2017 ഒക്ടോബർ 25 -നാണ് അബ്ദുൽ ബാസിത് എന്ന ഇന്ത്യൻ വംശജൻ ബ്രിസ്‌ബൈനിലെ കുറബിയിലുള്ള അദ്ദേഹത്തിന്റെ വീടിനു മുന്നിൽ കുത്തേറ്റു മരിച്ചത്. സംഭവ ദിവസം രാത്രി 12.30 യോടെ ബസിത്തിന്റെ വീട്ടിലെ വൈദ്യുതി ബന്ധം തകരാറിലായിരുന്നു. ഇത് പരിശോധിക്കാനായി വീടിന്റെ മുൻ ഭാഗത്തേക്ക് ഇറങ്ങിയ ബാസിത്തിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ ഗുരുതരമായ പരിക്കുകളും പോലീസ് കണ്ടെത്തിയിരുന്നു.
സംഭവം നടക്കുന്ന സമയത്ത് 35 വയസുകാരനായ ബാസിത്തിന്റെ ഭാര്യയും നാല് കുട്ടികളും വീടിനുള്ളിൽ ഉറങ്ങുകയായിരുന്നു.
ബ്രിസ്‌ബൈനിൽ ഇന്ത്യൻ ആൻഡ് മിഡ്‌ഡിൽ ഈസ്റ്റ് റെസ്റ്റോറന്റ് ഉടമയായിരുന്ന ബാസിത്തിന്റെ കൊലപാതകികളെക്കുറിച്ച് ഇതുവരെ തുമ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചത്. സംഭവത്തെക്കുറിച്ച് നിർണായകമായ വിവരം നല്കുന്നവർക്കാണ് 250,000 ഡോളർ പാരിതോഷികം.
ഇതേക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ പോലീസിനെ ബന്ധപ്പെടണമെന്നും ഇതുവഴി സംഭവവുമായി നേരിട്ട് ബന്ധമുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിയുമെന്നും ഡിറ്റക്റ്റീവ് ആക്ടിങ് സൂപ്രണ്ട് ക്രെയ്ഗ് മോറോ പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളോ, മറ്റെന്തെങ്കിലും വിവരമോ ഉള്ളവർ എത്രയും വേഗം 1800 333 000 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സിനെ ബന്ധപ്പെടണമെന്ന് ക്വീൻസ്ലാൻറ് പോലീസ് അറിയിച്ചു.
Share

