പുതിയ കാലാവസ്ഥാ വ്യതിയാന പ്രകടന സൂചികയിൽ കാലാവസ്ഥ നയങ്ങളുടെ കാര്യത്തിൽ കസാക്കിസ്ഥാൻ, സൗദി അറേബ്യ, റഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് ശേഷം ഏറ്റവും അവസാനമാണ് ഓസ്‌ട്രേലിയുടെ സ്ഥാനം.
ഗ്ലാസ്‌ഗോയിൽ നടന്ന COP26 ഉച്ചകോടിയിൽ പുറത്ത് വിട്ട ഏറ്റവും പുതിയ കാലാവസ്ഥാ വ്യതിയാന പ്രകടന സൂചികയിൽ എല്ലാ വിഭാഗങ്ങളും പരിഗണിക്കുമ്പോൾ ഓസ്‌ട്രേലിയ 58-ാം സ്ഥാനത്താണ്.
റിന്യൂവബിൾസിൽ 52 ആം സ്ഥാനവും, ഊർജ്ജ ഉപയോഗത്തിന് 54 ആം സ്ഥാനവും, ഹരിതഗൃഹ വാതക ഉദ്‌വമനത്തിന് 56 ആം സ്ഥാനവുമാണ് ഓസ്‌ട്രേലിയ നേടിയത്.
കാർബൺ ബഹിർഗമനം ഇല്ലാതാക്കാൻ പര്യാപ്തമല്ല ഓസ്‌ട്രേലിയയുടെ നയങ്ങൾ എന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
പുതിയ സാങ്കേതിക വിദ്യയിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള ഓസ്‌ട്രേലിയയുടെ മാർഗരേഖ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം കൂട്ടാൻ ആവശ്യത്തിന് പ്രോത്സാഹനം നൽകുന്നവയല്ല എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന് പുറമെ ജൈവ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നില്ല എന്നും റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു.
2050 ൽ നെറ്റ് സീറോ എന്ന പദ്ധതി ഓസ്‌ട്രേലിയ ഗ്ലാസ്ഗോയിൽ അവതരിപ്പിച്ചെങ്കിലും ഇതിനായുള്ള പുതിയ നയങ്ങളോ പദ്ധതികളോ മുൻപോട്ട് വയ്ക്കാത്തതിനെ പട്ടികയിൽ വിമർശിച്ചിട്ടുണ്ട്.
പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം കൂട്ടാൻ പ്രോത്സാഹനം കുറവാണെന്ന് മാത്രമല്ല, ഇൻഫ്രാസ്ട്രക്ചറിനായുള്ള നിക്ഷേപം അപര്യാപ്തമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതെസമയം കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാൻ നികുതി വർദ്ധിപ്പിക്കുകയല്ല, മറിച്ച് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണുകയാണ് ഓസ്‌ട്രേലിയ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹന പദ്ധതി പ്രധാന മന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.
പദ്ധതി വഴി 2030 ഓടെ 17 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ ഓസ്‌ട്രേലിയൻ റോഡുകളിൽ ഓടി തുടങ്ങുമെന്നാണ് കണക്ക്കൂട്ടുന്നത്.
ഇപ്പോൾ സ്വകാര്യ മേഖലയാണ് ഉപഭോക്താക്കളോട് ഈ വിഷയങ്ങളിൽ പ്രതികരിക്കുന്നത് എന്നും ജനങ്ങൾ ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന് പറയാൻ സർക്കാരുകൾ മുന്നോട്ട് വരേണ്ട കാര്യമില്ലെന്നും സ്കോട്ട് മോറിസൺ പറഞ്ഞു.
അതെസമയം പുതിയ പദ്ധതിയിൽ നികുതി ആനുകൂല്യങ്ങളോ ഇന്ധനക്ഷമതാ മാനദണ്ഡങ്ങളോ ഉൾപ്പെടുത്താത്തതിനെതിരെ ഇലക്ട്രിക് വാഹന വ്യവസായ രംഗം വിമർശനം അറിയിച്ചിട്ടുണ്ട്.
ജർമ്മൻ പരിസ്ഥിതി വിദഗ്ധരാണ് കാലാവസ്ഥാ വ്യതിയാന പ്രകടന പട്ടിക തയ്യറാക്കിയത്. 2005 മുതൽ ആഗോള ഉദ്‌വമനത്തിന്റെ 90 ശതമാനത്തിനും ഉത്തരവാദികളായ രാജ്യങ്ങളെ നാല് വിഭാഗങ്ങളിലായി തരംതിരിച്ച് താരതമ്യം ചെയ്യുകയായിരുന്നു.
സ്വീഡനെ മറികടന്ന് ഡെന്മാർക്കാണ് പട്ടികയിൽ ഏറ്റവും മുന്നിൽ. കഴിഞ്ഞ പന്ത്രണ്ട് മാസത്തിൽ ഏറ്റവും പുരോഗതി നേടിയ രാജ്യങ്ങളിൽ നെതെർലാൻഡ്‌സും ഗ്രീസുമാണ് മുന്നിൽ.
പട്ടികയിൽ ഇന്ത്യ 10 ആം സ്ഥാനത്താണ്. റിന്യൂവബിൾ എനർജി രംഗത്ത് മീഡിയം റാങ്കിംഗ് ആണ് ഇന്ത്യ നേടിയത്. താരതമ്യേന കുറഞ്ഞ പ്രതിശീർഷ ഉദ്‌വമനം ഇന്ത്യയ്ക്ക് അനുകൂലമാണ്.
എന്നാൽ എല്ലാ വിഭാഗങ്ങളിലും വളരെ ഉയർന്ന സ്കോർ ഒരു രാജ്യത്തിനും നേടാനായിട്ടില്ല. അതുകൊണ്ട് വളരെ ഉയർന്ന റേറ്റിംഗ് ഒരു രാജ്യത്തിനും ലഭച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.