ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കാട്ടുതീയാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നാശം വിതയ്ക്കുന്നത്. ഇതിനൊപ്പം തന്നെ ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്ലാൻറ്, സൗത്ത് ഓസ്‌ട്രേലിയ എന്നീ സംസ്ഥാനങ്ങളുടെ നല്ലൊരു ശതമാനം പ്രദേശങ്ങളും കഠിനമായ വരൾച്ചയും നേരിടുകയാണ്.
ഇതിനൊക്കെ പുറമെ തലചായ്ക്കാൻ സ്വന്തമായി ഇടമില്ലാതെ തെരുവിൽ കഴിയുന്നവരും ഇവിടെ നിരവധിയാണ്.
ഇത്തരത്തിൽ രാജ്യത്ത് പല വിധത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് ചില ഓസ്‌ട്രേലിയൻ മലയാളി കൂട്ടായ്മകൾ.
2016ലെ സെൻസസ് പ്രകാരം 1,16,427 പേരാണ് രാജ്യത്ത് ഭവനരഹിതരായിട്ടുള്ളത്.
ഇതിൽ മെൽബണിലെ മെരിബർനോംഗ് കൗൺസിലിലുള്ള ഭാവനരഹിതർക്ക് അവശ്യ സാധനങ്ങൾ എത്തിച്ചുകൊടുത്തിരിക്കുകയാണ് മെൽബണിലെ കേരള മുസ്ലിം കൾച്ചറൽ സെന്റർ.
അംഗങ്ങളിൽ നിന്നും ധനം സമാഹരിച്ച് ഭക്ഷണസാധനങ്ങൾ, കമ്പിളി, സാനിറ്ററി ഉൽപ്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങി 1,200 ഡോളറിന്റെ സാധനങ്ങൾ വാങ്ങി ഇവർക്ക് നൽകാൻ കഴിഞ്ഞുവെന്ന് കേരള മുസ്ലിം കൾച്ചറൽ സെന്റർ പ്രതിനിധി ഷിയാസ് ഖാലിദ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബറിൽ പ്രവർത്തനം ആരംഭിച്ച സംഘടനയുടെ ആദ്യ സഹായ പദ്ധതിയാണിതെന്നും ഭാവിയിലും ഇത്തരത്തിലുള്ള കൂടുതൽ സംഭാവനകൾക്ക് പദ്ധതിയുണ്ടെന്നും ഷിയാസ് സൂചിപ്പിച്ചു.
ഓസ്‌ട്രേലിയയയുടെ വിവിധ സംസ്ഥാനങ്ങൾ ഇപ്പോൾ പ്രകൃതി ദുരന്തങ്ങളും നേരിടുകയാണ്.

Source: Supplied
അവശ്യകാര്യങ്ങൾക്ക് പോലും വെള്ളം കിട്ടാത്ത അവസ്ഥയിലാണ് ക്വീൻസ്ലാന്റിന്റെ ഉൾപ്രദേശങ്ങളിലുള്ളവർ. അത്തരത്തിൽ ജലക്ഷാമം രൂക്ഷമായ സംസ്ഥാനത്തിന്റെ തെക്ക് കിഴക്കൻ പ്രദേശമായ വാർവിക്കിലെ ജനങ്ങൾക്ക് വെള്ളം എത്തിച്ചുകൊടുക്കാനുള്ള ശ്രമത്തിലാണ് മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ്ലാൻറ്.
ഒരാൾക്ക് ദിവസം 80 ലിറ്റർ വെള്ളം മാത്രം ഉപയോഗിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള ഇവിടെ ദൈനംദിന ആവശ്യങ്ങൾക്ക് പോലും വെള്ളം ലഭിക്കാത്ത അവസ്ഥയാണ്.
അതുകൊണ്ടുതന്നെ പ്രദേശത്ത് ദുരിതമനുഭവിക്കുന്നവർക്ക് 2,500 ലിറ്റർ വെള്ളം വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ്ലാന്റിന്റെ പ്രസിഡന്റ് കൃഷ്‌ണൻ മേനോൻ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

Source: Getty Images/Vicki Smith
പ്രാദേശിക കൗൺസിലുമായി ബന്ധപ്പെട്ട ശേഷം റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെയാണ് വെള്ളം എത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി അംഗങ്ങളിൽ നിന്നും ധനസമാഹരണം നടത്തിവരികയാണെന്നും കൃഷ്ണൻ പറഞ്ഞു.
ക്രിസ്ത്മസ് ദിനത്തിൽ പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയിൽ 1,000 ലിറ്റർ വെള്ളമെത്തിക്കാനാണ് ഇവരുടെ പദ്ധതി.
ബ്രിസ്‌ബൈനിൽ നിന്നും 130 കിലോമീറ്റർ അകലെയുള്ള ഈ പ്രദേശത്ത് കടുത്ത ജലക്ഷാമം നേരിടുന്ന തങ്ങളുടെ അംഗങ്ങളായ മലയാളികളുമുണ്ട്.
വാർവിക്കിലെ വിതരണക്കാരുമായി ബന്ധപ്പെട്ട് അവിടുന്ന് തന്നെ വെള്ളം വാങ്ങി റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും കൃഷ്ണൻ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
വരൾച്ച മൂലം ദുരിതത്തിലായവരെ സഹായിക്കാനാണ് മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ്ലാൻറ് ശ്രമിക്കുന്നതെങ്കിൽ ന്യൂ സൗത്ത് വെയിൽസിൽ കാട്ടുതീ മൂലം കഷ്ടതയനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുകയാണ് മെൽബണിലെ ജീലോംഗ് മലയാളി അസോസിയേഷൻ.
ഡിസംബർ 27ന് നടക്കുന്ന ക്രിസ്മസ് ആഘോഷത്തിലെ ടിക്കറ്റ് വിലപ്പനയുടെ നല്ലൊരു ശതമാനം തുക ഇവർക്കായി മാറ്റിവയ്ക്കാനാണ് തീരുമാനമെന്ന് ജീലോംഗ് മലയാളി അസോസിയേഷൻ സെക്രട്ടറി മജോഷ് ജോസഫ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

(AAP Image/John Park) Source: JOHN PARK
കൂടാതെ അംഗങ്ങൾ സംഭാവന ചെയ്യുന്ന അവശ്യ വസ്തുക്കൾ ലേലത്തിന് വയ്ക്കുകയും ഇതിൽ നിന്ന് ലഭിക്കുന്ന മുഴുവൻ തുകയും കാട്ടുതീ ബാധിതർക്ക് നൽകുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും മജോഷ് പറഞ്ഞു.
ജീലോംഗ് എത്നിക് കമ്മ്യൂണിറ്റി കൗൺസിലിന്റെയും മൾട്ടികൾച്ചറൽ അസോസിയേഷൻ ഓഫ് കമ്മ്യൂണിറ്റി എംപവർമെന്റിന്റെയും സഹകരണത്തോടെയാണ് പണം ആവശ്യക്കാരിലേക്ക് എത്തിക്കാൻ ഇവർ ശ്രമിക്കുന്നത്.