ഓസ്ട്രേലിയൻ കൽക്കരി ഇറക്കുമതി ചൈന നിരോധിച്ചു; സാമ്പത്തിക രംഗത്തിന് കനത്ത ഭീഷണി

ഓസ്ട്രേലിയൻ കൽക്കരിക്ക് ചൈനീസ് സർക്കാർ നിരോധനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമം വ്യക്തമാക്കി. ഓസ്ട്രേലിയൻ സാമ്പത്തിക രംഗത്തിന് കനത്ത നഷ്ടമാകും ഈ നടപടിയെന്നാണ് ആശങ്ക

The mine project was once valued at $16.5 billion, which would have been the largest in Australia.

File photo Source: AAP

Highlights
  • ഓസ്ട്രേലിയിയൽ നിന്ന് ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത് വർഷം 14 ബില്യൺ ഡോളറിന്റെ കൽക്കരി
  • ഓസ്ട്രേലിയൻ കൽക്കരി കപ്പലുകൾ മാസങ്ങളായി ചൈനീസ് തീരത്ത് കാത്തുകിടക്കുന്നു
  • ബീഫ്, വൈൻ, ബാർലി, തടി, ലോബ്സ്റ്റർ തുടങ്ങിയവയ്ക്ക്ചൈന നേരത്തേ ഇറക്കുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു
ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ദ ഗ്ലോബൽ ടൈംസ് പത്രമാണ് കൽക്കരി ഇറക്കുമതി നിരോധനത്തിന്റെ കാര്യം റിപ്പോർട്ട് ചെയ്തത്.

ചൈനയിലെ താപവൈദ്യുത നിലയങ്ങൾക്ക് “ഓസ്ട്രേലിയ ഒഴികെയുള്ള” മറ്റു രാജ്യങ്ങളിൽ നിന്ന് കൽക്കരി ഇറക്കുമതി ചെയ്യാൻ സർക്കാർ അനുമതി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.

ഏതാനും മാസങ്ങളായി ഓസ്ട്രേലിയൻ കൽക്കരി കപ്പലുകൾ ചൈനീസ് തീരത്ത് കാത്തുകിടക്കുകയാണെങ്കിലും, നിരോധനം ഉള്ളതായി വ്യക്തമായ അറിയിപ്പുണ്ടായിരുന്നില്ല. ഇക്കാര്യത്തിലാണ് ഗ്ലോബൽ ടൈംസ് പുതിയ സ്ഥിരീകരണം നൽകിയിരിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിൽ ഇപ്പോൾ തന്നെ മോശമായിരിക്കുന്ന വ്യാപാരബന്ധം കൂടുതൽ വഷളാക്കുന്നതാകും ഈ നടപടി. ഓസ്ട്രേലിയൻ സമ്പദ്ഘടനയിൽ ബില്യൺ കണക്കിന് ഡോളറിന്റെ നഷ്ടത്തിനും ഇതു കാരണമാകും.

ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ ചൈനീസ് സർക്കാർ തയ്യാറാകണമെന്ന് വാണിജ്യമന്ത്രി സൈമൺ ബർമിംഗ്ഹാം ആവശ്യപ്പെട്ടു.

ചൈനയുടേത് വിവേചനപരമായ നടപടിയാണെന്നും, രാജ്യാന്തര വ്യാപാര കരാറുകളുടെ ലംഘനമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

“ചൈനീസ് ഔദ്യോഗിക മാധ്യമത്തിൽ വന്ന എല്ലാ റിപ്പോർട്ടുകളും ശരിയല്ല എന്ന് വിശ്വസിക്കാനാണ് ആഗ്രഹം. പക്ഷേ, ഓസ്ട്രേലിയൻ കൽക്കരി തടയുന്ന പ്രവണത ഇപ്പോൾ കണ്ടുവരുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

കൊറോണവൈറസിന്റെ പേരിലെ വാണിജ്യതർക്കം

ഇക്കഴിഞ്ഞ ഒക്ടോബർ മുതൽ ഓസ്ട്രേലിയയിൽ നിന്നുള്ള കൽക്കരി ഇറക്കുമതി ചൈന വൈകിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഓസ്ട്രേലിയൻ കൽക്കരിയുമായി അടുത്ത കപ്പലുകൾ ദീർഘകാലം ചൈനീസ് തീരത്ത് തന്നെ കിടക്കേണ്ടി വന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ വിശദീകരണമൊന്നും ചൈന നൽകിയിട്ടുമില്ല.



ഇതാദ്യമായിട്ടാണ് കൽക്കരിയുടെ കാര്യത്തിൽ ഇറക്കുമതി നിരോധനം എന്ന ഔദ്യോഗിക റിപ്പോർട്ട് വരുന്നത്.

വർഷം 14 ബില്യൺ ഡോളറാണ് ചൈനയിലേക്കുള്ള കൽക്കരി കയറ്റുമതിയിലൂടെ ഓസ്ട്രേലിയൻ വിപണിയിലേക്ക് എത്തുന്നത്. ഇത് നിരോധിച്ചാൽ ഓസ്ട്രേലിയൻ സാമ്പത്തിക രംഗത്തിന് കനത്ത നഷ്ടമാകും.

റഷ്യ, മംഗോളിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൽക്കരി ഇറക്കുമതി ചെയ്യാനാണ് ചൈനയുടെ തീരുമാനം.

കൊറോണവൈറസിന്റെ ഉറവിടം തേടി അന്വേഷണം നടത്തണം എന്ന ഓസ്ട്രേലിയയുടെ ആവശ്യം ലോകാരോഗ്യ സംഘടന അംഗീകരിച്ചതിനു പിന്നാലെ തുടങ്ങിയ വ്യാപാര സംഘർഷമാണ് ഇത്.

ഓസ്ട്രേലിയയിൽ നിന്നുള്ള നിരവധി ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ചൈന നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തി.

ബിഫ്, ബാർലി, വൈൻ, കോട്ടൺ, തടി, ലോബ്സ്റ്റർ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് ഇതിനകം തന്നെ വ്യാപാര സംഘർഷത്തിൽ കുടുങ്ങിയത്.

ഓസ്ട്രേലിയൻ വൈനിന് ചൈന കഴിഞ്ഞ മാസം 107 മുതൽ 200 ശതമാനം വരെ ഇറക്കുമതി തീരുവ ഏർപ്പെടുത്തിയിരുന്നു. നേരത്തേ ബാർലിക്കും സമാനമായ രീതിയിൽ തീരുവ ഏർപ്പെടുത്തി.

വിവിധ ഓസ്ട്രേലിയൻ കമ്പനികളിൽ നിന്നുള്ള ബീഫ് ഇറക്കുമതി ചൈന തടയുകയും ചെയ്തിട്ടുണ്ട്.

Additional reporting AAP 


Share

Published

Updated

By SBS Malayalam
Source: AAP, SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service