സ്തനാർബുദ ചികിത്സയുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിൽ ഏറ്റവും പ്രധാന കണ്ടെത്തലായിട്ടാണ് ശാസ്ത്രലോകം ഈ ഗവേഷണത്തെ കണക്കാക്കുന്നത് .
വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഹാരി പേർക്കിൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിലെ ഗവേഷകയായ ഡോക്ടർ സിയേറ ഡഫി നടത്തിയ ഗവേഷണത്തിലാണ് തേനീച്ചയിൽ നിന്നുള്ള വിഷത്തിന് സ്തനാർബുദകോശത്തെ ഇല്ലാതാക്കാൻ കഴിയുമെന്ന് കണ്ടെത്തിയത്.
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ നിന്നും യൂറോപ്പിൽ നിന്നും കൊണ്ടുവന്ന 312 തേനീച്ചകളിൽ നിന്നുള്ള വിഷം ശേഖരിച്ചാണ് പഠനം നടത്തിയത്.
ഈ വിഷം വെറും ഒരു മണിക്കൂറുകൊണ്ട് അർബുദ കോശങ്ങളെ ഇല്ലാതാക്കിയതായി ഗവേഷണം നടത്തിയ ഡോ ഡഫി വ്യക്തമാക്കി.
മാത്രമല്ല, പുതിയ കോശത്തെ അധികം ബാധിക്കാത്ത വിധത്തിലാണ് ഇത് പ്രവർത്തിച്ചതെന്നും ഡഫി പറഞ്ഞു.
ട്രിപ്പിൾ-നെഗറ്റീവ് ബ്രെസ്റ്റ് ക്യാന്സറിന്റെ ചികിത്സ വികസിപ്പിക്കാൻ ഇത് ഒരു കാരണമായേക്കുമെന്ന പ്രതീക്ഷയിലാണ് ഡഫി.
നിലവിൽ കണ്ടുവരുന്ന സ്തനാര്ബുദങ്ങളിൽ 10 മുതൽ 15 ശതമാനം വരെ ട്രിപ്പിൾ-നെഗറ്റീവ് ബ്രെസ്റ്റ് ക്യാന്സറാണ്. ഇതിന് നിലവിൽ ഫലപ്രദമായ ചികിത്സകളൊന്നുമില്ല.
എന്നാൽ തേനീച്ച വിഷമായ മെലിറ്റിന് ഇത് ഇല്ലാതാക്കാനുള്ള കഴിവുണ്ടെന്ന് ഡഫി വ്യക്തമാക്കി.
കാർബൺ ഡയോക്‌സൈഡ് നൽകി തേനീച്ചകളെ മയക്കിയശേഷം ഇവയെ ഐസിനു മുകളിൽ വച്ചാണ് വിഷം ശേഖരിച്ചത്. ഇത്തരത്തിൽ ശേഖരിച്ച വിഷം കാൻസർ കോശങ്ങളിലേക്ക് കുത്തിവച്ചാണ് പഠനം നടത്തിയത്.
തേനീച്ച വിഷത്തിലുള്ള മെലിറ്റിൻ എന്ന മിശ്രിതമാണ് ഇതിനായി ഉപയോഗിച്ചത്. അർബുദ കോശങ്ങളെ പൂർണമായും ഇല്ലാതാക്കാൻ മെലിറ്റിന് സാധിക്കുമെന്ന് കണ്ടെത്തിയതായി ഡോ ഡഫി പറഞ്ഞു.
അർബുദ കോശങ്ങളുമായി ബന്ധപ്പെട്ട് ഇത്തരമൊരു കണ്ടെത്തൽ ഇതിന് മുൻപ് ആരും നടത്തിയിട്ടില്ലെന്നും ഡഫി ചൂണ്ടിക്കാട്ടി.
പി എച് ഡി പഠനത്തിന്റെ ഭാഗമായി ഡഫി നടത്തിയ പരീക്ഷണമാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്.
കുത്തിവയ്ക്കുന്ന മെലിറ്റിൻ പ്ലാസ്മ മെംബറെയ്‌നിലേക്ക് എത്തുകയും കാൻസർ കോശങ്ങളിൽ ദ്വാരങ്ങൾ ഉണ്ടാക്കി ഇവയെ ഇല്ലാതാക്കുകയുമാണ് ചെയ്യുന്നതെന്ന് ഡഫി പറഞ്ഞു.
ഇതൊരു പ്രധാനപ്പെട്ട കണ്ടെത്തലാണെന്നും പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ഘടകങ്ങള്‍ ഉപയോഗിച്ചുതന്നെ മനുഷ്യന്റെ രോഗങ്ങള്‍ ചികിത്സിക്കാന്‍ കഴിയുമെന്നുമുള്ളതിനു മറ്റൊരു ഉദാഹരണമാണിതെന്നും വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ മുതിർന്ന ശാസ്ത്രജ്ഞൻ പ്രൊഫസർ പീറ്റർ ക്ളിൻകെൻ പറഞ്ഞു.