ഓസ്‌ട്രേലിയയിൽ 21,000 പുതിയ കൊവിഡ് കേസുകളാണ് ഞായറാഴ്ച സ്ഥിരീകരിച്ചത്.
എല്ലാ സംസ്ഥാനങ്ങളിലും ടെറിറ്ററികളിലും കൊവിഡ് വൈറസിന്റെ പകർച്ചാ നിരക്ക് ഒന്ന് എന്ന നിലയിലാണെന്ന് അധികൃതർ പറഞ്ഞു.
രോഗം ബാധിച്ച ഒരാളിൽ നിന്ന് ഒരാളിലേക്ക് മാത്രമാണ് രോഗം പടരുന്ന നിലവിലെ നിരക്ക് എന്നാണ് പകർച്ചാ നിരക്ക് ഒന്നിലേക്ക് മാറിയിരിക്കുന്നു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഓസ്‌ട്രേലിയയിൽ നിലവിൽ 220,000 പേരിൽ സജീവ രോഗബാധയുണ്ടെന്നാണ് കണക്കുകൾ.
24 കൊവിഡ് മരണങ്ങളാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച 70 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് കൊറോണവൈറസിന്റെ പകർച്ചാ നിരക്ക് കുറയുന്നത് പ്രതീക്ഷ നൽകുമ്പോൾ ഫ്ലുബാധയുടെ നിരക്കിൽ ആശങ്കയുള്ളതായി വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.
ഫ്ലുബാധ റെക്കോർഡ് നിരക്കിൽ
മേയ് മാസത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഏറ്റവും ഉയർന്ന ഫ്ലുബാധ നിരക്കാണ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
മേയ് മാസത്തിൽ 65,770 ഇൻഫ്ലുവൻസ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2019ലെ മേയ് മാസത്തിൽ റിപ്പോർട്ട് ചെയ്ത ഇൻഫ്ലുവൻസ കേസുകളുടെ ഇരട്ടിയിലധികമാണ് ഇത്.
ഈ വര്ഷം 88,000 പേരിൽ ഫ്ലൂ ബാധിച്ചതായാണ് ജൂൺ അഞ്ചുവരെയുള്ള കണക്കുകൾ. ഫ്ലൂ ബാധയുമായി ബന്ധപ്പെട്ട് 27 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയ ഫ്ലൂവിനെ പ്രതിരോധിക്കാൻ നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള പുതിയ വാക്‌സിനുകൾ വികസിപ്പിക്കുന്ന കാര്യവും പരിഗണിക്കണെമെന്ന് വിദഗ്ദ്ധർ നിർദ്ദേശിച്ചു.
ഉയർന്ന ഇൻഫ്ലുവൻസ നിരക്ക് ഓസ്‌ട്രേലിയ എങ്ങനെ നേരിട്ടുവെന്നത് മറ്റ് രാജ്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുമെന്ന് രംഗത്തെ വിദഗദ്ധർ വിലയിരുത്തി.