ദുബായ്, ദോഹ, അബുദാബി എന്നീ വിമാനത്താവളങ്ങളിൽ നിന്നും നേരിട്ട് ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഈ അധിക സുരക്ഷാ പരിശോധന ബാധകമാകുന്നത്.
സാധാരണയായി നടക്കുന്ന സുരക്ഷാ പരിശോധനയ്ക്ക് പുറമേ ബോർഡിങ് ഗെയ്റ്റുകളിൽ ഏക്സ്‌പ്ലോസീവ് ട്രേസ് ഡിറ്റക്ഷൻ (ETD) സ്ക്രീനിംഗിനും ഇവർ വിധേയരാകണം. എന്തെകിലും തരത്തിലുള്ള സ്‌ഫോടക വസ്തുക്കൾ കൈവശമുണ്ടോ എന്നറിയുന്നതിനാണിത്.
രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്തു ഇത് അടുത്തയാഴ്ച മുതൽ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് ഫെഡറൽ ഗതാഗത മന്ത്രി ഡാരൻ ചെസ്റ്റർ അറിയിച്ചു.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും യാത്രചെയ്യുന്നവർ ഇലക്ട്രോണിക് ഉപകരണങ്ങൾ വിമാനത്തിൽ കയറ്റുന്നതിൽ അടുത്തിടെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മാത്രമല്ല ഏക്സ്‌പ്ലോസീവ് ട്രേസ് ഡിറ്റക്ഷൻ (ETD) സ്ക്രീനിംഗ് പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് യു കെ പ്രഖ്യാപിച്ചിട്ടുമുണ്ട് .
ഇതിനു പിന്നാലെയാണ് ഓസ്‌ട്രേലിയയിലും അധിക സുരക്ഷാ പരിശോധനകൾ നിർബന്ധമാക്കുന്നത്. രാജ്യത്തിന് ഒരു സുരക്ഷാ ഭീഷണിയും നിലനിൽക്കുന്നില്ലെന്ന കാര്യം ആളുകൾക്ക് ഉറപ്പു നൽകുന്നതിനാണ് ഈ തീരുമാനവുമായി മുൻപോട്ടു പോകുന്നതെന്ന് ചെസ്റ്റർ വ്യക്തമാക്കി.
ക്വാണ്ടസ്, എത്തിഹാദ് (ഇതിൽ വിർജിൻ ഓസ്‌ട്രേലിയ കോഡ് ഷെറിങ് യാത്രക്കാരും ഉൾപ്പെടും), എമിറേറ്റ്സ്, ഖത്തർ എന്നീ എയർലൈൻസുകളിൽ യാത്ര ചെയ്യുന്നവർക്കാണ് ഇത് ബാധകമാകുന്നത്.
എന്നാൽ രാജ്യത്തേക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുവരുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.
ഓസ്‌ട്രേലിയയുടെ ഈ പുതിയ ഉത്തരവ് യാത്രക്കാരെ എങ്ങനെ ബാധിക്കുമെന്നറിയാൻ എയർലൈൻസിനെ ബന്ധപ്പെടേണ്ടതാണ്.