ഇന്ത്യയുള്‍പ്പെടെ മൂന്നു രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ ഓസ്‌ട്രേലിയക്കാരെ തിരിച്ചെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഡാർവിലേക്ക് വിമാനസർവീസുകൾ നടത്തുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഇതേതുടർന്ന് 150 പേരുമായി യു കെ യിൽ നിന്നുള്ള ആദ്യ ക്വാണ്ടസ് വിമാനം വെള്ളിയാഴ്ച ഡാർവിനിൽ എത്തി.
ഇതിന് പിന്നാലെയാണ് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന കൂടുതൽ പേരെ ഓസ്‌ട്രേലിയയിലേക്ക് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.
അടുത്ത മാസം മുതൽ വിദേശത്തു നിന്നും രാജ്യത്തേക്കെത്തുന്നവരുടെ എണ്ണം വര്ധിപ്പിക്കുമെന്നാണ് വെള്ളിയാഴ്ച ചേർന്ന ദേശീയ ക്യാബിനറ്റിന് ശേഷം സ്കോട്ട് മോറിസൺ പ്രഖ്യാപിച്ചത്.
വെസ്റ്റേൺ ഓസ്‌ട്രേലിയയിലേക്ക് 140 പേരെയും , ക്വീൻസ്ലാന്റിലേക്ക് 150 പേരെയും ഓരോ മാസവും അധികമായി അനുവദിക്കും.
കൂടാതെ സൗത്ത് ഓസ്ട്രേലിയ, ACT, ടാസ്മേനിയ എന്നീ സർക്കാരുകളും ക്വാറന്റൈൻ പരിധി ഉയർത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
നിലവിൽ 30,000ലേറെ ഓസ്‌ട്രേലിയക്കാരാണ് വിദേശത്ത് കുടുങ്ങിക്കിടക്കുന്നത്. ഇതിൽ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്തണമെന്ന ആവശ്യം അറിയിച്ച് 26,200 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതുവരെ 4,591 പേരെ തിരിച്ചെത്തിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് ഇന്ത്യ, യു കെ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നായി എട്ടു ക്വാണ്ടസ് വിമാനങ്ങൾ ഡാർവിനിലേക്ക് എത്തുന്നത്. ഇത് വഴി ഈ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 5,000 ഓളം പേരെ തിരിച്ചെത്തിക്കാനാണ് സർക്കാരിന്റെ ശ്രമം.
ഇനിയും കൂടുതൽ പേരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അതായത് ക്രിസ്തുമസിന് മുൻപായി വിദേശത്തുള്ള 26,000 പേരെ തിരിച്ചെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഏറ്റവും കാര്യക്ഷമതയോടെയും ദ്രുതഗതിയിലും ഇത് സാധ്യമാക്കണമെന്നാണ് ലക്ഷ്യമെന്നും ഇതിനായി സംസ്ഥാന -ടെറിറ്ററികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ എത്തിക്കാനുള്ള പദ്ധതിക്ക് പുറമെ അതിർത്തി തുറക്കാനുള്ള തീരുമാനത്തെക്കുറിച്ചും ദേശീയ കാബിനറ്റ് ചർച്ച ചെയ്തു.
ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റൈന് പകരം മറ്റു സംവിധാനങ്ങൾ പരീക്ഷിച്ചു തുടങ്ങുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
വീട്ടിലോ, ഫാമുകളിലോ, മൈനിംഗ് ക്യാംപിലോ, ക്യാംപസിലോ ഒക്കെ ക്വാറന്റൈൻ ചെയ്യാൻ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്.
ഓസ്ട്രേലിയയുടെ അതിർത്തികൾ തുറക്കുന്നതിന് മുമ്പ് ചെറിയ തോതിൽ ഇത് പരീക്ഷിക്കാൻ ദേശീയ ക്യാബിനറ്റ് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയൻ ആഭ്യന്തര അതിർത്തികൾ ക്രിസ്ത്മസിനോടടുത്ത് തുറക്കുന്നതിനോട് ദേശീയ കാബിനറ്റും സമ്മതിച്ചിട്ടുണ്ട്.
ഇതിനായി പ്രീമിയർമാരും മുഖ്യമന്ത്രിമാരും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ ചർച്ചകൾ നവംബറിൽ വീണ്ടും നടക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വെസ്റ്റേൺ ഓസ്ട്രേലിയ ഒഴികെയുള്ള സംസ്ഥാനങ്ങളാണ് ഇതിന് സമ്മതിച്ചിട്ടുള്ളത്.