ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഓസ്‌ട്രേലിയക്കാരുടെ ദേശീയ ഡാറ്റാബാങ്ക് തുടങ്ങാനുള്ള പദ്ധതി വിവാദമായിരിക്കേയാണ്, സ്‌കൂളുകളില്‍ ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചു തുടങ്ങിയത്.
വിക്ടോറിയയിലെ അഞ്ചു സ്‌കൂളുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കുന്നത്.
ചൈനീസ് മാതൃക പിന്തുടര്‍ന്നുകൊണ്ട്, സ്‌കൂളുകളില്‍ കുട്ടികളുടെ ഹാജര്‍ പരിശോധിക്കാനായി മുഖം സ്‌കാന്‍ ചെയ്യുന്നതാണ് പദ്ധതി.
സ്‌കാന്‍ ചെയ്തുള്ള വിശദാംശങ്ങള്‍ അധ്യാപകരുടെ മൊബൈല്‍ ഫോണിലെ ഒരു ആപ്പിലേക്ക് ലഭ്യമാകും. വിക്ടോറിയ ആസ്ഥാനമായ ലൂപ് ലേണ്‍ (LoopLearn) എന്ന കമ്പനിയാണ് ഫെഡറല്‍ സര്‍ക്കാര്‍ പിന്തുണയോടെ ഇത് നടപ്പാക്കുന്നത്. 4.7ലക്ഷം ഡോളറിന്റെ ഗ്രാന്റ് ഫെഡറല്‍ സര്ക്കാരില്‍ നിന്ന് കമ്പനിക്ക് ഇതിനായി ലഭിച്ചിട്ടുണ്ട്.
ബല്ലാററ്റിലെ ക്ലാരന്റന്‍ കോളേജാണ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉപയോഗിക്കുന്ന ഒരു സ്‌കൂള്‍. മറ്റു സ്‌കൂളുകള്‍ ഏതൊക്കെയാണ് എന്ന കാര്യം ലൂപ് ലേണ്‍ വ്യക്തമാക്കിയിട്ടില്ല.
സ്വകാര്യതയെക്കുറിച്ച് ആശങ്ക
സ്‌കൂളുകളില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.
കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സംവിധാനമാകും ഇതെന്നാണ് പ്രധാന വിമര്‍ശനം.
മുഖം സ്‌കാന്‍ ചെയ്ത് ലഭിക്കുന്ന വിവരങ്ങള്‍ ആര്‍ക്കൊക്കെ ലഭ്യമാകുമെന്നോ, എവിടെ സൂക്ഷിച്ചുവയ്ക്കുമെന്നോ ഉള്ള കാര്യങ്ങളില്‍ വ്യക്തതയില്ലെന്ന് ഓസ്‌ട്രേലിയന്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിലെ ടെറി ഒ'ഗോര്‍മന്‍ നയന്‍ ന്യൂസിനോട് പറഞ്ഞു.
സ്‌കൂളുകളില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉപയോഗിക്കുന്നതിനെ വിക്ടോറിയന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ എതിര്‍ത്തിരുന്നു. ഇതിനായി ലൂപ് ലേണ്‍ കമ്പനിക്ക് ഫെഡറല്‍ ഗ്രാന്റ് അനുവദിച്ചതിനെതിരെയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ജെയിംസ് മെര്‍ലിനോ രംഗത്തു വന്നിരുന്നു.