ഓസ്‌ട്രേലിയയിൽ തിരിച്ചെത്താൻ കഴിയാതെ നിരവധി ഓസ്‌ട്രേലിയൻ പൗരന്മാർ ഇപ്പോഴും വിദേശത്ത് കുടുങ്ങി കിടക്കുകയാണ്. ഇതിന് പുറമെ, അതിർത്തികൾ തുറക്കുമ്പോൾ ഓസ്‌ട്രേലിയയിൽ എത്താൻ കാത്തിരിക്കുന്ന നിരവധി പേരുണ്ട്.
ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നതിന് വാക്‌സിൻ നിർബന്ധമായിരിക്കുമോ എന്നതാണ് പലരുടെയും സംശയം. ഒപ്പം, ഏത് വാക്‌സിൻ എടുക്കണം എന്ന കാര്യത്തിലും പലർക്കും ആശയക്കുഴപ്പമുണ്ട്.
ഓസ്‌ട്രേലിയൻ പെർമനന്റ് റെസിഡന്റായ ധന്യ ശ്രീ ഇപ്പോൾ കേരളത്തിൽ ദന്ത ഡോക്ടറായി പ്രവർത്തിക്കുകയാണ്. അതിർത്തി തുറക്കുമ്പോൾ സിഡ്‌നിയിലുള്ള ഭർത്താവിനൊപ്പം തിരിച്ചെത്താനാണ് ധന്യ ലക്ഷ്യമിടുന്നത്.
ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയായതിനാൽ ഓസ്‌ട്രേലിയയിലേക്ക് എത്തുന്നതിന് മുൻപ് ഏത് വാക്‌സിൻ എടുക്കണെമെന്നുള്ള സംശയമാണ് ധന്യക്കുള്ളത്.
ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയായതിനാൽ വാക്‌സിൻ എടുക്കാൻ തീയതി ലഭിച്ചിട്ടുണ്ട്, എന്നാൽ ഓസ്‌ട്രേലിയയിൽ അംഗീകൃതമായ വാക്‌സിൻ എടുക്കുകയാണ് ലക്ഷ്യമെന്ന് ധന്യ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

Dhanya Shree and family are eagerly looking forward to come back to Australia when borders reopen. Source: Supplied/Dhanya Shree
വിദേശയാത്രക്കാരുടെ കാര്യത്തിൽ ഇതുവരെ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നാണ് ഓസ്‌ട്രേലിയൻ ആരോഗ്യ വകുപ്പ് എസ് ബി എസ് മലയാളത്തോട് വ്യക്തമാക്കിയത്.
എന്നാൽ, ഓസ്‌ട്രേലിയൻ സമൂഹത്തിന്റെ സുരക്ഷക്കായി വിദേശത്ത് നിന്നെത്തുന്നവർ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയത്. ഇതിൽ വാക്‌സിനേഷനും ക്വാറന്റൈനും ഉൾപ്പെടാമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.
വിദേശത്ത് നിന്നെത്തുന്നവർ വാക്‌സിനേഷൻ എടുക്കുന്നത് കൊണ്ട്മാത്രം ഓസ്‌ട്രേലിയൻ സമൂഹം പൂർണമായും സുരക്ഷിതമാകുമെന്ന് കരുതുന്നില്ല എന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
വിവിധ പ്രതിരോധ നടപടികൾക്കൊപ്പം വാക്‌സിനേഷനും പ്രധാന പങ്കുവഹിക്കുമെന്ന് കരുതുന്നതായി ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
വാക്‌സിനേഷൻ രോഗവ്യാപനം തടയുമെന്നതിന് ആവശ്യത്തിന് തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല എന്ന കാര്യവും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. അത് കൊണ്ട് വാക്‌സിനേഷൻ എടുത്താലും അതിർത്തികൾ തുറന്ന് ശേഷവം ഏതെങ്കിലും രീതിയിലുള്ള ക്വാറന്റൈൻ സംവിധാനം ഉണ്ടാകാൻ ഇടയുണ്ട് എന്നാണ് വ്യക്തമാക്കിയത്.
