ഓസ്ട്രേലിയ രാജ്യാന്തര അതിർത്തി അടച്ച മാർച്ച് മുതൽ ഓസ്‌ട്രേലിയൻ പൗരന്മാർക്കും പെർമനന്റ് റെസിഡന്റ്സിനും ഇവരുടെ അടുത്ത ബന്ധുക്കൾക്കും മാത്രമാണ് രാജ്യത്തേക്കെത്താൻ അനുവാദമുള്ളത്.
എന്നാൽ ഓസ്‌ട്രേലിയൻ പൗരന്മാരുടെയും പെർമനന്റ് റെസിഡന്റ്സിന്റെയും മാതാപിതാക്കളെ അടുത്ത ബന്ധുക്കളായി കണക്കാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ഇവർക്ക് രാജ്യത്തേക്കെത്താൻ യാത്ര വിലക്ക് അനുവദിക്കുന്നില്ല.
ഇവരെ അടുത്ത ബന്ധുക്കൾ അഥവാ ഇമ്മീഡിയേറ്റ് ഫാമിലി മെംബേർസ് ആയി കണക്കാക്കണമെന്നാവശ്യപ്പെട്ട് 11,000 ലേറെ പേർ ഒപ്പ് വച്ച നിവേദനം കഴിഞ്ഞ വർഷം പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു.
ആഭ്യന്തര മന്ത്രി പീറ്റർ ഡട്ടൻ ഈ നിവേദനത്തോട് പ്രതികരിക്കാനുള്ള അവസാന ദിവസവും കഴിഞ്ഞിരിക്കെ നിയമത്തിൽ മാറ്റങ്ങൾ വരുത്തില്ലെന്ന് സർക്കാർ എസ് ബി എസ് ന്യൂസിനെ അറിയിച്ചു.
അതായത് മാതാപിതാക്കളെ അടുത്ത ബന്ധുക്കളായി കണക്കാക്കാനുള്ള നിവേദനം സർക്കാർ അംഗീകരിച്ചില്ല.
നിവേദനം സമർപ്പിച്ച് 90 ദിവസങ്ങൾക്ക് ശേഷം ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച തീരുമാനം ആഭ്യന്തര വകുപ്പ് അറിയിച്ചത്. തീരുമാനത്തിൽ സർക്കാർ ഉറച്ച് നിൽക്കുകയാണെന്നും ആഭ്യന്തര വകുപ്പ് വക്താവ് എസ് ബി എസ് ന്യൂസിനെ അറിയിച്ചു.
മാതാപിതാക്കളുടെ പിന്തുണയില്ലാതെ കുടുംബങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സർക്കാർ മനസിലാക്കുന്നുണ്ടെങ്കിലും നിയമത്തിൽ മാറ്റം വരുത്താൻ ഇപ്പോൾ പദ്ധതിയില്ലെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

A parliamentary petition to change the rules attracted more than 11,000 signatures. Source: Parents are Immediate Family campaign
ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവന ആഭ്യന്തര മന്ത്രി പീറ്റർ ഡട്ടൻ ഫെബ്രുവരി 22നു നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാതാപിതാക്കളെ അടുത്ത കുടുംബാംഗമായി കണക്കാക്കണമെന്നാവശ്യപ്പെട്ട് പതിനായിരങ്ങൾ ഒപ്പു വച്ച നിവേദനം കഴിഞ്ഞ വര്ഷം നവംബറിലാണ് ലിബറൽ എം പി സീലിയ ഹാമൻഡ് പാർലമെന്റിൽ അവതരിപ്പിച്ചത്.
കൊവിഡ് പ്രതിസന്ധി ഇനിയും ദീർഘകാലം നിലനിൽക്കുമെന്നും അതിനാൽ തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം സന്തോഷം ദുഖവും ഒരുമിച്ച് പങ്കിടാൻ കഴിയാത്തത് മാനസിക സമ്മർദ്ദമുണ്ടാകുന്നുവെന്നും നിവേദനത്തിൽ പറഞ്ഞിരുന്നു.
മാത്രമല്ല, മാതാപിതാക്കളിൽ നിന്നുള്ള വേർപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായും യു എസ്, കാനഡ, യു കെ എന്നിവിടങ്ങൾ ഈ കൊറോണ പ്രതിസന്ധിയിലും പൗരന്മാരുടെ മാതാപിതാക്കൾക്ക് പ്രവേശനം അനുവദിക്കുന്നുണ്ടെന്നും നിവേദനത്തിൽ സൂചിപ്പിച്ചിരുന്നു.
നിവേദനത്തിന് പുറമെ, മാതാപിതാക്കളെ അടുത്ത കുടുംബാംഗങ്ങളായി കണക്കാക്കണമെന്നാവശ്യപ്പെട്ട് ഓസ്ട്രലിയക്കാർ സിഡ്നി, മെൽബൺ, ബ്രിസ്‌ബൈൻ, അഡ്‌ലൈഡ്, പെർത്ത് ഉൾപ്പെടെയുള്ള നഗരങ്ങളിൽ കഴിഞ്ഞ ദിവസം പ്രതിഷേധവും നടത്തിയിരുന്നു.
ഒന്നര വർഷമായി വിദേശത്തുള്ള മാതാപിതാക്കൾക്കൊപ്പം കഴിയുന്ന കുഞ്ഞുങ്ങളെ പിരിഞ്ഞു നിൽക്കുന്ന നിരവധി ഓസ്‌ട്രേലിയക്കാരുണ്ട്.
മാത്രമല്ല കൊറോണക്കാലത്ത് മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട പലരും നാട്ടിൽ ഒറ്റപ്പെട്ട് ജീവിക്കുന്ന രക്ഷിതാവിനെ രാജ്യത്തേക്ക് കൊണ്ടുവരാനും ബുദ്ധിമുട്ടുകൾ നേരിടുകയാണ്.