന്ത് ഇളവുകളാണ് ഇവർക്ക് നൽകുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
കൂടാതെ, ഈ വിസയിൽ രാജ്യത്തേക്കെത്തുന്നവർക്ക് നാല് വർഷം ജോലിയും, ആവശ്യമായ ട്രെയ്‌നിംഗും നൽകുമെന്ന് സർക്കാർ അറിയിച്ചു.
2015ൽ നോർത്തേൺ ടെറിട്ടറിയും DAMA ഉടമ്പടിയിൽ ഒപ്പുവച്ചിരുന്നു. എന്നാൽ ഇതിൽ പെർമനന്റ് റെസിഡൻസിക്ക് അവസരം നൽകിയിരുന്നില്ല. ഇതിന്റെ കാലാവധി ഡിസംബർ അവസാനത്തോടെ പൂർത്തിയാകുന്ന സാഹചര്യത്തിൽ പുതിയ അഞ്ച് വർഷ ഉടമ്പടിക്ക് ഈ ആഴ്ച ടെറിട്ടറി സർക്കാർ വീണ്ടും ഒപ്പു വയ്ക്കും. പുതിയ ഉടമ്പടി പ്രകാരം ഇവിടേക്കെത്തുന്നവർക്ക് പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കാൻ അവസരം ലഭിക്കും.