ഭീകരവാദ പ്രവർത്തങ്ങൾക്ക് പിടിയിലായ രണ്ട് പേർക്കുള്ള ശിക്ഷ വിധിക്കുന്നതിനിടയിലാണ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി ഫാഗൺ ഈ പരാമര്ശം നടത്തിയത്.
പലപ്പോഴും ഇത്തരം വാചകങ്ങൾ കുറ്റകൃത്യങ്ങൾ നടത്താൻപരോക്ഷ പിന്തുണ നൽകുന്നു. ഓസ്‌ട്രേലിയയിൽ നടന്ന പല ഭീകരവാദ കേസുകളിലെയും പ്രതികൾ ഖുർആൻ സൂക്തങ്ങളാണ് പ്രചോദനമായി ചൂണ്ടിക്കാട്ടിയതെന്നും ജസ്റ്റിസ് ഡി ഫാഗൺ നിരീക്ഷിച്ചു.
തടയാൻ മുസ്ലീങ്ങൾ മുൻകൈയ്യെടുക്കണം
ഖുർആനിലെ ചില പ്രകോപനപരമായ ആഹ്വാനങ്ങൾ തീവ്രവാദ പ്രവർത്തങ്ങൾക്ക് മറപിടിക്കുവാനായി കുറ്റവാളികൾ ഉപയോഗിക്കുന്നു. ഈ സൂക്തങ്ങൾ അല്ലാഹുവിന്റെ ആഹ്വാനങ്ങൾ അല്ലെങ്കിൽ അത് തുറന്നു പറയേണ്ടത് മുസ്ലീങ്ങൾ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയയിൽ നിന്നുള്ള മുസ്ലിം വിശ്വാസികൾ, പ്രത്യേകിച്ച് മത പണ്ഡിതന്മാർ ഇത്തരം സൂക്തങ്ങളെ പരസ്യമായി തള്ളിക്കളയാൻ തയാറാവണം.
അവ അല്ലാഹുവിന്റെ ആഹ്വാനങ്ങൾ അല്ലായെന്ന് വ്യക്തമാക്കിയാൽ മത തീവ്രവാദത്തിന് ഇപ്പോൾ കിട്ടുന്ന ധാര്‍മ്മിക പിന്തുണ ഇല്ലാതെയാവും. ഇത് മതതീവ്രവാദം കുറയ്ക്കാൻ സഹായിക്കുമെന്നും ജസ്റ്റിസ് ഡി ഫാഗൺ നിരീക്ഷിച്ചു.
2015 -2016 കാലഘട്ടത്തിൽ തീവ്രവാദ പ്രവർത്തനം നടത്താൻ ശ്രമിച്ച സാമേ ബൈദ, ആലോ-ബ്രിജറ്റ് നാമോവ എന്ന സിഡ്‌നി ദമ്പതികൾക്കുള്ള ശിക്ഷ വിധിക്കുമ്പോളാണ് ജഡ്ജി ഈ പരാമര്ശം നടത്തിയത്.

Terror plotters Sameh Bayda and Alo-Bridget Namoa can immediately apply for parole. Source: AAP
സ്വയം ജിഹാദികൾ എന്ന് വിശേഷിപ്പിച്ച ഇവരുടെ ഫോണിൽ നിന്ന് ശിരച്ഛേദം ഉൾപ്പെടെയുള്ള ഭീകരദൃശ്യങ്ങൾ കണ്ടെടുത്തിരുന്നു. 2015 ന്യൂ ഇയർ ആഘോഷങ്ങൾക്കിടയിൽ ആക്രമണവും മോഷണവും നടത്താനായിരുന്നു ദമ്പതികളുടെ ശ്രമം എന്നാണ് കേസ്.
പാശ്ചാത്യനാടുകളിലെ പൗരന്മാരെ അവരുടെ നാട്ടിൽ വച്ചുതന്നെ അക്രമിക്കേണ്ടത് ഒരു മുസ്ലിമിന്റെ മതപരമായ ഉത്തരവാദിത്തമാണെന്ന ആഹ്വാനങ്ങൾ ബൈദയുടെ ഫോണിൽ നിന്ന് കണ്ടെടുത്തിരുന്നുവെന്നും ജഡ്ജി പറഞ്ഞു.
തീവ്രനിലപാടുകള് ഉപേക്ഷിച്ചതായും, പശ്ചാത്തപിക്കുന്നതായും ഇരുവരും കോടതിയെ അറിയിച്ചിരുന്നു. കുറ്റകൃത്യം നടന്ന സമയത്തു 18 വയസ്സ് മാത്രമേ ഇവർക്ക് പ്രായം ഉണ്ടായിരുന്നുള്ളു. പ്രായത്തിന്റെ അപക്വമായ നടപടിയായും കുറ്റകൃത്യത്തെ കോടതി നിരീക്ഷിച്ചു.
ബൈദയ്ക്ക് നാല് വർഷവും നാമോവയ്ക്ക് മൂന്നുവർഷം ഒൻപതുമാസവുമാണ് തടവ് ശിക്ഷ വിധിച്ചത്. രണ്ടുപേർക്കും പരോൾ ലഭിക്കാനുള്ള അർഹതയായതിനാൽ ഇവർക്ക് ഇനി ജയിലിൽ കഴിയേണ്ടി വരില്ല. എന്നാൽ ഈ കാര്യത്തിൽ സ്റ്റേറ്റ് പരോൾ അതോറിറ്റിക്ക് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.
എന്നാൽ ഖുര്‍ആന്‍ വചനങ്ങള്‍ തള്ളിക്കളയണമെന്ന വാദത്തെ അംഗീകരിക്കാനാവില്ലന്ന് ഓസ്‌ട്രേലിയൻ മുസ്ളീം മത നേതാക്കൾ പ്രതികരിച്ചു.