ഓസ്ട്രേലിയയിലെ ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ഇനി മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കുകളുടെയും മറ്റു റിയാക്ഷനുകളുടെയും എണ്ണം കാണാൻ കഴിയില്ല.
ഇൻസ്റ്റാഗ്രാമിൽ നടത്തിയതുപോലെ പരീക്ഷണാടിസ്ഥാനത്തിലാണ് ഫേസ്ബുക്ക് ഈ മാറ്റം കൊണ്ടുവരുന്നത്. പരീക്ഷണം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് ഓസ്ട്രേലിയ.
ജൂലൈയിൽ ഓസ്ട്രേലിയയിലെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലും സമാനമായ മാറ്റം ഫേസ്ബുക്ക് കൊണ്ടുവന്നിരുന്നു.
പോസ്റ്റിന്റെ ഉടമയ്ക്ക് മാത്രമേ അതിലുള്ള ലൈക്കുകളുടെയം കമന്റുകളുടെയും മറ്റു റിയാക്ഷനുകളുടെയും എണ്ണം കാണാൻ കഴിയൂ. അതുപോലെ ഒരു വീഡിയോ എത്രപേർ കണ്ടു എന്നതും വീഡിയോ പോസ്റ്റ് ചെയ്യുന്ന ആൾക്കു മാത്രമേ ദൃശ്യമാകൂ.
ഫേസ്ബുക്ക് ലൈക്കുകളുടെ എണ്ണം താരതമ്യം ചെയ്യുന്നത് ഒട്ടേറെ പേർക്ക് കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നു എന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരീക്ഷണം.

The Facebook booth at a tech show in Paris, France Source: AP
കൂടുതൽ ലൈക്കുകൾക്ക് വേണ്ടിയുള്ള മത്സരങ്ങളും പരസ്പര താരതമ്യങ്ങളും പലർക്കും മാനസിക സമ്മർദ്ദമുണ്ടാക്കുന്നു എന്നാണ് വിമർശനം ഉയർന്നിട്ടുള്ളത്.
ബുള്ളിയിംഗിനെതിരെ പ്രവർത്തിക്കുന്ന സംഘടനകളും മറ്റും ഏറെ പ്രതീക്ഷയോടെയാണ് ഈ മാറ്റത്തെ കാണുന്നതെന്ന് ഫേസ്ബുക്ക് ഓസ്ട്രേലിയയുടെ പോളിസി ഡയറക്ടർ മിയ ഗാർലിക് പറഞ്ഞു.
ലൈക്കും റിയാക്ഷനുകളും താരതമ്യം ചെയ്യുന്നതിനു പകരം പോസ്റ്റുകളുടെ നിലവാരം വർദ്ധിപ്പിക്കാനും, കൂടുതൽ ചർച്ചകൾ നടത്താനും ഇനി ആളുകൾക്ക് കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടി.
പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഈ മാറ്റം എത്രകാലം തുടരുമെന്നോ, അത് സ്ഥിരമാക്കുമോ എന്നോ ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല.