ഇന്ത്യയിൽ കൊറോണവൈറസിന്റെ രണ്ടാം വ്യാപനം പുതിയ റെക്കോർഡിലേക്ക് എത്തിയിരിക്കുകയാണ്.
മൂന്നര ലക്ഷത്തിലേറെ പേർക്കാണ് ഇപ്പോൾ പ്രതിദിനം വൈറസ്ബാധ സ്ഥിരീകരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ഐ പി എല്ലിൽ കളിക്കുന്ന പല ഓസ്ട്രേലിയൻ താരങ്ങളും തിരിച്ചെത്തുന്ന കാര്യം പരിഗണിക്കുന്നത്.
രാജസ്ഥാൻ റോയൽസ് ടീമിലുള്ള ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ആൻഡ്ര്യൂ ടൈ ഓസ്ട്രേലിയയിലേക്ക് തിരിച്ചു പോയതായി ടീമധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു മത്സരം പോലും കളിക്കാതെയാണ് ടൈ ടീം വിട്ടത്.
വ്യക്തിപരമായ കാരണങ്ങളാലാണ് ടൈ തിരിച്ചുപോയത് എന്നാണ് ടീമധികൃതർ ട്വീറ്റ് ചെയ്തിട്ടുള്ളത്.
കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത
ഇന്ത്യയിൽ നിന്ന് തിരിച്ചെത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റൈനിൽ വ്യാപകമായി വൈറസ്ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ, വിമാനയാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഓസ്ട്രേലിയ തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ 30 ശതമാനം വെട്ടിക്കുറയ്ക്കാനാണ് ദേശീയ ക്യാബിനറ്റ് യോഗം കഴിഞ്ഞയാഴ്ച തീരുമാനിച്ചത്.
പെർത്തിൽ ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയവരിൽ നിന്നാണ് ക്വാറന്റൈൻ ഹോട്ടലിലെ മറ്റുള്ളവരിലേക്ക് വൈറസ് പടർന്നതെന്നും സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ചേരുന്ന ദേശീയ സുരക്ഷാ സമിതി ഇന്ത്യയിൽ നിന്നുള്ള യാത്രക്ക് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കും എന്നാണ് സൂചന.
ഈ സാഹചര്യത്തിൽ, IPLൽ കളിക്കുന്ന മറ്റു താരങ്ങളെയും, പരിശീലകരും കമന്റേറ്റർമാരും ഉൾപ്പെടെയുള്ളവരെയും ഓസ്ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ ബന്ധപ്പെട്ടിട്ടുണ്ട്.
രാജ്യത്തേക്ക് തിരിച്ചെത്തുന്നത് കൂടുതൽ ബുദ്ധിമുട്ടാകും എന്നാണ് ക്രിക്കറ്റേഴ്സ് അസോസിയേഷൻ ഇവരെ അറിയിച്ചിട്ടുള്ളത്.
ചാർട്ടർ വിമാനത്തിൽ ഓസ്ട്രേലിയൻ കളിക്കാരെ തിരികെയെത്തിക്കാനും, ഒരുമിച്ച് ക്വാറന്റൈൻ ചെയ്യാനുമുള്ള പദ്ധതിയും പരിഗണിക്കുന്നുണ്ട്.
കൂടുതൽ ഓസ്ട്രേലിയൻ കളിക്കാർ തിരികെയെത്തിയേക്കുമെന്ന് ഓസ്ട്രേലിയയിലേക്കുള്ള യാത്രക്കിടെ ആൻഡ്ര്യൂ ടൈ വ്യക്തമാക്കി.
ആൻഡ്ര്യൂ ടൈയ്ക്ക് പുറമേ 16 ഓസ്ട്രേലിയക്കാരാണ് IPLനായി ഇന്ത്യയിലുള്ളത്.
സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ഗ്ലെൻ മാക്സ്വെൽ തുടങ്ങിയ കളിക്കാരും, റിക്കി പോണ്ടിംഗ് ഉൾപ്പെടെയുള്ള പരിശീലകരും ഇക്കൂട്ടത്തിലുണ്ട്.