വിക്ടോറിയയിലെ ക്ളോസ് കോൺടാക്ട് നിർദ്ദേശങ്ങളിലും വാക്‌സിൻ നിബന്ധനകളിലും മാറ്റം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായി പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് വ്യക്തമാക്കി.
സംസ്ഥാനത്ത് വിമാനത്താവളങ്ങളിൽ ജോലി ചെയ്യുന്നവരുടെ ഐസൊലേഷൻ നിയമങ്ങളിൽ മാറ്റം നടപ്പിലാക്കിയതിന് പിന്നാലെയാണ് പ്രീമിയർ ഇക്കാര്യം പറഞ്ഞത്.
എയർലൈൻ സ്റ്റാഫിൽ ക്ലോസ് കോൺടാക്ട് ആകുന്നവരുടെ ഐസൊലേഷൻ നിയമങ്ങളിലാണ് മാറ്റം നടപ്പിലാക്കുന്നതെന്ന് വിക്ടോറിയൻ ആരോഗ്യ വകുപ്പ് പറഞ്ഞു.
ക്ളോസ് കോൺടാക്ട് ആകുന്ന പൈലറ്റുമാർ, ക്രൂ, എയർപോർട്ട് സെക്യൂരിറ്റി, ബാഗേജ് കൈകാര്യം ചെയ്യുന്നവർ എന്നിവരുൾപ്പെടെയുള്ള എയർ ട്രാൻസ്പോർട്ട് സർവീസ് തൊഴിലാളികൾക്ക് ഐസൊലേഷൻ ബാധകമായിരിക്കില്ല. ചൊവ്വാഴ്ച മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.
റാപിഡ് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിക്കുന്ന, രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ജോലി ചെയ്യാം എന്നാണ് നിർദ്ദേശം.
അഞ്ചു ദിവസം RAT പരിശോധന നടത്തുകയും ജോലിയിൽ അല്ലാത്ത സാഹചര്യങ്ങളിൽ ഐസൊലേഷൻ നിബന്ധനകൾ പാലിക്കുകയും വേണമെന്നാണ് നിർദ്ദേശം.
രോഗലക്ഷണങ്ങൾ ഉണ്ടാവുകയോ പരിശോധനയിൽ പോസിറ്റീവ് ആവുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഇളവ് ബാധകമായിരിക്കില്ല.
NSWൽ ഈ മാറ്റം തിങ്കളാഴ്ച പ്രാബല്യത്തിൽ വന്നിരുന്നു.
അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്താണ് നടപടി.
ആഴ്ചകൾക്കുള്ളിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായി പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് വ്യക്തമാക്കി.
കേസുകൾ ഉയർന്ന് നിൽകുമ്പോൾ ഇത് നടപ്പിലാക്കുന്നത് ഉചിതമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിക്ടോറിയയിൽ പുതിയതായി 10,293 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
വീടുകളിലെ ക്ളോസ് കോൺടാക്ട് നിർദ്ദേശങ്ങൾ, QR കോഡ്, വാക്‌സിനേഷൻ നിബന്ധനകൾ തുടങ്ങിയവയിലാണ് മാറ്റം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയയിൽ പുതിയ 38 കൊവിഡ് മരണങ്ങൾ
വിക്ടോറിയയിൽ 12 പേരും ന്യൂ സൗത്ത് വെയിൽസിൽ 11 പേരും കൊവിഡ് ബാധിച്ച് മരിച്ചു.
ക്വീൻസ്‌ലാന്റിലും സൗത്ത് ഓസ്‌ട്രേലിയയിൽ ആറ് പേർ വീതം കൊവിഡ് ബാധിച്ച് മരിച്ചതായാണ് കണക്കുകൾ. വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് കഴിഞ്ഞ ബുധനാഴ്ചത്തെ കണക്കുകളിൽ നിന്നാണ്.
തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത അഞ്ച് മരണങ്ങളിൽ നിന്ന് കുത്തനെയുള്ള വർദ്ധനവാണ് ചൊവ്വാഴ്ചത്തെ കണക്കുകളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ന്യൂ സൗത്ത് വെയിൽസിൽ 15,334 പുതിയ കേസുകൾ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 1,584 പേർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്.
ക്വീൻസ്ലാന്റിൽ 7,882 പുതിയ രോഗബാധയാണ് റിപ്പോർട്ട് ചെയ്തത്.
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ 6,348 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
സൗത്ത് ഓസ്‌ട്രേലിയയിൽ 4,401 കേസുകൾ റിപ്പോർട്ട് ചെയ്തു.
ടാസ്മേനിയയിൽ 2,050 പുതിയ രോഗബാധ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Share

