കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യന്‍ വ്യോമസേന പാക് അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയത്.
കശ്മീരിലെ പുൽവാമയിൽ ഫെബ്രുവരി 14നു സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണത്തിൽ ഒരു മലയാളി ജവാൻ ഉൾപ്പെടെ 40 പേർ കൊല്ലപ്പെട്ടിരുന്നു.
ബാലാകോട്ടിലെ ഭീകരക്യാമ്പുകളിലേക്കാണ് ആയിരം കിലോഗ്രാമോളം ബോംബുകള്‍ പ്രയോഗിച്ചതായി ഇന്ത്യ അറിയിച്ചത്.
കൂടുതൽ ഭീകരാക്രമണങ്ങൾക്ക് ജെയ്ഷ്-എ-മുഹമ്മദ് പദ്ധതിയിട്ടിരുന്നതായി ഇന്റലിജൻസ് വൃത്തങ്ങളിൽ നിന്നും അറിഞ്ഞ സാഹചര്യത്തിലാണ് വ്യോമാക്രണം നടത്തിയതെന്ന് ഇന്ത്യയുടെ വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഘ് ലെ ദില്ലിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇതിന് തിരിച്ചടി നല്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പാകിസ്ഥാനും പ്രസ്താവിച്ചിരുന്നു. ഇത്
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷഭരിതമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ആണവായുധങ്ങൾ കൈവശം ഉള്ള ഇന്ത്യയും പാകിസ്ഥാനും യുദ്ധ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാതെ ആക്രമണത്തിൽ നിന്നും പിന്മാറണമെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യമന്ത്രി മരിസ്സ പെയ്ൻ ആവശ്യപ്പെട്ടു.
ഇപ്പോൾ നിലനിക്കുന്ന അന്തരീക്ഷത്തിൽ ഓസ്‌ട്രേലിയക്ക് ആശങ്കയുണ്ട്. പ്രദേശത്തെ സമാധാനം നഷ്ടപ്പെടുത്തുന്ന ഇത്തരം നടപടികളിൽ നിന്നും ഇരു രാജ്യങ്ങളും പിന്മാറണമെന്നും സമാധാന ചർച്ചകളിലൂടെ ഒത്തുതീർപ്പിലെത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മാത്രമല്ല, പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത നിരോധിക്കപ്പെട്ട സംഘടനയായ ജെയ്ഷ്-എ-മുഹമ്മദ് ഉൾപ്പെടെയുള്ള "ഭീകരസംഘടനകൾ" ക്കെതിരെ പാകിസ്ഥാൻ ശക്തമായ നടപടികൾ സ്വീകരിക്കണം. പാകിസ്ഥാൻ അതിർത്തിയിൽ നിന്നും ഇനി ഇത്തരം സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും സെനറ്റർ പെയ്ൻ പറഞ്ഞു.
ഇരു രാജ്യങ്ങളും ആക്രമണത്തിൽ നിന്നും പിന്മാറണമെന്നു ഓസ്‌ട്രേലിയക്ക് പുറമെ യൂറോപ്യൻ യൂണിയനും ചൈനയും ആവശ്യപ്പെട്ടിട്ടുണ്ട്.
1971ന് ശേഷം പാകിസ്ഥാനിൽ ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണ് ചൊവ്വാഴ്ച നടന്നത്. ആക്രമണം നടന്നുവെന്ന കാര്യം പാകിസ്ഥാൻ സ്ഥിരീകരിച്ചിരുന്നു.
എന്നാൽ പ്രദേശത്ത് ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ഇരു രാജ്യങ്ങളും വ്യത്യസ്തങ്ങളായ അവകാശവാദം ആണ് ഉന്നയിക്കുന്നത്.
ഇതിനിടെ പാകിസ്ഥാന് നൽകുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും മരവിപ്പിക്കണമെന്ന് ഓസ്ട്രേലിയക്ക് മേൽ ഇന്ത്യ സമ്മർദ്ദം ചെലുത്തുന്നതായി ദി ഓസ്‌ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂ റിപ്പോർട്ട് ചെയ്യുന്നു.