ക്വീൻസ്ലാന്റിൽ വികസിപ്പിച്ചെടുത്ത ആന്റിബോഡി നൽകാൻ അഭ്യർത്ഥിച്ചുകൊണ്ട് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് കത്തെഴുതിയിരുന്നു. മനുഷ്യ ശരീരത്തിൽ നിപ വൈറസിന്റെ പ്രവർത്തനം നിഷ്ക്രിയമാക്കാൻ ഈ ആന്റിബോഡി സഹായിക്കുമോ എന്ന് പരീക്ഷിക്കാനാണ് ICMR ഉദ്ദേശിക്കുന്നത്.
ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാരുമായി ചർച്ചകൾ നടക്കുകയാണെന്നും, അടുത്തയാഴ്ചയോടെ ആന്റിബോഡി ഇന്ത്യയ്ക്ക് നൽകുമെന്നും ക്വീൻസ്ലാന്റ് ആരോഗ്യവക്താവ് എസ് ബി എസ് മലയാളം റേഡിയോയെ അറിയിച്ചു.
ഓസ്ട്രേലിയയിൽ നിപക്കു സമാനമായ ഹെൻഡ്ര വൈറസ് ബാധയുണ്ടായപ്പോൾ നൽകിയ ആന്റിബോഡിയാണ് ഇത്. മറ്റു മരുന്നുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ പൂർണമായി പരീക്ഷിച്ച് വിജയിച്ചിട്ടില്ലാത്ത മരുന്നുകൾ ഉപയോഗിക്കുന്ന കംപാഷണേറ്റ് യൂസ് പ്രോട്ടോക്കോളിന്റെ (Compassionate Use Protocol) അടിസ്ഥാനത്തിലാണ് ഈ ആൻറിബോഡി ഉപയോഗിച്ചത്.
നിപ വൈറസിന് ഈ ആന്റിബോഡി പൂർണമായും പ്രയോജനപ്രദമാകുമോ എന്ന കാര്യം ക്വീൻസ്ലാന്റ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ നിപ ബാധ നിയന്ത്രിക്കുന്നതിന് ഇത് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യവകുപ്പ് വക്താവ് പറഞ്ഞു.
കോഴിക്കോടും മലപ്പുറത്തുമായി 12 പേരാണ് നിപ മൂലം ഇതുവരെ മരിച്ചത്. ഇപ്പോഴും വൈറസ് ബാധയുടെ കാരണം വ്യക്തമായിട്ടില്ല. കൂടുതൽ പ്രദേശങ്ങളിലേക്ക് വൈറസ് പടരുമോ എന്ന ആശങ്ക കൂടി നിലനിൽക്കുന്നതിനിടെയാണ് ഇന്ത്യ ഓസ്ട്രേലിയയുടെ സഹായം അഭ്യർത്ഥിച്ചത്.