ഓസ്ട്രേലിയയിൽ പുതുതായി കൊറോണവൈറസ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുനിൽക്കുകയും, സാഹചര്യം ഓരോ ദിവസവും മെച്ചപ്പെടുകയുമാണ്.
സൗത്ത് ഓസ്ട്രേലിയ, ക്യാപിറ്റൽ ടെറിട്ടറി, നോർതേൺ ടെറിട്ടറി തുടങ്ങിയ മേഖലകളിൽ ദിവസങ്ങളോളം പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ACTയിൽ വൈറസ് ബാധിച്ച എല്ലാവരും രോഗമോചിതരാകുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ആശുപത്രികളും ഏജ്ഡ് കെയറുകളും കേന്ദ്രീകരിച്ചുള്ള ക്ലസ്റ്ററുകളാണ് ഇപ്പോഴത്തെ ആശങ്ക.
ന്യൂസൗത്ത് വെയിൽസിൽ പുതുതായി സ്ഥിരീകരിച്ച ഒമ്പതു വൈറസ്ബാധയിൽ പകുതിയും സാമൂഹിക വ്യാപനമാണ്. അതായത്, എവിടെ നിന്നാണ് വൈറസ് ബാധിച്ചത് എന്ന് വ്യക്തമായി കണ്ടെത്തിയിട്ടില്ല.
സിഡ്നിയിലെ ന്യൂമാർച്ച് ഏജ്ഡ് കെയർ കേന്ദ്രത്തിലും വടക്കുപടിഞ്ഞാറൻ ടാസ്മേനിയയിലെ രണ്ട് ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള ക്ലസ്റ്ററിലും രോഗബാധയും മരണസംഖ്യയും കൂടുന്നതും ആശങ്കയായി തുടരുന്നുണ്ട്.
എന്നാൽ ഇതിനിടയിലും സാമൂഹിക നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ നൽകാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയാണ് സംസ്ഥാനങ്ങൾ. വ്യത്യസ്തമായ നിലപാടുകളാണ് ഓരോ സംസ്ഥാന സർക്കാരുകളും ഇതിൽ സ്വീകരിക്കുന്നത്.
നിങ്ങളുടെ സംസ്ഥാനത്തിന്റെ സാഹചര്യം എന്താണെന്ന് അറിയാം
നോർതേൺ ടെറിട്ടറി
നിയന്ത്രണങ്ങളിൽ ഏറ്റവുമധികം ഇളവ് പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശമാണ് നോർതേൺ ടെറിട്ടറി. മൂന്നാഴ്ചയായി ടെറിട്ടറിയിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മൂന്നു ഘട്ടങ്ങളിലായാണ് ടെറിട്ടറിയിൽ ഇളവുകൾ നീക്കുന്നത്.
മേയ് ഒന്ന് വെള്ളിയാഴ്ച ഉച്ച മുതൽ കളിസ്ഥലങ്ങളും, നീന്തൽക്കുളങ്ങളും, പാർക്കുകളുമെല്ലാം തുറക്കും.
കെട്ടിടങ്ങൾക്ക് പുറത്തു നടക്കുന്ന (outdoor) വിവാഹങ്ങളും മരണാനന്തര ചടങ്ങുകളുമുൾപ്പെടെയുള്ള മതപരമായ ചടങ്ങുകളും, ഓപ്പൺ ഹൗസ് പരിശോധനകളും, വീടുവിൽപ്പനയ്ക്കുള്ള ലേലവും (ഓക്ഷൻ) അനുവദിക്കും. പത്തു പേരിൽ കൂടുതൽ ഒത്തുചേരരുത് എന്ന വ്യവസ്ഥ ഇവയ്ക്ക് ബാധകമല്ല.
എന്നാൽ സാമൂഹികമായ അകലം പാലിക്കൽ ഇവയിൽ പാലിക്കേണ്ടി വരും.
മേയ് പതിനഞ്ചിനുള്ള രണ്ടാം ഘട്ടത്തിൽ റെസ്റ്റോറന്റുകളും, പബുകളും, ജിമ്മുകളും, കെട്ടിടങ്ങൾക്കുള്ളിൽ നടക്കുന്ന ചടങ്ങുകളും, ഫുട്ടി ഉൾപ്പെടെയുള്ള കായിക വിനോദങ്ങളും അനുവദിക്കും.

Source: NT government
ജൂൺ അഞ്ചിനാണ് മുന്നാം ഘട്ടം. കൊവിഡ്-19 സുരക്ഷാ പ്ലാൻ തയ്യാറാക്കുന്ന എല്ലാ ബിസിനസുകൾക്കും അന്നു മുതൽ പ്രവർത്തിക്കാം.
എന്നാൽ ടെറിട്ടറിയുടെ അതിർത്തികൾ എന്നു തുറക്കും എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.
