എല്ലാ സംസ്ഥാനങ്ങളിലും വൈറസ് ബാധ വൻതോതിൽ കൂടുന്നതായാണ് ശനിയാഴ്ച ഉച്ചയോടെ വിവിധ ആരോഗ്യവകുപ്പുകൾ വ്യക്തമാക്കിയത്.
രാജ്യത്ത് കുറഞ്ഞത് 1049 പേരായി ഇതോടെ കൊവിഡ്-19 ബാധിതർ
ചില സംസ്ഥാനങ്ങളിലെ കണക്കുകൾ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളളൂ.
ജനുവരി 25ന് ആദ്യ കൊവിഡ്-19 ബാധ സ്ഥിരീകരിച്ച ഓസ്ട്രേലിയയിൽ, കഴിഞ്ഞ രണ്ടാഴ്ചകളിലാണ് സ്ഥിതി രൂക്ഷമായത്.
ന്യൂ സൗത്ത് വെയിൽസിൽ 83 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 436 ആയി.
ഏറ്റവുമധികം വേഗത്തിൽ ഓസ്ട്രേലിയയിൽ രോഗം പടർന്നുപിടിക്കുന്നതും ന്യൂ സൗത്ത് വെയിൽസിലാണ്.
ക്വീൻസ്ലലാന്റിൽ 221 പേർക്കും വിക്ടോറിയയിൽ 229 പേർക്കും വെസ്റ്റേൺ ഓസ്ട്രേലിയയിൽ 90 പേർക്കും വൈറസ് ബാധ സ്ഥീരീകരിച്ചിട്ടുണ്ട്.
വിലക്കുകൾ ലംഘിച്ച് കൂടുതൽ പേരെത്തിയതോടെ സിഡ്നിയിലെ പ്രശസ്തമായ ബോണ്ടായി ബീച്ച് അടച്ചിട്ടു. 500 പേരിൽ കൂടുതൽ ഒത്തുചേരരുത് എന്ന പരിധി മറികടന്നതോടെയാണ് ഇത്.
ഓസ്ട്രേലിയയിലെ കൊറോണവൈറസ് ബാധയെക്കുറിച്ച് മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ റിപ്പോർട്ടുകളും ഇവിടെ വായിക്കാം
ഈ സാഹചര്യത്തിലും ബീച്ചിലേക്ക് പോകാൻ ജനം ശ്രമിക്കുന്നത് കടുത്ത വിമർശനവും ഉയർത്തിയിട്ടുണ്ട്.
വിദേശികൾക്ക് ഓസ്ട്രേലിയയിലേക്ക് പ്രവേശനം വിലക്കി കൊണ്ടുള്ള സർക്കാർ ഉത്തരവും നിലവിൽ വന്നു. ഇന്നു മുതൽ ഓസ്ട്രേലിയൻ പൗരൻമാർക്കും, റെസിഡന്റ്സിനും കുടുംബാംഗങ്ങൾക്കും മാത്രമേ രാജ്യത്തേക്ക് വരാൻ കഴിയൂ.

Sydney's Bondi Beach in March. Source: AAP
ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വൻതോതിൽ കൂടുകയാണ്. രോഗബാധ കൂടുതലായുള്ള സബർബുകൾ പൂർണമായും അടച്ചിടുന്ന കാര്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി വെള്ളിയാഴ്ച സൂചിപ്പിച്ചിരുന്നു.
രോഗബാധ കൂടുതൽ അപകടകരമാകുന്നത് പ്രായമേറിയവർക്കാണ് എന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. ഓസ്ട്രേലിയയിൽ രോഗം സ്ഥിരീകരിച്ചതിൽ കൂടുതലും ചെറുപ്പക്കാരാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ നിരവധി കുട്ടികൾക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.