ഓസ്‌ട്രേലിയയിൽ ഫൈസർ വാക്‌സിനും ആസ്ട്രസെനക്ക വാക്‌സിനുമാണ് ഇപ്പോൾ വിതരണം ചെയ്ത് വരുന്നത്.
കൂടുതൽ പേർക്ക് കൊവിഡ് വാക്‌സിനേഷൻ നൽകാനായി മരുന്ന് കമ്പനിയായ മൊഡേണയുമായും ഓസ്ട്രേലിയ കരാർ ഒപ്പ് വച്ചതായി ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് സ്ഥിരീകരിച്ചു.
മൊഡേണ വാക്‌സിന്റെ ആദ്യ പത്ത് മില്യൺ ഡോസുകൾ ഈ വർഷം ഓസ്‌ട്രേലിയയിൽ എത്തും.
വാക്‌സിന്റെ ഒരു മില്യൺ ഡോസുകൾ സെപ്റ്റംബറോടെയും ബാക്കി ഒമ്പത് മില്യൺ ഡോസുകൾ ഡിസംബറോടെയും എത്തുമെന്ന് ഗ്രെഗ് ഹണ്ട് അറിയിച്ചു.
ഇതിന് പുറമെ 2022ൽ മൊഡേണയുടെ 15 മില്യൺ അധിക ഡോസുകൾ കൂടി രാജ്യത്ത് വിതരണം ചെയ്യുമെന്ന് മൊഡേണ കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അതായത് ആകെ 25 മില്യൺ മൊഡേണ ഡോസുകളാണ് ഓസ്ട്രേലിയ ഓർഡർ ചെയ്തിരിക്കുന്നത്.
വാക്‌സിന് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിക്കാൻ ഉടൻ അപേക്ഷ സമർപ്പിക്കുമെന്ന് മൊഡേണ അറിയിച്ചു.
യു കെ, കാനഡ, യൂറോപ്യൻ യൂണിയൻ, അമേരിക്ക, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ മോഡേണ വാക്‌സിന് അനുമതി ലഭിച്ചതാണ്.
mRNA സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന മൊഡേണ വാക്‌സിൻ ഓസ്‌ട്രേലിയയിൽ നിർമ്മിക്കാൻ കഴിയുമോ എന്നതിന്റെ ചർച്ചകളും പുരോഗമിക്കുകയാണ്.
അതേസമയം, വാക്‌സിൻ സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും TGA അംഗീകരിച്ച ശേഷം മാത്രമേ വിതരണത്തിന് അനുമതി നല്കുകയുള്ളുവെന്ന് സർക്കാർ അറിയിച്ചു.
മറ്റ് കൊവിഡ് വാക്‌സിനുകൾക്ക് സമാനമായി രണ്ട് ഡോസുകളാണ് മൊഡേണ വാക്‌സിനും ഉള്ളത്. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസങ്ങൾക്ക് ശേഷമാകും രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്.
കോവാക്‌സും നൊവവാക്സുമാണ് ഓസ്ട്രേലിയ കരാർ ഒപ്പ് വച്ചിട്ടുള്ള മറ്റ് വാക്‌സിനുകൾ. ഇതിൽ നൊവവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടക്കുകയാണ്.
കൊവിഡ് വാക്‌സിനേഷൻ പദ്ധതിക്കായി $1.9 ബില്യൺ ഡോളർ അധിക ഫണ്ട് ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയയിൽ mRNA വാക്‌സിൻ നിർമ്മിക്കാനായി പണം മാറ്റിവയ്ക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.