ചൈനയില്‍ നിന്ന് തുടങ്ങിയ COVID -19 എന്ന കൊറോണ വൈറസ് 30 രാജ്യങ്ങളിലായി 80,000ലേറെ പേരിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഇതോടെയാണ് ലോകാരോഗ്യ സംഘടന ഇതിനെ ആഗോള മഹാമാരിയായി (Pandemic) പ്രഖ്യാപിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
മഹാമാരിയാകാന്‍ ശേഷിയുള്ളതാണ് കൊറോണ വൈറസെന്നും അതിനാല്‍ എല്ലാ രാജ്യങ്ങളും മുന്‍കരുതലെടുക്കണമെന്നും WHO മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ്, അടിയന്തര സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളുടെ രൂപരേഖ ഓസ്‌ട്രേലിയ പുറത്തുവിട്ടത്.
എന്താണ് മഹാമാരി (Pandemic)?
ഒരു രോഗം എപ്പോഴാണ് മഹാമാരിയായി പ്രഖ്യാപിക്കുക എന്നതിന് വ്യക്തമായ ഒരു നിര്‍വചനം ലോകാരോഗ്യ സംഘടന നല്‍കിയിട്ടില്ല.
എന്നാല്‍ രാജ്യാതിര്‍ത്തികള്‍ക്ക് പുറത്തേക്ക് ഒരു രോഗം എത്തുകയും, പ്രാദേശികമായി തന്നെ പര്‍ന്നുപിടിച്ചു തുടങ്ങുകയും ചെയ്യുമ്പോഴാണ് മഹാമാരിയായി പ്രഖ്യാപിക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ സഞ്ജയ സേനാനായകെ എസ് ബി എസ് ന്യൂസിനോട് പറഞ്ഞു.
1918ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്‌ളൂ, HIV ബാധ, 2009 ല്‍ പടര്‍ന്നുപിടിച്ച പന്നിപ്പനി എന്നിവയെല്ലാം മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്ത് ഏറ്റവും ഭീതി പടര്‍ത്തിയ മഹാമാരിയായിരുന്നു 1918ലെ സ്പാനിഷ് ഫ്‌ളൂ.
അഞ്ചു കോടിയിലേറെ പേരാണ് ലോകത്താകമാനം ഈ രോഗം ബാധിച്ച് ഒരു വര്‍ഷത്തിനിടെ മരിച്ചത്.
കൊറോണ വൈറസും മഹാമാരി എന്ന ഗണത്തിലേക്ക് എത്തുകയാണെന്ന് അസോസിയേറ്റ് പ്രൊഫസര്‍ സേനാനായകെ പറഞ്ഞു.
ഓസ്‌ട്രേലിയയുടെ തയ്യാറെടുപ്പ്
കൊറോണ വൈറസ് ബാധ കൂടുതല്‍ രൂക്ഷമാകുകയാണെങ്കില്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ ഉള്‍പ്പെടുത്തി ഒരു രൂപരേഖ പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ആരോഗ്യവകുപ്പ്.
'The COVID19 plan' എന്ന പേരിലാണ് ഈ രൂപരേഖ (ബ്ലൂ പ്രിന്റ്) ഫെഡറല്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.
633d5b7c-ef23-4f00-8362-296e656f946b
രാജ്യത്ത് വലിയ രീതിയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചാല്‍ എങ്ങനെ നേരിടണം എന്നു വിശദീകരിക്കുന്നതാണ് ഈ രൂപരേഖ.
'ഓസ്‌ട്രേലിയയ്ക്ക് കനത്ത ഭീഷണിയുയര്‍ത്തുകയാണ് നോവല്‍ കൊറോണവൈറസ് ബാധ' എന്ന് രൂപരേഖ പറയുന്നു.
'ഉയര്‍ന്ന തോതില്‍ രോഗബാധയും മരണനിരക്കുമുണ്ടാകാനും, സാമൂഹികമായും സാമ്പത്തികമായും രാജ്യത്തെ തകര്‍ക്കാനും ശേഷിയുള്ളതാണ് ഈ വൈറസ് ബാധ.' എന്നും രൂപരേഖ ചൂണ്ടിക്കാട്ടുന്നു.
ഓസ്‌ട്രേലിയയില്‍ ഇതുവരെ 23 പേര്‍ക്കാണ് രോഗം പിടിപെട്ടത്. ഇതില്‍ 15 പേരും സുഖം പ്രാപിച്ചു. എന്നാല്‍ സ്ഥിതി മോശമായാല്‍ എന്തു ചെയ്യണം എന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
വൈറസ് ബാധയുടെ ആഘാതത്തെ മൂന്നു തലങ്ങളിലായി വേര്‍തിരിച്ചാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
2009ലെ പന്നിപ്പനി ബാധ പോലുള്ള 'ലോ ഇംപാക്ട്' അഥവാ കുറഞ്ഞ തോതിലെ രോഗബാധയാണെങ്കില്‍ നിലവിലുള്ള നിയമങ്ങളും ആരോഗ്യസംവിധാനവും കൊണ്ട് അത് നേരിടാന്‍ കഴിയും.
മോഡറേറ്റ്, അഥവാ ഇടത്തരം ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ രോഗം പടര്‍ന്നാല്‍ ആശുപത്രികള്‍ അതീവ സമ്മര്‍ദ്ദത്തിലാകും എന്ന് ഇത് ചൂണ്ടിക്കാട്ടുന്നു.
ജീവനക്കാര്‍ കൂടുതല്‍ ജോലി ചെയ്യേണ്ടിവരുന്നതു പോലുള്ള ബദല്‍ മാര്‍ഗ്ഗങ്ങളും ഈ സാഹചര്യത്തില്‍ വേണ്ടിവരും. കൂടുതല്‍ ക്ലിനിക്കുകളും മറ്റു പരിശോധനാ കേന്ദ്രങ്ങളും സ്ഥാപിക്കേണ്ടിയും വരും.
1918ലെ സ്പാനിഷ് ഫ്‌ളൂ പോലെ 'ഹൈ' അഥവാ ഉയര്‍ന്ന തോതില്‍ വൈറസ് പടര്‍ന്നാല്‍ രാജ്യത്തിന് കനത്ത വെല്ലുവിളിയാകും എന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
ഈ സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ പുതിയ നിയമനിര്‍മ്മാണം ഉള്‍പ്പെടെ വേണ്ടിവന്നേക്കാം എന്നാണ് COVID-19 ബ്ലൂ പ്രിന്റ് പറയുന്നത്.
സ്‌കൂളുകളും ജോലിസ്ഥലങ്ങളും അടച്ചിടുക, വലിയതോതില്‍ ജനങ്ങള്‍ ഒത്തുചേരുന്നത് നിരോധിക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കും.
ഇപ്പോള്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് പോലുള്ള യാത്രാ വിലക്കുകള്‍ മഹാമാരിയായി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പ്രായോഗികമാകില്ല എന്ന് അസോസിയേറ്റ് പ്രൊഫസര്‍ സേനാനായകെ പറയുന്നു.
'ഒന്നോ രണ്ടോ രാജ്യത്താണ് രോഗം പടരുന്നതെങ്കില്‍ യാത്രാവിലക്ക് പ്രഖ്യാപിക്കാം. പക്ഷേ ലോകം മുഴുവന്‍ പടര്‍ന്നാല്‍ യാത്ര വിലക്കുന്നത് പ്രായോഗികമല്ല.'