ഏജ്ഡ് കെയർ രംഗത്തും, മതസ്ഥാപനങ്ങളിലെ ജീവനക്കാരായും ഓസ്ട്രേലിയയിൽ നിന്ന് യോഗ്യരായവരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ വിദേശത്തു നിന്ന് തൊഴിലാളികളെ സ്പോൺസർ ചെയ്യാൻ സ്ഥാപനങ്ങൾക്ക് അനുവാദം നൽകുന്നതാണ് പുതിയ കരാർ.
ടെംപററി സ്കിൽ ഷോർട്ടേജ് (TSS) വിസ എന്ന വിഭാഗത്തിലോ എംപ്ലോയർ നോമിനേഷൻ സ്കീം (ENS) എന്ന വിഭാഗത്തിലോ ജീവനക്കാരെ കൊണ്ടുവരാനാണ് സ്ഥാപനങ്ങൾക്ക് കഴിയുന്നത്.
മൂന്നു വർഷം ഓസ്ട്രേലിയയിൽ ജോലി ചെയ്തു കഴിഞ്ഞാൽ പെർമനന്റ് റെസിഡൻസിക്കായി അപേക്ഷിക്കാൻ ഈ വിസ അവസരമൊരുക്കും.
ഏജ്ഡ് കെയറർമാർക്ക് പുതിയ അവസരം
ഓസ്ട്രേലിയയിലേക്ക് വിസ ലഭിക്കാനുള്ള ഒക്യുപേഷൻ പട്ടികയിൽ നിലവിൽ ഉൾപ്പെട്ടിട്ടില്ലാത്ത തൊഴിൽമേഖലയാണ് ഏജ്ഡ് കെയറർമാർ. എന്നാൽ ഇവിടെ നിന്ന് മതിയായ യോഗ്യതയുള്ള കെയറർമാരെ ലഭിച്ചില്ലെങ്കിൽ വിദേശത്തുള്ളവരെ സ്പോൺസർ ചെയ്യാനാണ് സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നത്.
ഇംഗ്ലീഷ് ഇതര ഭാഷ സംസാരിക്കുന്ന കെയറർമാർക്കാണ് അവസരം. പ്രായമേറുന്ന കുടിയേറ്റ സമൂഹത്തെ സഹായിക്കുന്നതിനു വേണ്ടിയാണ് ഇത്.
കുടിയേറ്റ സമൂഹത്തിലുള്ള പലർക്കും ഡിമൻഷ്യ പോലുള്ള രോഗങ്ങൾ ബാധിക്കുമ്പോൾ ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ കഴിയില്ലെന്ന് കുടിയേറ്റകാര്യമന്ത്രി ഡേവിഡ് കോൾമാൻ ചൂണ്ടിക്കാട്ടി. മാതൃഭാഷ മാത്രം സംസാരിക്കാൻ കഴിയുന്ന ഇവർക്ക് ഭാഷയിൽ പ്രാവീണ്യമുള്ള കെയറർമാർ ആവശ്യമാണ്.
ഇതിനു വേണ്ടിയാണ് പുതിയ കരാർ.
എന്നാൽ ഓസ്‌ട്രേലിയയിൽ നിന്ന് കെയററെ ലഭിക്കാത്ത സാഹചര്യത്തിൽ മാത്രമേ വിദേശത്ത് നിന്നും സ്പോണ്സർ ചെയ്യാൻ കഴിയൂ.

Woman holding senior woman's hand on bed Source: Getty
മാർച്ച് 11 നു പ്രാബല്യത്തിൽ വരുന്ന ഈ പുതിയ വിസ പദ്ധതിയിലൂടെ രാജ്യത്തേക്കെത്തുന്നവർക്ക് പെര്മനെന്റ് റെസിഡൻസിക്ക് അപേക്ഷിക്കാനും അവസരം ലഭിക്കും.
മതസ്ഥാപനങ്ങളിൽ കൂടുതൽ അവസരങ്ങൾ
ഏജ്ഡ് കെയറിനു പുറമെ ഓസ്‌ട്രേലിയയിലുള്ള മതസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിനായും വിദേശത്തിന് നിന്നും ആളുകളെ സ്പോൺസർ ചെയ്യാൻ പുതിയ വിസ കരാർ കൊണ്ടുവന്നു.
മിനിസ്റ്റർ ഓഫ് റിലീജിയൻ ലേബർ എഗ്രീമെന്റ് (MORLA) എന്ന നിലവിലുള്ള വിസ കരാറിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.
നിലവിൽ മിനിസ്റ്റർ ഫോർ റിലീജിയൺ എന്ന തൊഴിൽ മാത്രമാണ് ഈ കരാറിലുള്ളത്. ഇത് കൂടുതൽ വിപുലമാക്കി റിലീജിയസ് അസിസ്റ്റന്റ് എന്ന തൊഴിൽമേഖലയിലുള്ളവരെ കൂടി സ്പോൺസർ ചെയ്യാൻ പുതിയ കരാർ അവസരം നൽകും.
മിനിസ്റ്റർ ഓഫ് റിലീജിയൺ എന്ന തൊഴിലിൽ എത്തുന്നവർക്ക് നിലവിൽ ഏതെങ്കിലും ഒരു സ്ഥലത്ത് ഏറ്റവും മുതിർന്ന തസ്തികയിൽ മാത്രമേ ജോലി ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ ഇനി മുതൽ ഏതു മുതിർന്ന തസ്തികയിലും ജോലി ചെയ്യാൻ കരാർ അനുവാദം നൽകുന്നുണ്ട്.
മതസ്ഥാപനങ്ങളിലെ മിനിസ്റ്റർമാരായി ഏതാണ്ട് 23,000 പേര് ഇപ്പോൾ ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തിൽ ഇവരുടെ എണ്ണത്തിൽ വൻ തോതിൽ വർദ്ധനവ് വരുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി ഡേവിഡ് കോൾമാൻ അറിയിച്ചു.
മതസ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ ജോഗ്യതയുള്ളവരെ ലഭിക്കാൻ ബുദ്ധിമുട്ടനുഭവിക്കുന്നതായി മതാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വിവിധ സമൂഹത്തിൽ നിന്നും അറിയാൻ കഴിഞ്ഞു. ഇതാണ് ഇത്തരത്തിലൊരു മാറ്റം കൊണ്ടുവരാൻ കാരണമായതെന്നും മന്ത്രി വ്യക്തമാക്കി.