അമേരിക്കൻ മരുന്ന് കമ്പനിയായ മെർക്ക് ഷാർപ് ആൻഡ് ഡോം ആണ് മൊനുപ്പിറവിയർ (Molnupiravir) എന്ന ആന്റി വൈറൽ മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. ഇതിന്റെ അന്തിമ ഘട്ട ക്ലിനിക്കൽ പരിശോധന പുരോഗമിക്കുകയാണ്.
കൊവിഡ് ബാധ മൂലം ആവശ്യമാകുന്ന ആശുപത്രി ചികിത്സയും, മരണങ്ങളും 50 ശതമാനത്തോളം കുറയ്ക്കാൻ ഈ മരുന്നിന് കഴിയുമെന്നാണ് പരീക്ഷണങ്ങൾ തെളിയിച്ചിരിക്കുന്നത്.
ഇതേത്തുടർന്നാണ് മൊനുപ്പിറവിയറിന്റെ മൂന്ന് ലക്ഷം ഡോസുകൾക്ക് ഓസ്ട്രേലിയ ഓർഡർ നൽകിയിരിക്കുന്നത്.
മുതിർന്നവർക്ക് കൊവിഡ് ബാധിക്കുമ്പോൾ ഉണ്ടാകുന്ന നേരിയ രോഗലക്ഷണങ്ങൾ മുതൽ ഗുരുതരമല്ലാത്ത ലക്ഷണങ്ങൾ വരെ ചികിത്സിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ മരുന്ന് വികസിപ്പിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയയിൽ ഉപയോഗിക്കുന്നതിന് TGA അനുമതി നൽകിയാൽ, 2022 ആദ്യം മുതൽ മരുന്ന് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.
ക്യാപ്സ്യൂൾ രൂപത്തിലുള്ള ഈ മരുന്ന്, ദിവസം രണ്ട് നേരം വീതം അഞ്ച് ദിവസം എന്ന രീതിയിലാണ് ചികിത്സ.
മരുന്ന് സൂക്ഷിക്കുന്നതിന് താപനില ഒരു പ്രശ്നമല്ലാത്തതിനാൽ, ഏത് സാഹചര്യത്തിലും ഇത് ഉപയോഗിക്കാം.
ഓസ്‌ട്രേലിയയിൽ വാക്‌സിനേഷൻ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങൾ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
അതിനാൽ കൊവിഡ് ചികിത്സക്കായുള്ള മരുന്നുകൾ വാങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ ഗുളികകൾ പോലെ കഴിക്കാവുന്ന ഈ മരുന്ന്, ആവശ്യാനുസരണം ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു.
കൊവിഡ് പ്രതിരോധത്തിൽ വാക്‌സിൻ മുഖ്യ പങ്കു വഹിക്കുന്നുണ്ടെങ്കിലും, പുതിയ ചികിത്സകൾ കണ്ടെത്തേണ്ടത് ആവശ്യമാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയിലെ എപിഡമോളജിസ്റ്റ് അഡ്രിയാൻ എസ്റ്റെർമാൻ ചൂണ്ടിക്കാട്ടി.