വിദേശത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യണമെങ്കിൽ വാക്‌സിൻ വേണ്ടി വരുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തയില്ലെങ്കിലും, ഇത് ആവശ്യമായി വരുമെന്നാണ് ഒട്ടേറെപേർ കരുതുന്നത്.
വിദേശ യാത്രക്ക് വാക്‌സിൻ ആവശ്യമായി വരുമെന്നാണ് ഞങ്ങൾ കരുതുന്നത്.
ഇക്കാര്യം കണക്കിലെടുത്താണ് കേരളത്തിൽ ഒറ്റയ്ക്ക് കഴിയുന്ന മാതാവ് അടുത്തിടെ വാക്‌സിൻ എടുത്തതെന്ന് അഡ്ലൈഡിലുള്ള അനീഷ് ചാക്കോ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
വിദേശത്തുള്ള പൗരന്മാരുടെ വാക്‌സിനേഷൻ
വിദേശത്ത് ഇപ്പോൾ കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയക്കാർക്ക് ഓസ്‌ട്രേലിയയിൽ നടപ്പിലാക്കിയിരിക്കുന്ന വാക്‌സിൻ പദ്ധതിയുടെ ഭാഗമാകാൻ കഴിയുകയില്ല. എന്നാൽ, വാക്‌സിന്റെ ആദ്യ ഡോസ് വിദേശത്ത് എടുത്ത ശേഷം ഓസ്‌ട്രേലിയയിൽ രണ്ടാം ഡോസ് എടുക്കാൻ കഴിയുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ഓസ്‌ട്രേലിയയിൽ അംഗീകൃതമായ വാക്‌സിനായിരിക്കും ഇത് ബാധകം. ഫൈസർ വാക്‌സിനും ആസ്ട്രസെനക്ക വാക്‌സിനുമാണ് ഓസ്‌ട്രേലിയയിൽ അംഗീകാരമുള്ള വാക്‌സിനുകൾ. ഒപ്പം, രണ്ടാം ഡോസ് എടുക്കേണ്ട സമയപരിധിക്കുള്ളിൽ ഓസ്‌ട്രേലിയയിൽ എത്തുന്നവർക്കാണ് ഇത് ലഭ്യമാകുക.
ആസ്ട്രസെനക്ക വാക്‌സിൻ രാജ്യത്തുടനീളം നിരവധി ജിപി ക്ലിനിക്കുകൾ മുഖാന്തരം ലഭ്യമാകുമെങ്കിലും ഫൈസർ വാക്‌സിൻ ചില ആശുപത്രികളിൽ മാത്രമാണ് സൂക്ഷിച്ചിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയയിൽ എത്തിയ ശേഷം ഓരോരുത്തരുടെയും പ്രാദേശിക വാക്‌സിൻ വിതരണ കേന്ദ്രങ്ങളെ ബന്ധപ്പെടാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
അംഗീകൃത കൊവിഡ് വാക്‌സിനേഷൻ ക്ലിനിക്കുകളുടെ വിശദാംശങ്ങൾ ഹെൽത് ഡൈറക്ടിന്റെ നാഷണൽ ഹെൽത് സർവീസസ് ഡൈറക്ടറിയിൽ (NHSD) വൈകാതെ ലഭ്യമാകുമെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു. ഇതിന് പുറമെ ദേശീയ കൊറോണവൈറസ് ഹോട്ട്ലൈനിനെ 1800 020 080 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വിദേശത്തുള്ള ഓസ്‌ട്രേലിയക്കാർക്ക് ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
വിദേശ രാജ്യങ്ങളിൽ നിന്ന് സ്വീകരിക്കുന്ന വാക്‌സിനുകളുടെ സുരക്ഷയോ ഗുണനിലവാരമോ സംബന്ധിച്ച് ഓസ്‌ട്രേലിയൻ അധികൃതർക്ക് ഉപദേശം നൽകാൻ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. വിദേശത്തായിരിക്കുമ്പോൾ വാക്‌സിൻ എടുക്കുന്നതിനെപ്പറ്റി പ്രാദേശിക ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം തേടണമെന്നും ഓസ്‌ട്രേലിയൻ ആരോഗ്യ വകുപ്പ് പറഞ്ഞു.