വെസ്റ്റേൺ ഓസ്ട്രേലിയ
“ജാഗ്രതയോടെ ഇളവുകൾ നൽകുന്നു” എന്നാണ് സംസ്ഥാന പ്രീമിയർ മാർക്ക് മക്ഗവൻ പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ടു പേരിൽ കൂടുതൽ ഒത്തുചേരരുത് എന്ന നിബന്ധന പിൻവലിച്ചിട്ടുണ്ട്. പത്തു പേർക്കു വരെ ഒത്തുചേരാം എന്നാണ് പുതിയ നിബന്ധന.
ഇതോടെ ബൂട്ട് ക്യാംപുകളും, പുറത്തുള്ള ഗ്രൂപ്പ് വ്യായാമങ്ങളും അനുവദിക്കും. എന്നാൽ സാമൂഹിക അകലം പാലിക്കൽ തുടരണം.
ജിമ്മുകളും, ഔട്ട്ഡോർ ജിമ്മുകളും, കളിസ്ഥലങ്ങളുമെല്ലാം അടഞ്ഞുതന്നെ കിടക്കും.

Restrictions are starting to be loosened in some states and territories. Source: AAP
ഓപ്പൺ ഹോമുകൾക്കും ഇളവുണ്ട്. പത്തു പേരിൽ കൂടുതൽ ഒരുമിച്ചുണ്ടാകാൻ പാടില്ല എന്നാണ് വ്യവസ്ഥ.
അനുവദനീയമായ മറ്റു കാര്യങ്ങൾ ഇവയാണ്:
- പിക്നിക്കുകൾ - പത്തു പേർ വരെ, അകലം പാലിച്ചുകൊണ്ട്
- ബാർബിക്യു – പത്തു പേർ വരെ, ഒരാൾക്ക് നാലു ചതുരശ്ര മീറ്റർ വീതം സ്ഥലമുണ്ടെങ്കിൽ
- പാർക്കിലെ ഫുട്ബോൾ - പരസ്പരം സ്പർശിക്കാതെ, പത്തു പേർ വരെ
- ഫിഷിംഗ്, ഗോൾഫ്, ടെന്നീസ്
- ക്യാംപിംഗ് – മറ്റു താമസസ്ഥലമില്ലാത്തവർക്ക് മാത്രം
- ബുഷ് വാക്ക്, ഹൈക്കിംഗ്
- ബോട്ടിംഗ്
ക്വീൻസ്ലാന്റ്
നിയന്ത്രണങ്ങളിലെ ഇളവ് ആദ്യം പ്രഖ്യാപിച്ച സംസ്ഥാനമാണ് ക്വീൻസ്ലാന്റ്. ശനിയാഴ്ച മുതലാണ് ഇളവുകൾ നിലവിൽ വരുന്നത്.
വീട്ടിൽ നിന്ന് 50 കിലോമീറ്റർ അകലെ വരെ ഡ്രൈവ് പോകാൻ ക്വീൻസ്ലാന്റുകാർക്ക് കഴിയും.
ഒരേ വീട്ടിൽ കഴിയുന്നവർ ഒരുമിച്ചുള്ള പിക്നിക്, നാഷണൽ പാർക്കുകളിലേക്കുള്ള യാത്ര, അവശ്യവസ്തുക്കൾക്ക് പുറമേയുള്ള മറ്റു ഷോപ്പിംഗ് എന്നിവയും അനുവദിക്കും.
എന്നാൽ സാമൂഹികമായ അകലം പാലിക്കൽ തുടരണം. പുറത്തുവച്ച് ഒത്തുകൂടുന്നത് ഒരേ വീട്ടിൽ കഴിയുന്നവർക്ക് മാത്രമേ അനുവദനീയമായിട്ടുള്ളൂ. അല്ലെങ്കിൽ ഒരു വ്യക്തിക്ക് മറ്റൊരാളുമായി മാത്രമേ ഒരുമിച്ച് കൂടാൻ അനുവാദമുണ്ടാകൂ.

Source: QLD Police
ജനങ്ങൾ ഈ ഇളവ് ദുരുപയോഗം ചെയ്യാൻ ശ്രമിച്ചാൽ വീണ്ടും നിയന്ത്രണം വീണ്ടും കർശനമാക്കും എന്ന് പ്രീമിയർ അനസ്താഷ്യ പലാഷേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
NSW
കൊറോണവൈറസ് ബാധ ഇപ്പോഴും ഏറ്റവും കൂടി നിൽക്കുന്ന ന്യൂ സൗത്ത് വെയിൽസിൽ നേരിയ ഇളവു മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ടു പേർക്ക് മറ്റൊരു വീട്ടിലേക്ക് സന്ദർശനം നടത്താനുള്ള അനുമതിയാണ് വെള്ളിയാഴ്ച മുതൽ ലഭിക്കുക.
രണ്ട് മുതിർന്നവർക്കൊപ്പം കുട്ടികൾക്കും ഇത്തരത്തിൽ സന്ദർശം നടത്താം. വീട്ടിനുള്ളിൽ കഴിയുന്നവരുടെ മാനസികാരോഗ്യം കണക്കിലെടുത്താണ് ഈ തീരുമാനം.
