മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
മാസ്ക് ധരിച്ച മുന്നണിപോരാളികളുടെ ചിത്രങ്ങൾ അടങ്ങിയ 1.10 ഡോളറിന്റെ അഞ്ച് സ്റ്റാമ്പുകളാണ് ഓസ്ട്രേലിയ പോസ്റ്റ് പുറത്തിറക്കിയത്.
ആരോഗ്യ പ്രവർത്തകർ, ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്സ് അധികൃതർ, പൊലീസ്, അവശ്യസേവനങ്ങളിൽ ജോലി ചെയ്യുന്നവർ, അധ്യാപകർ, സൂപ്പർമാർക്കറ്റ് ജീവനക്കാർ, ഭക്ഷണപദാർത്ഥങ്ങൾ വിതരണം ചെയ്യുന്നവർ തുടങ്ങി ഓസ്‌ട്രേലിയയിൽ കൊവിഡ് പ്രതിരോധപ്രവർത്തനത്തിൽ മുൻനിര പോരാളികളായവർക്കുള്ള ആദര സൂചകമായാണ് പുതിയ സ്റ്റാമ്പുകൾ.
മഹാമാരിയിയിൽ നിന്ന് ഓസ്‌ട്രേലിയൻ ജനതയെ സംരക്ഷിക്കുന്നതിൽ കഴിഞ്ഞ 12 മാസങ്ങളായി ഇവർ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് ഓസ്ട്രേലിയ പോസ്റ്റ് എക്സിക്യൂട്ടീവ് ജനറൽ മാനേജർ കമ്മ്യൂണിറ്റി ആൻഡ് കൺസ്യൂമർ നിക്കോൾ ഷെഫിൽഡ് പറഞ്ഞു.

Source: Australia Post
ആരോഗ്യ പ്രവർത്തകർ ആയിരക്കണക്കിന് പേരെയാണ് പരിശോധിച്ചത്. നമ്മുടെ അതിർത്തി സംരക്ഷിക്കാനും ക്വാറന്റൈൻ പദ്ധതി നടപ്പാക്കാനുമായി പോലീസും ബോർഡർ ഫോഴ്‌സ് അധികൃതരും നിരന്തരം പ്രവർത്തിച്ചു. കൂടാതെ കുട്ടികൾക്ക് ഓൺലൈൻ പഠനം നടത്താൻ അധ്യാപകർ സജ്ജരായി മുൻപോട്ടുവരികയും ചെയ്തു.
ഇതിന് പുറമെ ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ ലഭ്യമാക്കാൻ സൂപ്പർമാർക്കറ്റ് ജീവനക്കാരും ഏറെ പരിശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇവരുടെ സേവനങ്ങളാണ് രാജ്യത്തെ മുൻപോട്ടു നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയ പോസ്റ്റ് ഡിസൈൻ സ്റ്റുഡിയോയിൽ രൂപകൽപ്പന ചെയ്തതാണ് ഈ അഞ്ച് സ്റ്റാമ്പുകളും.