കൊറോണവൈറസ് ബാധ നിയന്ത്രണത്തിൽ വരികയും, വാക്സിൻ വിതരണം തുടങ്ങുകയും ചെയ്തതോടെ ഓസ്ട്രേലിയയുടെ അതിർത്തികൾ തുറക്കുന്നതിനെക്കുറിച്ച് ചർച്ചകൾ സജീവമായിരുന്നു.
2020 മാർച്ച് മുതൽ ഓസ്ട്രേലിയൻ അതിർത്തികൾ അടഞ്ഞുകിടക്കുകയാണ്.
ന്യൂസിലന്റുമായി പൂർണ യാത്രാ ബബ്ൾ തുടങ്ങാനുള്ള പ്രഖ്യാപനം രാജ്യാന്തര യാത്രകൾ തുടങ്ങുന്നതിന്റെ മുന്നോടിയാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
അതിർത്തികൾ തുറക്കുന്നതിനെക്കുറിച്ച് സർക്കാർ ആരോഗ്യമേഖലാ വിദഗ്ധരുടെ ഉപദേശം തേടുകയും ചെയ്തു.
എന്നാൽ, ഇതിനു പിന്നാലെയാണ് ആസ്ട്രസെനക്ക വാക്സിൻ വിതരണത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
ആസ്ട്രെസെനക്ക വാക്സിനെടുക്കുന്നവർക്ക് അപൂർവമായി രക്തം കട്ടപിടിക്കലുണ്ടാകുന്നതായി സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്.
50 വയസിൽ താഴെയുള്ളവർക്ക് ആസ്ട്രസെനക്കയെക്കാൾ മുൻഗണന ഫൈസർ വാക്സിൻ നൽകുന്നതിനായിരിക്കും എന്നാണ് സർക്കാർ പ്രഖ്യാപിച്ചത്.
ഓസ്ട്രേലിയയിൽ വിതരണം ചെയ്യാനായി ഏറ്റവുമധികം പരിഗണനയിലുണ്ടായിരുന്ന വാക്സിനായിരുന്നു ആസ്ട്രസെനക്കയുടേത്. ഇതിന്റെ വിതരണം കുറയുന്നതോടെ, വാക്സിനേഷ്റെ അടിസ്ഥാനത്തിൽ രാജ്യാന്തര യാത്രകൾ അനുവദിക്കാനുള്ള നീക്കവും വൈകും എന്നാണ് മുന്നറിയിപ്പ്.
സാമൂഹിക പ്രതിരോധശേഷി
ഓസ്ട്രേലിയയിൽ നിന്നുള്ള രാജ്യാന്തര യാത്രകൾ സാധാരണ നിലയിലാകാൻ ഇനിയും കുറഞ്ഞത് ഒരു വർഷമെങ്കിലുമെടുക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ കൊവിഡ് ഉപദേശകസമിതി അംഗമായ മേരിലൂയിസ് മക്ക്ലോസ് ചൂണ്ടിക്കാട്ടി.
ജനസംഖ്യയുടെ 85 ശതമാനം പേരെങ്കിലും വാക്സിനെടുത്തുകഴിഞ്ഞാൽ മാത്രമേ സാമൂഹികമായ പ്രതിരോധശേഷി (herd immunity) ലഭിക്കുകയുള്ളൂ.
രാജ്യാന്തര അതിർത്തി പൂർണമായി തുറക്കാൻ ഇത് അനിവാര്യമാണെന്ന് പ്രൊഫസർ മക്ക്ലോസ് പറഞ്ഞു.

The federal government urged to set a new COVID-19 vaccine target. Source: AAP Image/Damir Spehar/PIXSELL
ഒക്ടോബർ മാസത്തോടെ 85 ശതമാനം വാക്സിനേഷൻ പൂര്ത്തിയാക്കാനായിരുന്നു സർക്കാരിന്റെ ശ്രമം.
എന്നാൽ ആസ്ട്രസെനക്കവാക്സിൻ നൽകുന്നതിന്റെ വേഗത കുറയുന്നതോടെ ഈ ലക്ഷ്യം കൈവരിക്കൽ സാധ്യമാകില്ല.
ഒക്ടോബറോടെ 85 ശതമാനം എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ ദിവസം രണ്ടു ലക്ഷം ഡോസ് വാക്സിൻ വീതം അടുത്ത ആറു മാസം നൽകണമെന്ന് പ്രൊഫസർ മക്ക്ലോസ് പറഞ്ഞു.
അതിനാവശ്യമായ വാക്സിൻ ലഭ്യത ഇല്ലാത്തതിനാൽ ആ ലക്ഷ്യം കൈവരിക്കാൻ കഴിയില്ല.
വാക്സിൻ വിതരണത്തിന് പുതിയ സമയപരിധി സർക്കാർ പ്രഖ്യാപിച്ചിട്ടുമില്ല.
ജനസംഖ്യയിൽ നല്ലൊരു ഭാഗം പേരും വാക്സിനെടുക്കാതിരിക്കുമ്പോൾ അതിർത്തികൾ തുറക്കുന്നത് ഒട്ടും ഗുണകരമാകില്ലെന്ന് പ്രൊഫസർ മക്ക്ലോസ് ചൂണ്ടിക്കാട്ടി.
അതേസമയം, ഓസ്ട്രേലിയക്കാരുടെ രാജ്യന്തര യാത്രകൾ പഴയതുപോലെയാകണമെങ്കിൽ 2024 വരെ കാത്തിരിക്കണം എന്നാണ് ഡെലോയിറ്റ് അക്സസ് എക്കണോമിക്സിന്റെ റിപ്പോർട്ട് സൂചിപ്പിച്ചത്.
അതിർത്തി തുറന്നാലും അടുത്ത രണ്ടു വർഷങ്ങളിൽ ഓസ്ട്രേലിയയിൽ ക്വാറന്റൈൻ സംവിധാനങ്ങൾ നിലവിലുണ്ടാകുമെന്നും, 2024ഓടെ മാത്രമേ കൊവിഡിന് മുമ്പുള്ള സാഹചര്യത്തിലേക്ക് തിരിച്ചെത്താൻ കഴിയൂ എന്നും ഡെലോയിറ്റിലെ സാമ്പത്തിക വിദഗ്ധൻ ക്രിസ് റിച്ചാർഡ്സൻ പറഞ്ഞു.