മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
കൊറോണവൈറസ് പ്രതിസന്ധി രൂക്ഷമായ 2020 മാർച്ചിലാണ് ഓസ്ട്രേലിയ രാജ്യാന്തര അതിർത്തി അടച്ചത്.
പല വിദേശ രാജ്യങ്ങളിലും രൂപമാറ്റം വന്ന കൊറോണവൈറസ് ഭീതിപടർത്തുകയാണെന്നും ഇത് ഓസ്‌ട്രേലിയൻ സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് അതിർത്തി തുറക്കുന്നത് വൈകിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
2020 മാർച്ച് 17നു നടപ്പാക്കിയ ജൈവസുരക്ഷാ അടിയന്തരാവസ്ഥ (ഹ്യൂമൻ ബയോസെക്യൂരിറ്റി എമർജൻസി പീരീയഡ്) ഈ വർഷം ജൂൺ 17 വരെ നീട്ടുമെന്ന് ഫെഡറൽ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു.
വിദേശത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്ക് എത്തുന്നതിലും ഇവിടെ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിലും വിലക്ക് ഏർപ്പെടുത്തുന്നതാണ് ഹ്യൂമൻ ബയോസെക്യൂരിറ്റി എമർജൻസി പീരീയഡ്.
ഇതോടെ ഓസ്ട്രേലിയ രാജ്യാന്തര അതിർത്തി തുറക്കുന്നത് ജൂൺ 17 വരെ നീട്ടി.
ഓസ്‌ട്രേലിയൻ ഹെൽത്ത് പ്രൊട്ടക്ഷൻ പ്രിൻസിപ്പാൾ കമ്മിറ്റിയുടെയും കോമൺവെൽത് ചീഫ് മെഡിക്കൽ ഓഫീസറുടെയും നിർദ്ദേശപ്രകാരമാണ് ഇത് സംബന്ധിച്ച തീരുമാനമെന്ന് ഫെഡറൽ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
ഓസ്‌ട്രേലിയക്കാരുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് അതിർത്തി തുറക്കുന്നത് മൂന്ന് മാസം കൂടി നീട്ടുന്നതെന്നും ഹണ്ട് വ്യക്തമാക്കി.
വിദേശത്തുനിന്നെത്തുന്ന ക്രൂസ് കപ്പലുകൾക്കും ഈ നിയന്ത്രണം ബാധകമാണ്.
അതിർത്തി തുറക്കുന്നത് വൈകിപ്പിക്കാനുള്ള സർക്കാർ തീരുമാനം ഒരു വർഷത്തിലേറെയായി വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഏതാണ്ട് 40,000 ഓസ്ട്രലിയക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അടിയന്തരാവസ്ഥ നീട്ടിയതോടെ ഹോട്ടൽ ക്വാറന്റൈൻ സംവിധാനവും ഈ വർഷം പകുതിവരെങ്കിലും നീട്ടുമെന്നാണ് റിപ്പോർട്ടുകൾ.