കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ (ഏപ്രിൽ - ജൂൺ) ഓസ്ട്രേലിയയിലെ റിയൽ എസ്റ്റേറ്റ് രംഗത്തുണ്ടായ മാറ്റമാണ് ABS പുറത്തുവിട്ടത്.
ദേശീയ തലത്തിൽ മാർച്ചിൽ അവസാനിച്ച പാദത്തെ അപേക്ഷിച്ച് 1.8 ശതമാനത്തിന്റെ കുറവാണ് ജൂൺ പാദത്തിൽ വീടുവിലയിൽ ഉണ്ടായത്.
എന്നാൽ, കഴിഞ്ഞ വർഷത്തേക്കാൾ വില കൂടിയിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
2019 ജൂണിനെ അപേക്ഷിച്ച് 6.2 ശതമാനം വില വർദ്ധനവാണ് ഈ ജൂൺ ആയപ്പോൾ ഉള്ളത്.
ജൂണിൽ അവസാനിച്ച മൂന്നു മാസങ്ങളിൽ ഏറ്റവും വില കുറഞ്ഞത് സിഡ്നിയിലും മെൽബണിലുമാണ്.
സിഡ്നിയിൽ 2.2 ശതമാനവും, മെൽബണിൽ 2.3 ശതമാനവും ജൂൺ പാദത്തിൽ വില കുറഞ്ഞു.
മറ്റു തലസ്ഥാന നഗരങ്ങളിലും വില ഇടിഞ്ഞിട്ടുണ്ട്. കാൻബറ മാത്രാണ് ജൂൺ പാദത്തിൽ വില കൂടിയ ഏക തലസ്ഥാന നഗരം.

Source: AAP
കാൻബറയിൽ 0.8 ശതമാനം വില കൂടി.
ഓരോ നഗരത്തിലെയും സ്ഥിതി ഇങ്ങനെയാണ്:
നഗരം | വിലയിലെ മാറ്റം |
---|---|
സിഡ്നി | -2.2 % |
മെൽബൺ | -2.3 % |
ബ്രിസ്ബൈൻ | -0.9 % |
അഡ്ലൈഡ് | -0.8 % |
പെർത്ത് | -0.7 % |
ഹോബാർട്ട് | -0.4 % |
ഡാർവിൻ | -1.4 % |
കാൻബറ | 0.8 % |
ശരാശരി | -1.8 % |
സിഡ്നിയിൽ വീടുകളുടെ വിലയിൽ 2.6 ശതമാനവും, അപ്പാർട്ട്മെന്റുകളുടെ വിലയിൽ 1.4 ശതമാനവുമാണ് കുറവുണ്ടായത്.
മെൽബണിൽ വീടുകളുടെ വില 2.8 ശതമാനം കുറഞ്ഞപ്പോൾ, അപ്പാർട്ട്മെന്റുകളുടേത് 1 ശതമാനം കുറഞ്ഞു.
ന്യൂ സൗത്ത് വെയിൽസിലെ ശരാശരി വില ഇപ്പോൾ 8,71,000 ഡോളറാണ്. 20,000 ഡോളറിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
വിക്ടോറിയയിൽ ശരാശരി വിലയിൽ 17,500 ഡോളറിന്റെ കുറവുണ്ടായപ്പോൾ, വെസ്റ്റേൺ ഓസ്ട്രേലിയയിൽ 2011നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ശരാശരി വില എത്തി.
4,98,500 ഡോളറാണ് വെസ്റ്റേൺ ഓസ്ട്രേലിയയിലെ ശരാശരി വില.
അതേസമയം, കൊവിഡ് ബാധയ്ക്കു ശേഷമുള്ള മൂന്നു മാസത്തിൽ വില കുറഞ്ഞെങ്കിലും, 2018ൽ ഉണ്ടായ കുറവിനെക്കാൾ ഭേദമാണ് ഇതെന്നും ABS ന്റെ കണക്കുകൾ സൂചിപ്പിച്ചു.
