കൊറോണവൈറസ് ബാധയെത്തുടർന്നുള്ള സാമൂഹിക നിയന്ത്രണങ്ങൾ കർശനമായപ്പോഴാണ് ഈ വർഷമാദ്യം പൗരത്വ പരീക്ഷകളും അഭിമുഖങ്ങളും നിർത്തിവച്ചത്.
ഒന്നര ലക്ഷത്തോളം പൗരത്വ അപേക്ഷകളാണ് ഇപ്പോൾ തീരുമാനമാകാകെ ആഭ്യന്തര വകുപ്പിലുള്ളത്. പൗരത്വ അപേക്ഷകളിൽ തീരുമാനമെടുക്കുന്നതിന് 29 മാസം വരെ കാലതാമസമുണ്ടാകാമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുകയും ചെയ്യുന്നു.
തീരുമാനം വൈകുന്ന അപേക്ഷകളിൽ നല്ലൊരു ഭാഗവും പൗരത്വ പരീക്ഷയും അഭിമുഖവും നടക്കാത്തതു കാരണം നീണ്ടുപോകുന്നതാണ്.

Source: Screenshot from Home Affairs website
ഈ സാഹചര്യത്തിലാണ് പൗരത്വ പരീക്ഷകളും അഭിമുഖങ്ങളും വീണ്ടും തുടങ്ങാൻ സർക്കാർ തീരുമാനിച്ചത്.
പെർത്ത്, സിഡ്നി, അഡ്ലൈഡ്, ബ്രിസ്ബൈൻ എന്നീ നഗരങ്ങളിൽ ഈ നടപടികൾ തുടങ്ങിയതായി ആക്ടിംഗ് കുടിയേറ്റകാര്യമന്ത്രി അലൻ ടഡ്ജ് അറിയിച്ചു.
സംസ്ഥാനങ്ങളിലെയും ടെറിട്ടറികളിലെയും ആരോഗ്യ നിയമങ്ങളും സാമൂഹിക നിയന്ത്രണങ്ങളും പരിഗണിച്ചായിരിക്കും പരീക്ഷകളും അഭിമുഖങ്ങളും നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അപേക്ഷകരുടെയും ജീവനക്കാരുടെയും ആരോഗ്യ സംരക്ഷണം ഏറെ പ്രധാനമാണെന്നും കുടിയേറ്റമന്ത്രി ചൂണ്ടിക്കാട്ടി.
ജൂലൈ ആദ്യവാരത്തിൽ പെർത്തിലാണ് പൗരത്വ പരീക്ഷകൾ പുനരാരംഭിച്ചത്. സിഡ്നി, അഡ്ലൈഡ്, ബ്രിസ്ബൈൻ നഗരങ്ങളിലും പരീക്ഷകൾ നടത്തി തുടങ്ങി.
നടപടികൾ പുനരാരംഭിച്ച ശേഷം ഇതുവരെ 1,150 പേരോളം പൗരത്വ പരീക്ഷകളിൽ പങ്കെടുത്തതായും സർക്കാർ വ്യക്തമാക്കി.
കാൻബറ, ഹോബാർട്ട്, ഡാർവിൻ എന്നീ നഗരങ്ങളിലും ഈ മാസം തന്നെ പരീക്ഷകൾ ആരംഭിക്കുമെന്നും അലൻ ടഡ്ജ് അറിയിച്ചു.
മെൽബണിൽ എപ്പോൾ പൗരത്വപരീക്ഷകൾ തുടങ്ങുമെന്ന് വ്യക്തമല്ല.
രൂക്ഷമായ രോഗവ്യാപനവും നാലാം ഘട്ട ലോക്ക്ഡൗണും നിലനിൽക്കുന്നതിനാലാണ് ഇത്.
ഉൾനാടൻ മേഖലകളിലും പൗരത്വ പരീക്ഷകളും അഭിമുഖങ്ങളും തുടങ്ങിയിട്ടില്ല.
ആഭ്യന്തര വകുപ്പ് നേരിട്ടല്ല, സർവീസസ് ഓസ്ട്രേലിയയാണ് ഉൾനാടൻ പ്രദേശങ്ങളിൽ പൗരത്വ പരീക്ഷകൾ നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പ് വക്താവ് എസ് ബി എസിനോട് പറഞ്ഞു.
നിയന്ത്രണങ്ങളിൽ ഇളവു വരുന്നതനുസരിച്ച് ഉൾനാടൻ മേഖലകളിലും പൗരത്വ പരീക്ഷകൾ നടത്തുന്നതിനായി സർവീസസ് ഓസ്ട്രേലിയയുമായി ചേർന്ന് പദ്ധതികൾ തയ്യാറാക്കുന്നുണ്ടെന്നും ആഭ്യന്തര വകുപ്പ് വക്താവ് വ്യക്തമാക്കി.

Acting Immigration Minister Alan Tudge at a press conference at Parliament House in Canberra. Source: AAP
നേരത്തേ പൗരത്വദാന ചടങ്ങുകളും കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ നിർത്തിവച്ചിരുന്നു. തുടർന്ന് ഓൺലൈൻ ചടങ്ങുകൾ വഴി 73,000 പേരും, ജൂൺ മൂന്നിന് നേരിട്ടുള്ള ചടങ്ങുകൾ തുടങ്ങിയ ശേഷം 5,000 പേരും ചടങ്ങുകളിൽ പങ്കെടുത്തു.
എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകൾ കേൾക്കാൻ SBS Radio App ഡൗൺലോഡ് ചെയ്യുക – സൗജന്യമായി
കൊവിഡ് പ്രതിസന്ധിയുണ്ടായെങ്കിൽ പോലും 2019-20 സാമ്പത്തിക വർഷത്തിൽ ഓസ്ട്രേലിയൻ പൗരത്വം ലഭിച്ചവരുടെ എണ്ണം പുതിയ റെക്കോർഡാണ്. 204,000 പേരാണ് കഴിഞ്ഞ സാമ്പത്തികവർഷം ഓസ്ട്രേലിയൻ പൗരൻമാരായത്.


അതിൽ ഏറ്റവും വലിയ വിഭാഗം ഇന്ത്യൻ കുടിയേറ്റക്കാരാണ്. 38,000ലേറെ ഇന്ത്യാക്കാരാണ് അതുപേക്ഷിച്ച് ഓസ്ട്രേലിയൻ പൗരൻമാരായത്.