ചൈനയിൽ കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ട ഹുബെയ് പ്രവിശ്യയിൽ 600 ഓസ്‌ട്രേലിയക്കാരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് വിദേശകാര്യ മന്ത്രി മരിസ പെയ്ൻ അറിയിച്ചു.
ഇതിൽ കുട്ടികൾക്കും പ്രായമായവർക്കും മുൻഗണന നൽകുമെന്നും ഇതിനായി സർക്കാർ വേണ്ട നടപടികൾ ഉടൻ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു.
ചൈനീസ് സർക്കാരിന്റെ സമമതത്തോടെ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെ നടത്തിയ മാധ്യമ പ്രസ്താവനയിലാണ് സ്കോട്ട് മോറിസൺ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഹുബെയ് പ്രവിശ്യയിൽ നിന്ന് ഒഴിപ്പിക്കുന്ന ഓസ്‌ട്രേലിയക്കാരെ ക്രിസ്ത്മസ് ഐലന്റിലേക്ക് കൊണ്ടുവരുമെന്നും ഇവിടെ ഒരു ക്വാറൻറ്റൈൻ കേന്ദ്രം സജ്ജമാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
വിമാനമാർഗ്ഗം ഇവിടേക്ക് എത്തിക്കുന്നവരെ ഇവിടെ പാർപ്പിച്ച് ചികിത്സിക്കാനുള്ള സൗകര്യമുണ്ടാകും.
എന്നാൽ എങ്ങനെ ഇവരെ ഹുബെയിൽ നിന്ന് ഒഴിപ്പിക്കുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ തീരുമാനമായിട്ടില്ല.
രോഗം പെട്ടെന്ന് പകരുന്നതുകൊണ്ട് തന്നെ ഹുബെയ് പ്രവിശ്യയിലെ 16 നഗരങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ഇവിടെ നിന്നും വിമാന സർവീസുകൾ നിർത്തലാക്കിയിരിക്കുന്നതിനാൽ നിരവധി പേരാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്.
ചൈനയിൽ കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 120 കവിഞ്ഞു. 4500 ലേറെ പേർക്ക് ഇവിടെ രോഗം ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഓസ്‌ട്രേലിയയിലും അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗം ബാധിച്ചവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകാനാണ് സാധ്യതയെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
ഇതേതുടർന്ന് ചൈനയിലേക്ക് യാത്ര ചെയ്യുന്ന ഓസ്ട്രലിയക്കാർ യാത്രയുടെ കാര്യം പുനരാലോചിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹുബെയ് പ്രവിശ്യക്ക് പുറമെ ചൈനയിലെ മറ്റ് പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിലും ഫെഡറൽ സർക്കാരിന്റെ സ്മാർട്ട് ട്രാവലർ വെബ്സൈറ്റിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അവധിക്ക് ശേഷം രാജ്യത്തെ സ്കൂളുകൾ ഈയാഴ്ചയിൽ തുറക്കാനിരിക്കെ രോഗം പടരുമോ എന്ന ആശങ്കയിലാണ് അധികൃതർ. ഇതേതുടർന്ന് ചൈന സന്ദർശിച്ച കുട്ടികൾ രണ്ടാഴ്ചക്ക് ശേഷം സ്കൂളിൽ എത്തിയാൽ മതിയെന്ന് വിവിധ സ്കൂളുകൾ നിർദ്ദേശം നൽകിയിട്ടുണ്ട്.
മാത്രമല്ല ആരോഗ്യ പരിശോധനക്ക് വിധേയരായ ശേഷം മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന നിർദ്ദേശവും ചില സ്കൂളുകൾ മുൻപോട്ട് വച്ചിട്ടുണ്ട്.