തിങ്കൾ മുതൽ വെള്ളി വരെ പകൽസമയം ബോണ്ടായി, ടമരാമ തുടങ്ങിയ ബീച്ചുകളിലേക്ക് പ്രവേശനം അനുവദിക്കും.പക്ഷേ നീന്താനും സർഫിംഗിനും മാത്രമായിരിക്കും അനുമതി.
എന്നാൽ ബീച്ചിൽ നടക്കാനോ, ഓടാനോ ഒന്നും അനുവദിക്കില്ല.
എന്നാൽ Coogee, Maroubra തുടങ്ങിയ ബീച്ചുകളിൽ വ്യായാമം ചെയ്യാനും അനുവദിക്കും. പക്ഷേ അതു കഴിഞ്ഞാലുടൻ അവിടം വിട്ടുപോകണം.
എന്നാൽ ജനങ്ങൾ ജാഗ്രത തുടരണം എന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ നിർദ്ദേശിച്ചിട്ടുണ്ട്. വീണ്ടും രോഗബാധ കുതിച്ചുയരുന്ന സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇത്.
സൗത്ത് ഓസ്ട്രേലിയ
എട്ടു ദിവസമായി പുതിയ രോഗബാധയില്ലെങ്കിലും സൗത്ത് ഓസ്ട്രേലിയയിൽ കൂടുതൽ ഇളവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
സംസ്ഥാനത്തെ ബീച്ചുകൾ അടച്ചിട്ടിട്ടില്ല. ബറോസ വാലി വൈൻ മേഖല ഇയാഴ്ച തുറന്നിരുന്നു.
നിലവിൽ തന്നെ പത്തു പേർ വരെ ഒത്തുചേരാനുള്ള അനുമതി സംസ്ഥാനത്തുണ്ട്. രണ്ടു പേർ എന്ന നിയന്ത്രണം ഇവിടെ നടപ്പാക്കിയിട്ടില്ല.
വിക്ടോറിയ
സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന അടിയന്തരാവസ്ഥ മേയ് 11 വരെയാണ് തുടരുന്നത്. അതുവരെയും നിയന്ത്രണങ്ങളും ഇപ്പോഴത്തേതു പോലെ തുടരാനാണ് സാധ്യത.
നിയന്ത്രണങ്ങളുടെ കാര്യത്തിൽ കർശന നിലപാടാണ് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് സ്വീകരിക്കുന്നത്.
സാധ്യമായ സാഹചര്യങ്ങളിലെല്ലാം വീട്ടിൽ തന്നെയിരിക്കാനാണ് വിക്ടോറിയക്കാരോട് പ്രീമിയർ നിർദ്ദേശിക്കുന്നത്. രണ്ടാഴ്ചയിൽ ഒരു ലക്ഷം പേരെങ്കിലും കൊറോണ പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന കാര്യം പരിഗണിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
ടാസ്മേനിയ
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഇളവു ചെയ്യാൻ ഇനിയും കാത്തിരിക്കേണ്ടിവരും എന്നാണ് പ്രീമിയർ പീറ്റർ ഗട്വിൻ വ്യക്തമാക്കിയിരിക്കുന്നത്.
വൈറസ്ബാധ രൂക്ഷമായ വടക്കുപടിഞ്ഞാറൻ ടാസ്മേനിയയിൽ കർശന ലോക്ക്ഡൗൺ മേയ് നാലു വരെയാണ് തുടരുന്നത്.
നിയന്ത്രണങ്ങളിലെ ഇളവുകളെക്കുറിച്ച് മേയ് പതിനഞ്ചോടെ ചിന്തിച്ചു തുടങ്ങുമെന്ന് പ്രീമിയർ പറഞ്ഞു
ACT
ഓസ്ട്രേലിയയിൽ വൈറസ് ബാധിച്ച ഒരാൾ പോലുമില്ലാത്ത ഏക പ്രദേശമാണ് ക്യാപിറ്റൽ ടെറിട്ടറി. എന്നാൽ ടെറിട്ടറിയിൽ നിയന്ത്രണങ്ങൾ ഇളവു ചെയ്യുന്നതിന് ഇതുവരെയും പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
തൊട്ടടുത്തുള്ള ന്യൂസൗത്ത് വെയിൽസിനെക്കാൾ കുറഞ്ഞ തലത്തിലുള്ള നിയന്ത്രണങ്ങളാണ് നിലവിൽ തന്നെ ക്യാപിറ്റൽ ടെറിട്ടറിയിലുള്ളത്.
രണ്ടു പേരിൽ കൂടുതൽ ഒത്തുചേരരുത് എന്ന നിയന്ത്രണം പത്തുപേരാക്കി ഇളവു ചെയ്യുന്നതാകും ആദ്യ നടപടിയെന്ന് ടെറിട്ടറി മുഖ്യമന്ത്രി ആൻഡ്ര്യൂ ബാർ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത് എന്നുണ്ടാകുമെന്ന് വ്യക്തമല്ല
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
The federal government's coronavirus tracing app COVIDSafe is available for download from your phone's app store.
SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus