ഓസ്‌ട്രേലിയയിൽ സെക്കണ്ടറി തലത്തിൽ കുട്ടികൾക്ക് സെലക്ടീവ് എൻട്രി സ്കൂളുകളിൽ പഠിക്കാൻ അവസരം ലഭിക്കും.
വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്ലാൻറ്, വെസ്റ്റേൺ ഓസ്ട്രേലിയ എന്നീ സംസ്ഥാനങ്ങളിലാണ് സെലക്ടീവ് എൻട്രി സ്കൂളുകൾ ഉള്ളത്. എൻട്രസ് പരീക്ഷ എഴുതി പാസാകുന്നവർക്കാണ് സെലക്ടീവ് എൻട്രി സ്കൂളുകളിൽ പ്രവേശനം ലഭിക്കുക.
വിവിധ സംസ്ഥാനങ്ങളിൽ പ്രവേശനം നൽകുന്ന രീതിയിൽ വ്യത്യാസമുണ്ട്. കൂടാതെ, വ്യത്യസ്ത ദിവസങ്ങളിലാകും പരീക്ഷ നടക്കുന്നതും.

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ പെർത്ത് മോഡേൺ സ്കൂൾ മാത്രമാണ് സെലക്ടീവ് എൻട്രി സ്കൂളായുള്ളത്. അക്കാഡമിക് സെലക്ടീവ് എൻട്രൻസ് ടെസ്റ്റ് പാസാക്കുന്ന സംസ്ഥാനത്തെ 225 കുട്ടികൾക്ക് ഇവിടെ പ്രവേശനം ലഭിക്കും.
വിക്ടോറിയയിൽ നാല് സെലക്ടീവ് എൻട്രി സ്കൂളുകളാണുള്ളത്. ഒമ്പതാം ക്ലാസ് മുതൽ 12 ആം ക്ലാസ് വരെ 1,000 വിദ്യാർത്ഥികൾക്ക് ഇവിടെ പ്രവേശനം നൽകും. പരീക്ഷാ ഫലവും പഠന മികവും നോക്കിയാകും പ്രവേശനം നൽകുക.
ക്വീൻസ്ലാന്റിൽ മൂന്ന് സെലക്ടീവ് ഹൈ സ്കൂളുകളുണ്ട്. കൂടാതെ, ഭാഗികമായി സെലക്ടീവ് സ്കൂളായി പ്രവർത്തിക്കുന്ന ഒരു സ്കൂളുമുണ്ട്.
ന്യൂ സൗത്ത് വെയിൽസിലാണ് ഏറ്റവും കൂടുതൽ സെലക്ടീവ് എൻട്രി സ്കൂളുകൾ ഉള്ളത്. പൂർണമായും സെലക്ടീവ് എൻട്രിക്കായുള്ള 21 സ്കൂളുകളും, ഭാഗികമായി സെലക്ടീവ് എൻട്രിക്കായുള്ള 26 സ്കൂളുകളുമാണ് സംസ്ഥാനത്തുള്ളത്. ഇത് വഴി ഏഴാം ക്ലാസ്സിലേക്ക് 4,196 പേർക്ക് പ്രവേശനം ലഭിക്കാൻ അവസരമുണ്ട്.

സെലക്ടീവ് എൻട്രി ഹൈ സ്കൂൾ പരീക്ഷകൾ
സെലക്ടിവ് എൻട്രി സ്കൂളുകളിലേക്ക് പ്രവേശനം തേടുന്നത് ആയിരക്കണക്കിന് പേരാണെന്നും, 15,000 ലേറെ അപേക്ഷയാണ് വിദ്യാഭ്യാസ വകുപ്പിന് ലഭിക്കാറുള്ളതെന്നും NSW വിദ്യാഭ്യാസ വകുപ്പിലെ ചീഫ് എഡ്യൂക്കേഷൻ ഓഫീസർ ബെൻ നോർത്ത് പറഞ്ഞു.
ന്യൂ സൗത്ത് വെയിൽസിൽ ഈ വർഷം സെലക്ടീവ് ഹൈ സ്കൂൾ പ്ലെയ്സ്മെന്റ് ടെസ്റ്റ് എന്ന പരീക്ഷ നടത്താൻ ഉദ്ദേശിക്കുന്നതായും ബെൻ നോർത്ത് പറഞ്ഞു.
കുട്ടികളുടെ ചിന്താശക്തിയും, ഗണിതശാസ്ത്രത്തിലുള്ള മികവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിക്ടോറിയയിലെ സെലക്ടീവ് എൻട്രി ഹൈ സ്കൂൾ പരീക്ഷയിൽ അഞ്ച് പരീക്ഷകളാണുള്ളത്. വെർബൽ റീസണിംഗ്, ന്യുമെറിക്കൽ റീസണിംഗ്, ക്രിയേറ്റിവ് റൈറ്റിങ്, റീഡിംഗ് കോംപ്രിഹെൻഷൻ, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലാണ് പരീക്ഷ.

സെലക്ടീവ് സ്കൂളുകൾ നല്ലതാണോ?
ഓസ്‌ട്രേലിയയിലെ സെലക്ടീവ് സ്കൂളുകളിൽ നല്ലൊരു ശതമാനം കുടിയേറിയെത്തിയവരുടെ കുട്ടികളാണെന്ന് ഓസ്‌ട്രേലിയൻ വിദ്യാഭ്യാസ സംവിധാനത്തിന്റെ വിവിധ മേഖലകളിൽ ഗവേഷണം നടത്തുന്ന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി സിഡ്‌നിയിലെ അസ്സോസിയേറ്റ് പ്രൊഫസർ ക്രിസ്റ്റിൻ ഹോ പറഞ്ഞു.
വിദ്യാഭ്യാസത്തിന് കൂടുതൽ മൂല്യം കൊടുക്കുന്നവരാണ് ഇവരുടെ മാതാപിതാക്കൾ.
എന്നാൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കുട്ടികളെ തുടർച്ചയായി നിർബന്ധിക്കുന്നത്, അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും ഹോ ചൂണ്ടിക്കാട്ടി.

കുട്ടികൾക്ക് ട്യൂഷൻ ആവശ്യമോ?
ദീർഘനേരമുള്ളതും ചിലവേറിയതുമായ ട്യൂഷൻ ക്ലാസ്സുകളിൽ കുട്ടികളെ അയയ്ക്കുന്നതിനെ വിദ്യാഭ്യാസ വകുപ്പ് പ്രോത്സാഹിപ്പിക്കുന്നില്ല.
വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ തന്നെ സെലക്ടീവ് എൻട്രി സ്കൂളുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കാൻ ആവശ്യമായ സാമ്പിൾ പരീക്ഷകളും, പഠനസഹായിയും ലഭ്യമാണെന്നും ബെൻ പറഞ്ഞു.
ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, ക്വീൻസ്ലാൻറ്, വെസ്റ്റേൺ ഓസ്ട്രേലിയ എന്നിവിടങ്ങളിലെ സെലക്ടീവ് എൻട്രി സ്കൂളുകളെക്കുറിച്ചും, സാമ്പിൾ പരീക്ഷകളെക്കുറിച്ചും വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് കൂടുതൽ അറിയാം.