എട്ടു തലസ്ഥാന നഗരങ്ങളിൽ 2018 ജൂണിനു ശേഷം ഓരോ പാദത്തിലുമുണ്ടായ മാറ്റം ഇങ്ങനെയാണ്.

Source: Courtesy: ABS
വാടകവിപണി മെച്ചപ്പെടുന്നു
കൊവിഡ് പ്രതിസന്ധി കഴിഞ്ഞ മാസങ്ങളിൽ വീടുവിലയെക്കാൾ കൂടുതൽ ബാധിച്ചിരുന്നത് വാടകവിപണിയെ ആയിരുന്നെങ്കിലും, ഓഗസ്റ്റ് മാസത്തിൽ സ്ഥിതി നേരിയ തോതിൽ മെച്ചപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കി.
കൊറോണ ബാധ കൂടിയതിനു പിന്നാലെ, വാടകവിപണിയിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ നിരക്ക് ഉയർന്നിരുന്നു.
2016 നു ശേഷമുള്ള ഏറ്റവും കൂടിയ നിരക്കിലേക്കാണ് ഏപ്രിൽ മാസത്തിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണം ഉയർന്നത്. 2.6 ശതമാനമായിരുന്നു ഏപ്രിലിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ നിരക്ക് (വേക്കൻസി നിരക്ക്).
എന്നാൽ ഓഗസ്റ്റിൽ ഇത് 2% ആയി കുറഞ്ഞിട്ടുണ്ട്.
മെൽബൺ ഒഴികെ മറ്റെല്ലാ പ്രധാന നഗരങ്ങളിലും വാടകവിപണി മെച്ചപ്പെട്ടു എന്നാണ് കണക്കുകൾ.
മെൽബണിൽ ജൂലൈയിൽ വേക്കൻസി നിരക്ക് 3.1ശതമാനം ആയിരുന്നത് ഓഗസ്റ്റിൽ 3.4 ശതമാനമായി കൂടി.
നാലാം ഘട്ട ലോക്ക്ഡൗണും, നിയന്ത്രണങ്ങളുമായി മെൽബണിൽ വേക്കൻസി നിരക്ക് ഇത്രയും രൂക്ഷമാക്കിയത്. മെൽബൺ CBDയിൽ വാടകവിപണിയിലുള്ള പത്തിൽ ഒരു അപ്പാർട്ട്മെന്റ് വീതം ഒഴിഞ്ഞു കിടക്കുകയാണ് എന്നും SQM റിസർച്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
സിഡ്നിയിൽ 3.5 ശതമാനമാണ് വേക്കൻസി നിരക്ക്. ജൂലൈയെക്കാൾ 0.1ശതമാനത്തിന്റെ കുറവുണ്ടെങ്കിലും, രാജ്യത്ത് ഇപ്പോഴും ഏറ്റവും ഉയർന്ന വേക്കൻസി നിരക്ക് സിഡ്നിയിലാണ്.
എസ് ബി എസ് മലയാളം ഇന്നത്തെ വാർത്ത – ഓസ്ട്രേലിയൻ മലയാളി അറിയേണ്ട എല്ലാ വാർത്തകളും (തിങ്കൾ-വെള്ളി 8pm)
എന്നാൽ തലസ്ഥാന നഗരങ്ങൾക്ക് പുറത്തുള്ള വാടകവിപണി മെച്ചപ്പെടുകയാണ് എന്നും SQM ന്റെ കണക്കുകൾ ചൂണ്ടിക്കാട്ടി. പ്രമുഖ നഗരങ്ങളിൽ നിന്നുള്ളവർ ഉൾനാടൻ പ്രദേശങ്ങളിലേക്ക് കൂടുതലായി മാറുകയാണ്.
NSWലെ ബ്ലൂ മൗണ്ടൻ, വിക്ടോറിയയിലെ മോണിംഗ്ടൺ പെനിൻസുല, ക്വീൻസ്ലാന്റിലെ ഇപ്സ്വിച്ച് തുടങ്ങിയ പ്രദേശങ്ങളിൽ വേക്കൻസി നിരക്കിൽ കാര്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.