ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രാലയത്തിൽ കരീർ ഓഫീസറായ സാറ കെർല്യൂവിനെയാണ് ചെന്നൈയിലേക്കുള്ള പുതിയ കോൺസൽ ജനറലായി വിദേശകാര്യ മന്ത്രി മരിസ പെയ്ൻ നിയമിച്ചത്.
കേരളം, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, കർണാടക, തെലങ്കാന, പുതുചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ തുടങ്ങിയ ദക്ഷിണേന്ത്യൻ പ്രദേശങ്ങളാണ് ചെന്നൈ കോൺസുലേറ്റിന്റെ പരിധിയിൽപ്പെടുന്നത്.
ദക്ഷിണേന്ത്യൻ പ്രദേശങ്ങളിലുള്ള ഓസ്‌ട്രേലിയയുടെ വ്യാപാര-നിക്ഷേപ താല്പര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് കെർല്യൂ കൂടുതൽ ഊന്നൽ നൽകുമെന്ന് മരിസ പെയ്ൻ പറഞ്ഞു.
ബെയ്‌ജിംഗ്, ന്യൂ ഡൽഹി, കെയ്‌റോ എന്നിവിടങ്ങളിൽ സേവനങ്ങൾ അനുഷ്ഠിച്ചിട്ടുള്ള കെർല്യൂ വിദേശകാര്യ മന്ത്രാലയത്തിൽ ഇൻഡോ-പസിഫിക് മേഖലയിലെ വിവിധ ചുമതലകളും വഹിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് ചെന്നൈ കോൺസുലേറ്റിന്റെ പ്രവർത്തനത്തെയും പെയ്ൻ പ്രശംസിച്ചു. കൊവിഡ് യാത്രാ വിലക്കുകൾ മൂലം കുടുങ്ങിക്കിടന്ന നിരവധി ഓസ്ട്രലിയക്കാരെ മടക്കിയയക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് ചെന്നൈ പ്രവർത്തിച്ചിട്ടുണ്ടെന്നും മരിസ പെയ്ൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
2020 ഒക്ടോബർ 23 മുതൽ ചെന്നൈയിൽ നിന്ന് അഞ്ച് വിമാന സർവീസുകളാണ് നടത്തിയത്.
ഇന്ത്യയിലെ അതിവേഗം വികസിക്കുന്നതും സാമ്പത്തിക പുരോഗതി കൈവരിക്കുന്നതുമായ ദക്ഷിണേന്ത്യൻ പ്രദേശങ്ങളുമായുള്ള പങ്കാളിത്തം ഓസ്‌ട്രേലിയയുടെ വാണിജ്യ അവസരങ്ങൾ മെച്ചപ്പെടുത്തുമെന്നും പെയ്ൻ പറഞ്ഞു.