ബ്രിസ്‌ബൈനിലെ എല്ല്യൂം എന്ന കമ്പനി വികസിപ്പിച്ച അതിവേഗ പരിശോധനക്കാണ് യു എസ് ഫുഡ് ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ (FDA) അംഗീകാരം നൽകിയത്. കൊറോണബാധ രൂക്ഷമാകുന്ന അമേരിക്കയിൽ അടിയന്തര ഉപയോഗത്തിനാണ് പരിശോധനക്ക് അനുമതി നൽകിയത്.
വീടുകളിൽ തന്നെ കൊവിഡ് പരിശോധന നടത്താവുന്ന എല്ല്യൂം കൊവിഡ്-19 ഹോം ടെസ്റ്റിന്റെ ക്ലിനിക്കൽ പരിശോധനയിൽ 96 ശതമാനം കൃത്യതയുണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞതായി എല്ല്യൂം ഹെൽത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഷോൺ പാർസൻസ് പറഞ്ഞു.
അമേരിക്കയിൽ കൊറോണ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത്തരമൊരു പരിശോധന കണ്ടെത്താൻ കഴിഞ്ഞത് പ്രധാന നാഴികകല്ലാണെന്ന് യു എസ് ഫുഡ് ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ കമ്മീഷണർ സ്റ്റീഫൻ ഹാൻ പറഞ്ഞു.
അമേരിക്കയിൽ ഓവർ ദി കൗണ്ടർ അഥവാ ഫാർമസിയിൽ നിന്ന് നേരിട്ട് വാങ്ങാവുന്ന വിധത്തിലാണ് ഇത് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ജനങ്ങൾക്ക് തന്നെ സ്വയം പരിശോധന നടത്താവുന്ന വിധത്തിലാണ് ഇത്. അതായത് പരിശോധനാകിറ്റ് വാങ്ങുന്ന വ്യക്തിക്ക് മൂക്കിൽ നിന്നുള്ള സ്രവം എടുത്ത് സ്വയം പരിശോധന നടത്താം.
പരിശോധന നടത്തി 20 മിനിറ്റിനുള്ളിൽ ഫലം അറിയാൻ കഴിയുമെന്ന് ഡോ. പാർസൺ വ്യക്തമാക്കി. സ്മാർട്ട് ഫോൺ ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന പരിശോധനയുടെ ഫലം ബ്ലൂടൂത്ത് സംവിധാനം വഴിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
അമേരിക്ക ഈ പരിശോധനക്ക് അംഗീകാരം കൊടുത്ത നടപടിയെ ഓസ്‌ട്രേലിയൻ ആക്റ്റിംഗ് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. പോൾ കെല്ലി സ്വാഗതം ചെയ്തു.
എന്നാൽ നിലവിൽ അമേരിക്ക നേരിടുന്ന പ്രതിസന്ധി ഇപ്പോൾ ഓസ്‌ട്രേലിയയിലില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്വീൻസ്ലാന്റിലെ ഒരു സംഘം ആരോഗ്യപ്രവർത്തകർ വികസിപ്പിച്ച ഒരു ആപ്പും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ ഉപയോഗത്തിലുണ്ട്.
ബ്രിസ്‌ബൈനിലെ പ്രിൻസ് ചാൾസ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരാണ് തീവ്ര പരിചരണ വിഭാഗത്തിൽ ഡോക്ടർമാർക്ക് ആവശ്യമായ വിവരങ്ങൾ ലഭിക്കാൻ സഹായകമാകുന്ന കൊവിഡ് ആപ്പ് ഉണ്ടാക്കിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 370 അആശുപത്രികളിലായി 500 ലേറെ ആരോഗ്യപ്രവർത്തകരാണ് നിലവിൽ ഇത് ഉപയോഗിക്കുന്നത്.