സംസ്ഥാന സർക്കാർ സ്പോൺസർഷിപ്പിൽ നൽകുന്ന രണ്ട് സ്കിൽഡ് വിസകൾക്കുള്ള നടപടിക്രമങ്ങളാണ് വീണ്ടും തുടങ്ങുന്നത്.
സ്കിൽഡ് നോമിനേറ്റഡ് വിസ (സബ്ക്ലാസ് 190), സ്കിൽഡ് റീജിയണൽ (സബ്ക്ലാസ് 491) എന്നീ വിസകൾക്ക് സംസ്ഥാനങ്ങൾക്കുള്ള ക്വാട്ട ആഭ്യന്തര വകുപ്പ് അനുവദിച്ചു.
ബജറ്റ് അവതരണം വൈകിയതിനാൽ ഒക്ടോബർ വരെ നേരത്തേ ഇടക്കാല ക്വാട്ട ആഭ്യന്തര വകുപ്പ് നൽകിയിരുന്നു. അതിനു പുറമേയാണ് പൂർണ ക്വാട്ട അനുവദിച്ചു നൽകിയിരിക്കുന്നത്.
കൊറോണവൈറസ് പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾ കൂടി കണക്കിലെടുത്താണ് ഓരോ സംസ്ഥാനങ്ങൾക്കും നോമിനേഷൻ അവസരം നൽകിയിട്ടുള്ളത്.
ഓരോ സംസ്ഥാനങ്ങളുടെയും സാഹചര്യം ഇതാണ്:
വിക്ടോറിയ
പൂർണ ക്വാട്ട ലഭിച്ചതിനു ശേഷം നോമിനേഷൻ നടപടികൾ ആദ്യം തുടങ്ങുന്ന സംസ്ഥാനമായിരിക്കും വിക്ടോറിയ.
അടുത്ത വർഷം ജനുവരി അഞ്ചിന് സ്കിൽഡ് വിസകളുടെ നോമിനേഷൻ നടപടികൾ പുനരാരംഭിക്കും എന്ന് വിക്ടോറിയൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
സബ്ക്ലാസ് 190ൽ 1,900 വിസകളും, സബ്ക്ലാസ് 491ൽ 843 വിസകളുമാണ് വിക്ടോറിയൻ സർക്കാർ സ്പോൺസർ ചെയ്യുക.
നേരത്തേയുള്ള താൽക്കാലിക ക്വാട്ടയ്ക്ക് പുറമേയാണ് ഇത്.
വിക്ടോറിയയ്ക്ക് ഈ വർഷം ആകെ ലഭിച്ചിരിക്കുന്നത് 3,543 സ്കിൽഡ് നോമിനേഷൻ വിസകൾ സ്പോൺസർ ചെയ്യാനുള്ള അനുമതിയാണ്.
പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് നോമിനേറ്റഡ് വിസകൾക്കുള്ള മാനദണ്ഡങ്ങളിൽ നിരവധി മാറ്റങ്ങളും സർക്കാർ വരുത്തിയിട്ടുണ്ട്.
കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്നത് ലക്ഷ്യമിട്ടുള്ള തൊഴിൽമേഖലകളിലാണ് സ്പോൺസർഷിപ്പ് നൽകുക.
ആരോഗ്യം, മെഡിക്കൽ ഗവേഷണം, കാർഷിക-ഭക്ഷ്യമേഖല, ഡിജിറ്റൽ രംഗം തുടങ്ങിയവയ്ക്കാണ് പ്രാധാന്യം.
നിലവിൽ വിക്ടോറിയയിൽ ജീവിക്കുന്നവർക്ക് മാത്രമാകും ഈ വിസകൾക്ക് അപേക്ഷിക്കാൻ കഴിയുക.
ന്യൂ സൗത്ത് വെയിൽസ്
NSWന് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ക്വാട്ട അനുവദിച്ചിട്ടുണ്ട്.
ആകെ 6,350 വിസകൾ സ്പോൺസർ ചെയ്യാനാണ് ന്യൂ സൗത്ത് വെയിൽസിന് അനുമതി.
കഴിഞ്ഞ വർഷത്തേകാൾ 600 എണ്ണം കൂടുതൽ.
നഴ്സിംഗ്, ഐ ടി, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലാണ് ന്യൂ സൗത്ത് വെയിൽസ് സ്പോൺസർഷിപ്പ് നൽകുക.

Source: Getty Images
ന്യൂ സൗത്ത് വെയിൽസിൽ നിലവിൽ ജീവിക്കുന്നവർക്ക് മാത്രമാണ് ഈ വിസകൾക്ക് താൽപര്യപത്രം (Expression of Interest) നൽകാൻ കഴിയുക.
സബ്ക്ലാസ് 190 വിസയ്ക്ക് വിദേശത്തുള്ളവർക്ക് എപ്പോൾ മുതൽ EoI നൽകാൻ കഴിയും എന്ന കാര്യം ഇപ്പോൾ വ്യക്തമല്ലെന്ന് NSW സർക്കാർ വ്യക്തമാക്കി.
NSWൽ സ്പോൺസർ വിസകളുടെ വിശദാംശങ്ങൾ ഇവിടെ അറിയാം
ക്വീൻസ്ലാന്റ്
ക്വീൻസ്ലാന്റിനും അധിക ക്വാട്ട അനുവദിച്ചെങ്കിലും, ഇവിടത്തെ സ്പോൺസർഷിപ്പ് തൽക്കാലം നിർത്തിവച്ചിരിക്കുയാണെന്ന് സർക്കാർ വ്യക്തമാക്കി.
സെപ്റ്റംബറിൽ അനുവദിച്ച ഇടക്കാല ക്വാട്ടയിലെ അപേക്ഷളിൽ തീരുമാനമെടുക്കുന്നതു വരെയാണ് ഇത് നിർത്തിവച്ചിരിക്കുന്നത്.
മുൻവർഷത്തെ അപേക്ഷകൾ കെട്ടിക്കിടക്കുന്നത് തീർപ്പാക്കാനാകും ക്വീൻസ്ലാന്റ് പോലെ പല സംസ്ഥാനങ്ങളും പ്രഥമ പരിഗണന നൽകുക എന്നാണ് സൂചന.
ടാസ്മേനിയ
ടാസ്മേനയൻ സർക്കാർ സബ്ക്ലാസ് 190ന് 1,000 വിസകളും, സബ്ക്ലാസ് 491ൽ 1400 വിസകളുമാണ് ഈ വർഷം സ്പോൺസർ ചെയ്യുക.
ഇതിന്റെ 25ശതമാനവും താൽക്കാലിക ക്വാട്ടയിൽ നിന്ന് തന്നെ സംസ്ഥാനം സ്പോൺസർ ചെയ്ത് കഴിഞ്ഞു.
നിലവിൽ പുതിയ സ്പോൺസർഷിപ്പുകൾ നിർത്തിവച്ചിരിക്കുകയാണ്. ജനുവരി അവസാനം മാത്രമേ ഇത് പുരാരംഭിക്കൂ എന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്.
കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി നേരിട്ടു ബന്ധമുള്ള തൊഴിൽ മേഖലകളിലും, സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണ്ണായക പങ്കുവഹിക്കുന്നു എന്ന് വിലയിരുത്തുന്ന മറ്റ് മേഖലകളിലുമാണ് താൽക്കാലിക ക്വാട്ടയിൽ പ്രാധാന്യം നൽകിയത്.
സൗത്ത് ഓസ്ട്രേലിയ
സൗത്ത് ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞ വർഷത്തേക്കാൾ കുറച്ച് വിസകൾ മാത്രമാണ് സ്പോൺസർ ചെയ്യാൻ കഴിയുക.
മുൻ വർഷത്തെക്കാൾ 20 ശതമാനം കുറവാണ് SAക്ക് ലഭിച്ചിരിക്കുന്ന ക്വാട്ട.
ഇതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നുണ്ടെനന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.
വെസ്റ്റേൺ ഓസ്ട്രേലിയ
WAയ്ക്കും മുൻ വർഷത്തേക്കാൾ കുറച്ച് വിസകൾ മാത്രമാണ് അനുവദിച്ചു നൽകിയത്.
1,440 വിസകളാണ് WA സർക്കാരിന് സ്പോൺസർ ചെയ്യാൻ കഴിയുക. മുൻ വർഷത്തേക്കാൾ 1,800 എണ്ണം കുറവാണ് ഇത്.
എപ്പോഴായിരിക്കും സ്പോൺസർഷിപ്പ് നടപടികൾ പുനരാരംഭിക്കുക എന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.
നോർതേൺ ടെറിട്ടറി
ഡിസംബർ ഒന്നിന് മുമ്പ് ലഭിച്ച അപേക്ഷകളാണ് ഇപ്പോൾ ടെറിട്ടറി സർക്കാർ പരിഗണിക്കുന്നത്.
പുതിയ സ്പോൺസർഷിപ്പ് നിർത്തിവച്ചിരിക്കുന്നു എന്നാണ് ടെറിട്ടറി സർക്കാർ അറിയിച്ചിരിക്കുന്നത്.
ഓൺഷോർ അപേക്ഷകർക്കായി അടുത്ത വർഷമാദ്യം സ്പോൺസർഷിപ്പ് പുനരാരംഭിക്കും.
എന്നാൽ വിദേശത്തുള്ളവർക്ക് ഉടൻ സ്പോൺസർഷിപ്പ് ലഭിക്കില്ല എന്നും സർക്കാർ അറിയിച്ചി്ടടുണ്ട്.
ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി
മുമ്പ് ലഭിച്ച EoIയുടെ അടിസ്ഥാനത്തിലുള്ള ഇൻവിറ്റേഷൻ നടപടികൾ തുടരുകയാണ് എന്നാണ് ACT സർക്കാർ അറിയിച്ചിരിക്കുന്നത്.