ന്യൂസിലന്റിലെ ക്രൈസ്റ്റ്ചർച്ചിൽ നടത്തിയ ഭീകരാക്രമണം അക്രമി തത്സമയം ഫേസ്ബുക്കിലൂടെ നൽകിയിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഓസ്‌ട്രേലിയയിൽ ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നത്.
പുതിയ നിയമപ്രകാരം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അക്രമ ദൃശ്യങ്ങൾ ഉടൻ തന്നെ കമ്പനികൾ പിൻവലിക്കണം. ഇതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്ക് പിഴയും ജയിൽ ശിക്ഷയും ലഭിക്കും.
ആഗോള തലത്തിൽ കമ്പനിക്ക് ലഭിക്കുന്ന ആകെ ലാഭത്തിന്റെ പത്ത് ശതമാനമായിരിക്കും പിഴ. ഇതിനു പുറമെ മൂന്ന് വര്ഷം തടവും.
കൂടാതെ ഇത്തരം ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ കമ്പനികൾ എത്രയും വേഗം ഫെഡറൽ പൊലീസിനെ വിവരമറിയിക്കേണ്ടതുമാണ്.
സോഷ്യൽ മീഡിയ കമ്പനികൾക്ക് മേൽ കടിഞ്ഞാണിടാൻ ഈ നിയമം മറ്റുള്ള G20 രാജ്യങ്ങൾക്കും പ്രോത്സാഹനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.
ഫെഡറൽ തെരഞ്ഞെടുപ്പിന് വെറും ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് നിയമം പാസായത്. ഇത് സംബന്ധിച്ച ബിൽ ബുധനാഴ്‌ച സെനറ്റിൽ പാസായിരുന്നു. വ്യാഴാഴ്ച ഉപരിസഭയിലും പാസായ സാഹചര്യത്തിലാണ് ഇത് നിയമമായത്.

Source: SBS
ഇത് സംബന്ധിച്ച നിയമനിർമാണം ശനിയാഴ്ച തന്നെ ഔദ്യോഗികമായി സ്കോട്ട് മോറിസൻ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഫേസ്ബുക്, ട്വിറ്റർ, ഗൂഗിൾ തുടങ്ങിയ കമ്പനികൾ പ്രതിനിധികളായ ഡിജിറ്റൽ ഇൻഡസ്ടറി ഗ്രൂപ്പിന് ഇതിന്റെ ആദ്യരൂപരേഖ നൽകുകയും ചെയ്തിരുന്നു.
'വെറുക്കപ്പെടുന്ന അക്രമ ദൃശ്യങ്ങൾ' എന്നാണ് നിയമത്തിൽ ഈ ദൃശ്യങ്ങളെ വിശേഷിപ്പിക്കുന്നത്.
ക്രൈസ്റ്റ് ചർച്ചിലേതുപോലുള്ള അക്രമ ദൃശ്യങ്ങൾ തത്സമയം പ്രക്ഷേപണം ചെയ്യാൻ മുൻനിരമാധ്യമങ്ങൾക്ക് അനുവാദമില്ല. അത്തരത്തിൽ സോഷ്യൽ മീഡിയയിലും ഇത്തരം ദൃശ്യങ്ങൾ നൽകുന്നതിൽ വിലക്കേർപ്പെടുത്തുന്നതാണ് ഈ നിയമമെന്ന് വാർത്താവിനിമയ മന്ത്രി മിച്ഫീൽഡ് പറഞ്ഞു.
ഭീകരവാദികളും ക്രിമിനലുകളും കുറ്റകൃത്യങ്ങൾ ചെയ്യാൻ സാമൂഹ്യമാധ്യമം ഒരു വേദിയാകുന്ന രീതിയാണ് ക്രൈസ്റ്റ് ചർച്ചിലെ സംഭവം തെളിയിച്ചതെന്ന് അറ്റോണി ജനറൽ ക്രിസ്ത്യൻ പോർട്ടർ അഭിപ്രായപ്പെട്ടു.
അതേസമയം, ഇങ്ങനെയൊരു നിയമം കൊണ്ടുവന്നതിൽ ലേബർ ആശങ്ക രേഖപ്പെടുത്തി. സർക്കാരിന്റേത് പെട്ടെന്നുള്ള തീരുമാനമായിപോയെന്നും നിയമം ലക്‌ഷ്യം നേടുമെന്ന് കരുതുന്നില്ലെന്നും ഷാഡോ അറ്റോർണി ജനറൽ മാർക്ക് ഡ്രെയ്‌ഫുസ് ആശങ്ക രേഖപ്പെടുത്തി.
ഇതിനിടെ ഇത്തരം അക്രമ ദൃശ്യങ്ങൾ ലൈവായി നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഫേസ്ബുക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷെറിൽ സാൻഡ്ബർഗ് തുറന്ന കത്തിലൂടെ അറിയിച്ചു.