Highlights
- മൂന്ന് പതിറ്റാണ്ടിന് ശേഷം നേരിട്ട സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ഓസ്‌ട്രേലിയ കരകയറി
- സെപ്റ്റംബർ മുതലുള്ള സാമ്പത്തികവര്‍ഷ പാദത്തില്‍ GDP 3.3 ശതമാനം ഉയർന്നു
- 1976ന് ശേഷം ഇതാദ്യമായാണ് ഒരു പാദത്തിൽ GDP ഇത്രയധികം ഉയരുന്നത്
മൂന്നു പതിറ്റാണ്ടോളം നീണ്ട ശക്തമായ സാമ്പത്തിക വളര്‍ച്ചയ്ക്കു ശേഷം ഓസ്‌ട്രേലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയതായി സെപ്റ്റംബറിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
മാര്‍ച്ച് മാസത്തില്‍ അവസാനിച്ച സാമ്പത്തികവര്‍ഷ പാദത്തില്‍ GDP 0.3 ശതമാനം ഇടിഞ്ഞിരുന്നു. ജൂണ്‍ മാസത്തില്‍ അവസാനിച്ച പാദത്തില്‍ ആഭ്യന്തര ഉത്പാദനം ഏഴു ശതമാനം ഇടിഞ്ഞു എന്ന കണക്ക് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ടിരുന്നു.
എന്നാൽ മിക്ക സംസ്ഥാനങ്ങളും ടെറിറ്ററികളും കൊറോണ നിയന്ത്രണങ്ങൾക്ക് അയവ് വരുത്തിയതോടെയാണ് സാമ്പത്തിക രംഗം മെച്ചപ്പെട്ടത്.
സെപ്തംബര് മുതലുള്ള ആദ്യ പാദത്തിൽ GDP 3.3 ശതമാനം ഉയർന്നതായി ട്രെഷറർ ജോഷ് ഫ്രൈഡൻബർഗ് അറിയിച്ചു.
1976ന് ശേഷം ഇതാദ്യമായാണ് ഒരു പാദത്തിൽ GDP ഇത്രയധികം ഉയരുന്നതെന്ന് ഫ്രൈഡന്‍ബര്‍ഗ് പറഞ്ഞു.
ആറ് മാസത്തെ ഇടിവിന് ശേഷമാണ് രാജ്യത്തെ സാമ്പത്തിക രംഗം മെച്ചപ്പെടുന്നത്.
ഇത് ഇനിയും മെച്ചപ്പെടാനാണ് സാധ്യതയെന്ന് റിസേർവ് ബാങ്ക് ഗവർണർ ഫിലിപ്പ് ലോവെ പ്രതീക്ഷ പ്രകടിപ്പിച്ചു. അടുത്ത വർഷം സാമ്പത്തിക രംഗം അഞ്ച് ശതമാനവും, 2022ൽ നാല് ശതമാനവും വളർച്ച നേടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വിക്ടോറിയയിൽ മാത്രമാണ് സാമ്പത്തിക വളർച്ച അനുഭവപ്പെടാത്തത്. രണ്ടാം വ്യാപനം രൂക്ഷമായത്തോടെ വിക്ടോറിയ ലോക്ക് ഡൗണിലേക്ക് നീങ്ങിയിരുന്നു. ഇത് മൂലം കഴിഞ സാമ്പത്തികവർഷ പാദത്തിൽ സംസ്ഥാനത്തിന് ഇതിൽ നിന്ന് കരകയറാൻ കഴിഞ്ഞില്ല.
എന്നാൽ വിക്ടോറിയയിൽ ഇപ്പോൾ സ്ഥിതി മെച്ചപ്പെടുന്നതായി ഫ്രൈഡൻബർഗ് പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം വിക്ടോറിയയുടെ സാമ്പത്തികവും മെച്ചപ്പെട്ടിരുന്നെങ്കിൽ GDP അഞ്ച് ശതമാനം ഉയർന്നേനെയെന്ന് ഫ്രൈഡൻബർഗ് ചൂണ്ടിക്കാട്ടി.
'പുതിയ കണക്കുകൾ പ്രതീക്ഷ നൽകുന്നു'
പുതിയ കണക്കുകൾ പ്രതീക്ഷ നല്കുന്നതാണെങ്കിലും ഓസ്ട്രേലിയ പ്രതിസന്ധിയിൽ നിന്ന് കരകയറിയിട്ടില്ലെന്ന് ട്രെഷറർ ജോഷ് ഫ്രൈഡൻബർഗ് പറഞ്ഞു.
സാമ്പത്തിക മാന്ദ്യം അവസാനിച്ചുവെന്നും എന്നാൽ പൂർണമായും മോചനം നേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോയതോടെ ഉണ്ടായ തൊഴിലില്ലായ്മാ നിരക്കിലെ വർദ്ധനവ് വർഷങ്ങൾ തുടരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.
ഗാർഹിക ഉപഭോഗമാണ് ഓസ്‌ട്രേലിയൻ സാമ്പത്തിക രംഗത്തിന്റെ 60 ശതമാനം വളർച്ചക്കും കാരണം. സെപ്റ്റംബർ പാദത്തിൽ ഇത് 7.9 ശതമാനം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷ പാദത്തിൽ ഇതിൽ 12.5 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
60 വർഷത്തിൽ ആദ്യമായാണ് ഒരു പാദത്തിൽ ഇത്രയധികം ഗാർഹിക ഉപഭോഗം ഉയരുന്നത്.
കഴിഞ്ഞ സാമ്പത്തിക പാദത്തെ അപേക്ഷിച്ച് കൊറോണ നിയന്ത്രണങ്ങൾ അവസാനിച്ചതോടെ ഹോട്ടലുകൾ, പബുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ ജനങ്ങൾ 50 ശതമാനം പണം ചിലവഴിക്കുന്നതായാണ് കണക്കുകൾ. കഴിഞ സാമ്പത്തികവര്‍ഷ പാദത്തിൽ ഇത് 56.3 ശതമാനം കുറവായിരുന്നു.
കൂടാതെ നിർമാണമേഖലയിൽ ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായവും ഇതിന് സഹായകമായതായി BIS Oxford Economics ലെ ചീഫ് എക്കണോമിസ്റ് സാറ ഹണ്ടർ പറഞ്ഞു.
1991നു ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് പോയത്.
1.3 ശതമാനവും, 0.1 ശതമാനവുമായിരുന്നു 1991ല്‍ തുടര്‍ച്ചയായി രണ്ടു പാദങ്ങളില്‍ GDP ഇടിഞ്ഞത്. എന്നാൽ അതിനെക്കാള്‍ രൂക്ഷമായിരുന്നു 2020ലെ ഇടിവ്.
ഒരു പാദത്തില്‍ ഏഴു ശതമാനം ഇടിവ് എന്നത് ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു.
എസ് ബി എസ് മലയാളം ഇന്നത്തെ വാർത്ത – ഓസ്ട്രേലിയൻ മലയാളി അറിയേണ്ട എല്ലാ വാർത്തകളും (തിങ്കൾ-വെള്ളി 8pm)