വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി സിഡ്നിയിലുണ്ടായ രണ്ടു മരണങ്ങൾ കൊറോണവൈറസ് ബാധ മൂലമാണെന്ന് ന്യൂ സൗത്ത് വെയിൽസ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
ക്വീൻസ്ലാന്റ് സ്വദേശിയായ ഒരു 77കാരിയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ വച്ച് മരിച്ചത്.
വെള്ളിയാഴ്ച ബ്രിസ്ബൈനിൽ നിന്ന് സിഡ്നിയിലേക്ക് യാത്ര ചെയ്യുമ്പോൾ വിമാനത്തിൽ വച്ചാണ് ഇവർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്നാൽ അതേദിവസം തന്നെ ഇവർ മരിക്കുകയായിരുന്നു.
ഇവർക്ക് കൊറോണവൈറസ് ബാധയായിരുന്നുവെന്ന് ഞായറാഴ്ച സ്ഥിരീകരിച്ച NSW ആരോഗ്യവകുപ്പ്, ക്വീൻസ്ലാന്റ് സർക്കാരിനെയും അത് അറിയിച്ചിട്ടുണ്ട്. ക്വീൻസ്ലാന്റിൽവച്ച് കൊവിഡ്-19 ബാധിച്ചതുമൂലമുണ്ടാകുന്ന ആദ്യ മരണമാണ് ഇത്.
സിഡ്നി മക്വാറീ പാർക്കിലെ ഡോറോത്തി ഹെൻഡേഴ്സൻ ലോഡ്ജിൽ താമസിച്ചിരുന്ന ഒരു 90കാരിയും ശനിയാഴ്ച മരിച്ചിരുന്നു. ഇവർക്കും കൊറോണവൈറസ് ബാധിച്ചിരുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ഡോറോത്തി ഹെൻഡേഴ്സൻ ലോഡ്ജിലെ രണ്ടു പേർ നേരത്തേ മരിച്ചിരുന്നു. ജപ്പാൻ തീരത്തുണ്ടായിരുന്ന ഡയമണ്ട് പ്രിൻസസ് ക്രൂസ് കപ്പലിലെ യാത്രക്കാരനായിരുന്ന ഒരു പെർത്ത് സ്വദേശിയും നേരത്തേ കൊറോണ ബാധിച്ച് മരിച്ചിരുന്നു.