സിഡ്‌നിയുടെ വടക്ക് പടിഞ്ഞാറൻ പ്രദേശദേശത്തുള്ള പുതിയ തല്ലാവോങ് സ്റ്റേഷനിൽ നിന്നും നഗരത്തിന്റെ വടക്കൻ പ്രദേശമായ ചാറ്റ്സ് വുഡ് വരെയാണ് ഈ ഡ്രൈവറില്ലാ ട്രെയിൻ.
8.3 ബില്യൺ ഡോളറാണ് ഡ്രൈവർ ഇല്ലാ ട്രെയിനുകൾക്കായി സർക്കാർ ചിലവഴിക്കുന്നത്. ഇതിൽ 500 മില്യൺ ആണ് ആദ്യ ഘട്ടത്തിനായി ചിലവഴിച്ചത്.
ഈ ഡ്രൈവറില്ലാ ട്രെയിൻ കഴിഞ്ഞ ദിവസം 36 കിലോമീറ്റർ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. ഈ സാഹചര്യത്തിൽ, ഏപ്രിൽ അല്ലെങ്കിൽ മെയ് മാസം ആദ്യം യാത്രക്കാർക്കായി ഓടി തുടങ്ങുമെന്ന് NSW പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ അറിയിച്ചു.
ഇതോടെ ഓസ്‌ട്രേലിയയിലെ ആദ്യ ഡ്രൈവറില്ലാ ട്രെയിൻ ആകും സിഡ്നി നോർത്ത് വെസ്റ്റ് മെട്രോ.
സിഗ്നലും മറ്റ് സാങ്കേതിക പരിശോധനകളും പൂർത്തിയാക്കി നാഷണൽ സേഫ്റ്റി റെഗുലേറ്ററിന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ ട്രെയിൻ ഓടി തുടങ്ങുന്ന തീയതിയിൽ വ്യക്തത വരൂ.
ഇത്തരത്തിൽ ആറ് ബോഗികളുള്ള 22 ട്രെയിനുകളാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിൽ 17 എണ്ണം ഇന്ത്യയിലെ ചെന്നൈയ്ക്കടുത്ത്, തമിഴ്നാട്-ആന്ധ്ര അതിര്ത്തിയിലുള്ള ശ്രീ സിറ്റിയിലെ നിർമ്മാണയൂണിറ്റിലാണ് നിർമ്മിച്ചത്. ആല്സ്റ്റം എന്ന ഫ്രഞ്ച് കമ്പനിയാണ് ഇന്ത്യയില് ഈ ട്രെയിനുകൾ നിർമ്മിച്ച് എത്തിച്ചിരിക്കുന്നത്.
ഡ്രൈവറില്ലാ ട്രെയിനിന്റെ രണ്ടാം ഘട്ടം സിഡ്നി നഗരവും ചാറ്റ്സ് വുഡ്, സിഡ്നം എന്നീ പ്രദേശങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. 2024 ഓടെ രണ്ടാം ഘട്ടത്തിന്റെ പണി പൂർത്തിയാക്കി ട്രെയിൻ ഓടിത്തുടങ്ങാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതിന്റെ നിർമ്മാണത്തിനായി 12.5 ബില്യൺ ഡോളറാണ് സർക്കാർ മാറ്റിവച്ചിരിക്കുന്നത്.