കൊറോണവൈറസ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വിദേശത്തു കുടുങ്ങിക്കിടക്കുന്നവരെ ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്താൻ അനുവദിക്കുന്നതിൽ ജൂലൈ മുതൽ പരിധി ഏർപ്പെടുത്തിയിരിക്കുകയാണ്.
ആഴ്ചയിൽ 4,000 പേരെ മാത്രമാണ് തിരിച്ചെത്താൻ അനുവദിക്കുന്നത്.
ഈ പരിധി അടുത്തയാഴ്ച മുതൽ ഉയർത്താൻ ദേശീയ ക്യാബിനറ്റ് യോഗത്തിൽ തീരുമാനമായി.
സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിലുള്ള ഹോട്ടൽ ക്വാറന്റൈനു മേൽ സമ്മർദ്ദം നിയന്ത്രിക്കാനാണ് ഇത്തരം പരിധി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഹോട്ടൽ ക്വാറന്റൈൻ ശേഷി വർദ്ധിപ്പിക്കാമെന്ന് വിവിധ സംസ്ഥാനങ്ങൾ ദേശീയ ക്യാബിനറ്റ് യോഗത്തിൽ സമ്മതിച്ചു.
സെപ്റ്റംബർ 28 തിങ്കളാഴ്ച മുതൽ പല ഘട്ടങ്ങളായായിരിക്കും ഈ പരിധി ഉയർത്തുക.
അടുത്ത തിങ്കളാഴ്ച മുതൽ ന്യൂ സൗത്ത് വെയിൽസിലേക്ക് ആഴ്ചയിൽ 500 പേരെ കൂടി അധികമായി അനുവദിക്കും. നിലവിൽ ഒരാഴ്ചയിൽ 2,500 പേരെയാണ് ന്യൂ സൗത്ത് വെയിൽസിലേക്ക് എത്താൻ അനുവദിക്കുന്നത്.
ഇത് 3,000 ആയി ഉയരും.
വെസ്റ്റേൺ ഓസ്ട്രേലിയയും ക്വീൻസ്ലാന്റും തിങ്കളാഴ്ച മുതൽ 200 പേരെ വീതം അധികമായി അനുവദിക്കും.
ഒക്ടോബർ അഞ്ചു മുതൽ ക്വീൻസ്ലാന്റ് ഈ ശേഷി വീണ്ടും ഉയർത്തും. 300 പേരെ കൂടിയാകും ഓരോ ആഴ്ചയും അനുവദിക്കുക.
ഒക്ടോബർ 12 മുതൽ വെസ്റ്റേൺ ഓസ്ട്രേലിയയും സമാനമായ വർദ്ധനവ് വരുത്തും.
അതോടെ, ഒക്ടോബർ 12 മുതൽ നിലവിലുള്ളതിനെക്കാൽ 1,500 പേർക്ക് കൂടി ഓരോ ആഴ്ചയും അധികമായി രാജ്യത്തേക്ക് തിരിച്ചെത്താൻകഴിയും.
സൗത്ത് ഓസ്ട്രേിലയയും, നോർതേൺ ടെറിട്ടറിയും കൂടുതൽ പേരെ സ്വീകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും, ചെറിയ സംസ്ഥാനങ്ങളിലേക്ക് രാജ്യാന്തര വിമാനസർവീസുകൾ കുറവായതിനാലാണ് ഇപ്പോൾ അക്കാര്യം തീരുമാനിക്കാത്തതെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ വ്യക്തമാക്കി.
അടുത്തയാഴ്ച മുതൽ പൂർണതോതിൽ വർദ്ധനവ് വരുത്തണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശമെങ്കിലും, സ്കൂൾ അവധിക്കാലം കഴിഞ്ഞു മാത്രമേ നടപ്പാക്കാൻ കഴിയൂ എന്ന് ക്വീൻസ്ലാന്റും വെസ്റ്റേൺ ഓസ്ട്രേലിയയും അറിയിക്കുകയായിരുന്നു.
നിലവിൽ 24,000ഓളം ഓസ്ട്രേലിയക്കാരാണ് വിദേശത്ത് കുടുങ്ങിക്കിടക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഇപ്പോഴത്തെ പ്രഖ്യാപനം നടപ്പാക്കിയ ശേഷം, വീണ്ടും ഘട്ടം ഘട്ടമായി പരിധി വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
വിക്ടോറിയയിൽ ഇപ്പോഴും വിദേശത്തു നിന്നുള്ളവരെ അനുവദിക്കുന്നില്ല.
സർക്കാർ വിമാനം ഏർപ്പെടുത്തണമെന്ന് ആവശ്യം
അതേസമയം, പരിധി വർദ്ധിപ്പിച്ചാലും ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് എത്രത്തോളം തിരിച്ചുവരാൻ കഴിയുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്.
ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്താൻ അനുവദിക്കുന്നവർക്ക് പരിധി നിശ്ചയിച്ചതോടെ, വന്ദേഭാരത് മിഷന്റെ ഭാഗമായ എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രക്കാരെ കൊണ്ടുവരുന്നത് പരിമിതപ്പെടുത്തിയിരുന്നു.
സിഡ്നിയിലേക്കാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന എല്ലാ വന്ദേഭാരത് വിമാനങ്ങളും വരുന്നത്. സിഡ്നിയിലേക്ക് 500 പേരെ കൂടി ഒരാഴ്ചയിൽ അധികമായി അനുവദിക്കുന്നത് ഗുണകരമാകുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.
എന്നാൽ സെപ്റ്റംബർ 28നു ശേഷം നിലവിൽ രണ്ടു സർവീസുകൾ മാത്രമാണ് സിഡ്നിയിൽ നിന്ന് ഡൽഹിയിലേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. സെപ്റ്റംബർ 29നും, ഒക്ടോബർ ഒന്നിനും.
ഈ വിമാനങ്ങൾ സിഡ്നിയിലേക്ക് വരുമ്പോൾ കൂടുതൽ യാത്രക്കാരെ കൊണ്ടുവരുമോ എന്ന കാര്യം എയർ ഇന്ത്യ വ്യക്തമാക്കേണ്ടതുണ്ട്.
അതേസമയം, പരിധി വർദ്ധിപ്പിച്ചാൽ പോലും വിമാനസർവീസുകളുടെ അപര്യാപ്തത മൂലം യാത്ര സാധ്യമാകില്ല എന്ന ആശങ്കയിലാണ് നിരവധി യാത്രക്കാർ. ഓസ്ട്രേലിയൻ സർക്കാർ തന്നെ ഇടപെട്ട് വിമാനസർവീസുകൾ ഏർപ്പെടുത്തണമെന്ന് ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന നിരവധിപേർ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.