മെയ് 18 നു നടക്കുന്ന ഫെഡറൽ തെരഞ്ഞെടുപ്പിന്റെ പ്രചാരണം പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ശക്തമാക്കുകയാണ്. ഇതിനിടെ ഏപ്രിൽ 29 തിങ്കളാഴ്‌ച മുതൽ ഓസ്‌ട്രേലിയൻ പൗരന്മാർക്ക് വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കും.
ഇതിനായി രാജ്യത്ത് 500 ഏർലി വോട്ടിംഗ് കേന്ദ്രങ്ങളാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയൻ നിയമപ്രകാരം 18 വയസ്സിന് മേൽ പ്രായമായ എല്ലാ പൗരന്മാരും അവരുടെ സമ്മതിദാന അവകാശം വിനിയോഗിക്കണം എന്നത് നിർബന്ധമാണ്.
ഗുരുതര രോഗങ്ങൾ ബാധിച്ചവർ, ഗർഭിണികൾ തുടങ്ങി പോളിംഗ് ദിവസത്തെ തിരക്ക് ഒഴിവാക്കാൻ താത്പര്യപ്പെടുന്നവർക്കും പോളിംഗ് ദിവസം വോട്ട് ചെയ്യാൻ കഴിയാത്തവർക്കുമായാണ് ഈ ഏർലി വോട്ടിംഗ് സംവിധാനം.
വോട്ടവകാശം ഉള്ളവർക്ക് തിങ്കളാഴ്ച മുതൽ വോട്ട് രേഖപ്പെടുത്താവുന്നതാണെന്ന് ഓസ്‌ട്രേലിയൻ ഇലക്ട്‌റൽ കമ്മീഷൻ അറിയിച്ചു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് വോട്ടിംഗിനായി എൻറോൾ ചെയ്തവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. കണക്കുകൾ പ്രകാരം 96.8 ശതമാനമാണ് എൻറോൾമെൻറ് നിരക്ക്. അതായത് 1.6 കോടിയിൽ കൂടുതൽ ഓസ്ട്രലിയക്കാർ ഇത്തവണ വോട്ടു രേഖപ്പെടുത്തുമെന്നതാണ് പ്രതീക്ഷ.